അൽ-വഹിയു 5  

മുദ്രിതഗ്രന്ഥവും കുഞ്ഞാടും

5 1സിംഹാസനസ്ഥന്റെ വലത്തുകൈയില്‍, അകത്തും പുറത്തും എഴുതപ്പെട്ടതും സപ്ത മുദ്രകള്‍ പതിച്ചതുമായ ഒരു പുസ്തകച്ചുരുള്‍ ഞാന്‍ കണ്ടു. 2ശക്തനായ ഒരു മലക്കിനെയും ഞാന്‍ കണ്ടു. അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചു പറഞ്ഞു: ഈ ചുരുള്‍ നിവര്‍ത്താനും അതിന്റെ മുദ്രകള്‍ പൊട്ടിക്കാനും അര്‍ഹതയുള്ള ആരുണ്ട്? 3എന്നാല്‍, ജന്നത്തിലോ ദുനിയാവിലോ ഭൂമിക്കടിയിലോ ഉള്ള ആര്‍ക്കും ഈ ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോ കഴിഞ്ഞില്ല. 4ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോ യോഗ്യനായി ആരെയും കണ്ടെത്താഞ്ഞതിനാല്‍ ഞാന്‍ വളരെയേറെക്കരഞ്ഞു. 5അപ്പോള്‍ ശ്രേഷ്ഠന്‍മാരിലൊരാള്‍ എന്നോടു പറഞ്ഞു: കരയാതിരിക്കൂ; ഇതാ, യൂദാ വംശത്തില്‍ നിന്നുള്ള സിംഹവും ദാവൂദിൻറെ വേരും ആയവന്‍ വിജയിച്ചിരിക്കുന്നു. അവനു ചുരുള്‍ നിവര്‍ത്താനും സപ്തമുദ്രകള്‍ പൊട്ടിക്കാനും കഴിയും.

6അപ്പോള്‍, സിംഹാസനത്തിന്റെയും നാലു ജീവികളുടെയും മധ്യേ, ശ്രേഷ്ഠന്‍മാരുടെ നടുവില്‍, കൊല്ലപ്പെട്ടതായി തോന്നുന്ന ഒരു കുഞ്ഞാടു നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവന് ഏഴു കൊമ്പുകളും ഏഴു കണ്ണുകളും ഉണ്ട്; ഈ കണ്ണുകള്‍ ലോകമെമ്പാടും അയയ്ക്കപ്പെട്ട അള്ളാഹുവിൻറെ സപ്താത്മാക്കളാണ്. 7അവന്‍ ചെന്നു സിംഹാസനസ്ഥന്റെ വലത്തു കൈയില്‍നിന്നു ചുരുള്‍ വാങ്ങി. 8അവന്‍ അതു സ്വീകരിച്ചപ്പോള്‍ നാലു ജീവികളും ഇരുപത്തിനാലു ശ്രേഷ്ഠന്‍മാരും കുഞ്ഞാടിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു. ഓരോരുത്തരും വീണയും വിശുദ്ധരുടെ ദുആകളാകുന്ന പരിമള ദ്രവ്യം നിറഞ്ഞ സ്വര്‍ണ കലശങ്ങളും കൈയിലേന്തിയിരുന്നു. 9അവര്‍ ഒരു നവ്യ ഗാനം ആലപിച്ചു: പുസ്‌കതകച്ചുരുള്‍ സ്വീകരിക്കാനും അതിന്റെ മുദ്രകള്‍ തുറക്കാനും നീ യോഗ്യനാണ്. കാരണം, നീ വധിക്കപ്പെടുകയും നിന്റെ രക്തംകൊണ്ട് എല്ലാ ഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലും നിന്നുള്ളവരെ അള്ളാഹുവിനു വേണ്ടി വിലയ്ക്കു വാങ്ങുകയും ചെയ്തു. 10നീ അവരെ നമ്മുടെ റബ്ബിന് ഒരു രാജ്യവും ഇമാംമാരും ആക്കി. അവന്‍ ഈ ദുനിയാവിൻറെമേല്‍ ഭരണം നടത്തും.

11പിന്നെ, ഞാന്‍ സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്ഠന്‍മാരുടെയും ചുറ്റും അനേകം മലക്കുകളെ കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളും ആയിരുന്നു. 12ഉച്ചസ്വരത്തില്‍ ഇവര്‍ ഉദ്‌ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാടു (അള്ളാഹുവിൻറെ ഖുർബാനി) ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്.

13ജന്നത്തിലും ദുനിയാവിലും ഭൂമിക്കടിയിലും സമുദ്രത്തിലും ഉള്ള എല്ലാ സൃഷ്ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു; സിംഹാസനസ്ഥനും കുഞ്ഞാടിനും എന്നേക്കും സ്തുതിയും ബഹുമാനവും മഹത്വവും ആധിപത്യവും.

14നാലു ജീവികളും ആമേന്‍ എന്നു പ്രതിവചിച്ചു. ശ്രേഷ്ഠന്‍മാര്‍ സാഷ്ടാംഗം വീണ് ഇബാദത്ത് ചെയ്തു.