അൽ-വഹിയു 21  

പുതിയ ബൈത്തുൽ മുഖദ്ദിസ്

21 1ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി. 2ഖുദ്ദൂസി നഗരമായ പുതിയ ബൈത്തുൽ മുഖദ്ദസ് പുതിയാപ്ലക്കായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, ജന്നത്തില്‍ നിന്ന്, അള്ളാഹുവിൻറെ സന്നിധിയില്‍ നിന്ന്, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. 3സിംഹാസനത്തില്‍ നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, അള്ളാഹുവിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടുകൂടെ ആയിരിക്കുകയും ചെയ്യും. 4അവിടുന്ന് അവരുടെ മിഴികളില്‍ നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.

5സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്. 6പിന്നെ അവന്‍ എന്നോടു പറഞ്ഞു: സംഭവിച്ചു കഴിഞ്ഞു. ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്- ആദിയും അന്തവും. ദാഹിക്കുന്നവനു ജീവജലത്തിന്റെ ഉറവയില്‍ നിന്നു സൗജന്യമായി ഞാന്‍ കൊടുക്കും. 7വിജയം വരിക്കുന്നവന് ഇവയെല്ലാം അവകാശമായി ലഭിക്കും. ഞാന്‍ അവനു മഅബൂദും അവന്‍ എനിക്കു മകനുമായിരിക്കും. 8എന്നാല്‍ ഭീരുക്കള്‍, ഖാഫിറുകള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.

സുബർഗത്തിലെ ബൈത്തുൽ മുഖദ്ദസ്

9അവസാനത്തെ ഏഴു മഹാമാരികള്‍ നിറഞ്ഞ ഏഴു പാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു മലക്കുകളില്‍ ഒരുവന്‍ വന്ന് എന്നോടു പറഞ്ഞു: വരൂ! കുഞ്ഞാടിന്റെ മണവാട്ടിയെ നിനക്കു ഞാന്‍ കാണിച്ചു തരാം. 10അനന്തരം, അവന്‍ ഉയരമുള്ള വലിയ ഒരു മലയിലേക്ക് റൂഹിനാല്‍ എന്നെ കൊണ്ടുപോയി. ജന്നത്തില്‍ നിന്ന്, അള്ളാഹുവിൻറെ സന്നിധിയില്‍ നിന്ന്, ഇറങ്ങിവരുന്ന വിശുദ്ധ നഗരിയായ ജറുസലെമിനെ എനിക്കു കാണിച്ചുതന്നു. 11അതിനു അള്ളാഹുവിന്റെ തേജസ്‌സുണ്ടായിരുന്നു. അതിന്റെ തിളക്കം അമൂല്യമായ രത്‌നത്തിനും സൂര്യ കാന്തക്കല്ലിനുമൊപ്പം. അതു സ്ഫടികം പോലെ നിര്‍മലം. 12അതിനു ബൃഹത്തും ഉന്നതവുമായ മതിലും പന്ത്രണ്ടു കവാടങ്ങളും ഉണ്ടായിരുന്നു. ആ കവാടങ്ങളില്‍ പന്ത്രണ്ടു മലക്കുകൾ. കവാടങ്ങളില്‍ ഇസ്രായിലാഹ് മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകള്‍ എഴുതപ്പെട്ടിരുന്നു. 13കിഴക്കു മൂന്നു കവാടങ്ങള്‍, വടക്കു മൂന്നു കവാടങ്ങള്‍, തെക്കു മൂന്നു കവാടങ്ങള്‍, പടിഞ്ഞാറു മൂന്നു കവാടങ്ങള്‍. 14നഗരത്തിന്റെ മതിലിനു പന്ത്രണ്ട് അടിസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു; അവയിന്‍മേല്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് റസൂലുമാരുടെ പേരുകളും.

15എന്നോടു സംസാരിച്ചവന്റെ അടുക്കല്‍ നഗരവും അതിന്റെ കവാടങ്ങളും മതിലുകളും അളക്കാന്‍, സ്വര്‍ണം കൊണ്ടുള്ള അളവുകോല്‍ ഉണ്ടായിരുന്നു. 16നഗരം സമ ചതുരമായി സ്ഥിതിചെയ്യുന്നു. അതിനു നീളത്തോളം തന്നെ വീതി. അവന്‍ ആ ദണ്‍ഡുകൊണ്ടു നഗരം അളന്നു- പന്തീരായിരം സ്താദിയോണ്‍. അതിന്റെ നീളവും വീതിയും ഉയരവും തുല്യം. 17അവന്‍ അതിന്റെ മതിലും അളന്നു: മനുഷ്യന്റെ തോതനുസരിച്ച് നൂറ്റിനാല്‍പ്പത്തിനാല് മുഴം; അതു തന്നെയായിരുന്നു മലക്കിന്റെ തോതും. 18മതില്‍ സൂര്യകാന്തം കൊണ്ട്. നഗരം തനി സ്വര്‍ണം കൊണ്ടു നിര്‍മിച്ചതും സ്ഫടികതുല്യം നിര്‍മലവുമായിരുന്നു. 19നഗരമതിലിന്റെ അടിസ്ഥാനങ്ങള്‍ എല്ലാത്തരം രത്‌നങ്ങള്‍കൊണ്ട് അലംകൃതം. ഒന്നാമത്തെ അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേത് ഇന്ദ്രനീലം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേത് മരതകം, 20അഞ്ചാമത്തേത് ഗോമേദകം ആ റാമത്തേതു മാണിക്യം, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേത് പത്മരാഗം, ഒമ്പതാമത്തേത് പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു വജ്രം. പന്ത്രണ്ടാമത്തേത് സൗഗന്ധികം. 21പന്ത്രണ്ടു കവാടങ്ങള്‍ പന്ത്രണ്ടു മുത്തുകളായിരുന്നു. കവാടങ്ങളിലോരോന്നും ഓരോ മുത്തുകൊണ്ട് ഉണ്ടാക്കപ്പെട്ടിരുന്നു. നഗരത്തിന്റെ തെരുവീഥി സ്വച്ഛസ്ഫടികതുല്യമായ തനിത്തങ്കമായിരുന്നു.

22നഗരത്തില്‍ ഞാന്‍ ദേവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാല്‍, സര്‍വശക്തനും മഅബൂദുമായ റബ്ബുൽ ആലമീനും കുഞ്ഞാടുമാണ് അതിലെ ബൈത്തുള്ള. 23നഗരത്തിനു പ്രകാശം നല്‍കാന്‍ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമുണ്ടായിരുന്നില്ല. അള്ളാഹുവിൻറെ ഷഖീന അതിനെ പ്രകാശിപ്പിച്ചു. 24അതിന്റെ ദീപം കുഞ്ഞാടാണ്. അതിന്റെ പ്രകാശത്തില്‍ ജനതകള്‍ സഞ്ചരിക്കും. ഭൂമിയിലെ രാജാക്കന്‍മാര്‍ തങ്ങളുടെ മഹത്വം അതിലേക്കുകൊണ്ടുവരും. 25അതിന്റെ കവാടങ്ങള്‍ പകല്‍ സമയം അടയ്ക്കപ്പെടുകയില്ല. അവിടെയാകട്ടെ രാത്രി ഇല്ലതാനും. 26ജനതകള്‍ തങ്ങളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും. 27എന്നാല്‍, കുഞ്ഞാടിന്റെ ജീവ ഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ടവര്‍ മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധമായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല.