അൽ-വഹിയു 4  

ജന്നത്ത് ദര്‍ശനം

4 1ഇതിനുശേഷം ജന്നത്തില്‍ ഒരു തുറന്ന വാതില്‍ ഞാന്‍ കണ്ടു. കാഹള ധ്വനിപോലെ ഞാന്‍ ആദ്യംകേട്ട സ്വരം എന്നോടു പറഞ്ഞു: ഇങ്ങോട്ടു കയറി വരൂ; ഇനിയും സംഭവിക്കേണ്ടവ നിനക്കു ഞാന്‍ കാണിച്ചുതരാം. 2പെട്ടെന്ന് ഞാന്‍ റൂഹാനിയനുഭൂതിയില്‍ ലയിച്ചു. അതാ, ജന്നത്തില്‍ ഒരു സിംഹാസനം ഒരുക്കപ്പെട്ടിരിക്കുന്നു. സിംഹാസനത്തില്‍ ഒരുവന്‍ ഇരിക്കുന്നു. 3സിംഹാസനസ്ഥന്‍ കാഴ്ചയില്‍ സൂര്യകാന്തം പോലെയും മാണിക്യം പോലെയും ആയിരുന്നു. സിംഹാസനത്തിനു ചുറ്റും മരതകം പോലെയുള്ള ഒരു മഴവില്ലും കാണപ്പെട്ടു. 4ആ സിംഹാസനത്തിനു ചുറ്റും ഇരുപത്തിനാലു സിംഹാസനങ്ങള്‍. അവയില്‍ ധവള വസ്ത്രധാരികളായ ഇരുപത്തിനാലു ശ്രേഷ്ഠന്‍മാര്‍. അവരുടെ ശിരസ്‌സില്‍ സ്വര്‍ണകിരീടങ്ങള്‍. 5സിംഹാസനത്തില്‍ നിന്നു മിന്നല്‍ പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും പുറപ്പെടുന്നു. സിംഹാസനത്തിനു മുമ്പില്‍ ജ്വലിക്കുന്ന ഏഴു തീപ്പന്തങ്ങള്‍; ഇവ അള്ളാഹുവിന്റെ സപ്താത്മാക്കളാണ്. 6സിംഹാസനത്തിനു മുമ്പില്‍ ഒരു പളുങ്കുകടല്‍. സിംഹാസനത്തിന്റെ മധ്യത്തിലും ചുററിലുമായി നാലു ജീവികള്‍; അവയ്ക്കു മുമ്പിലും പിമ്പിലും നിറയെ കണ്ണുകള്‍.

7ഒന്നാമത്തെ ജീവി സിംഹത്തെപ്പോലെ; രണ്ടാമത്തേതു കാളയെപ്പോലെ; മൂന്നാമത്തേതിനു മനുഷ്യന്‍റതുപോലുള്ള മുഖം. നാലാമത്തേതു പറക്കുന്ന കഴുകനെപ്പോലെ. 8ഈ നാലു ജീവികള്‍ക്കും ആറു ചിറകുകള്‍ വീതം. ചുറ്റിലും ഉള്ളിലും നിറയെ കണ്ണുകള്‍, രാപകല്‍ ഇടവിടാതെ അവ ഉദ്‌ഘോഷിക്കുന്നു: ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനും റബ്ബുൽ ആലമീൻ മഅബൂദ് അള്ളാ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍.

9ആ ജീവികള്‍ സിംഹാസനസ്ഥന്, നിത്യം ജീവിക്കുന്നവന്, മഹത്വവും ബഹുമാനവും സ്തുതിയും നല്‍കിയപ്പോഴെല്ലാം 10ആ ഇരുപത്തിനാലു ശ്രേഷ്ഠന്‍മാര്‍ സിംഹാസനസ്ഥന്റെ മുമ്പില്‍ വീണ്, നിത്യം ജീവിക്കുന്നവനെ സാഷ്ടാംഗം പ്രണമിക്കുകയും തങ്ങളുടെ കിരീടങ്ങള്‍ സിംഹാസനത്തിനു മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തിരുന്നു: 11ഞങ്ങളുടെ മഅബൂദും റബ്ബുൽ ആലമീനുമായ അവിടുന്നു മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാന്‍ അര്‍ഹനാണ്. അങ്ങു സര്‍വ്വവും സൃഷ്ടിച്ചു. അങ്ങയുടെ ഹിതമനുസരിച്ച് അവയ്ക്ക് അസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു.