അൽ-വഹിയു 11  

രണ്ടു സാക്ഷികള്‍

11 1ദണ്‍ഡു പോലുള്ള ഒരു മുഴക്കോല്‍ എനിക്കു നല്‍കപ്പെട്ടു. ഞാന്‍ ഇങ്ങനെ കേള്‍ക്കുകയും ചെയ്തു: നീ എഴുന്നേറ്റ് അള്ളാഹുവിന്റെ ബൈത്തുള്ളയും ഖുർബാനി പീഠത്തെയും അവിടെ ഇബാദത്ത് ചെയ്യുന്നവരെയും അളക്കുക. 2ബൈത്തുൽ ഇലാഹിൻറെ മുറ്റം അളക്കേണ്ടാ. കാരണം, അതു ജനതകള്‍ക്കു നല്‍കപ്പെട്ടതാണ്. നാല്‍പത്തിരണ്ടു മാസം അവര്‍ വിശുദ്ധ നഗരത്തെ ചവിട്ടി മെതിക്കും. 3ചാക്കുടുത്ത് ആയിരത്തിയിരുനൂറ്റിയറുപതു ദിവസം പ്രവചിക്കാന്‍ ഞാന്‍ എന്റെ രണ്ടു സാക്ഷികള്‍ക്ക് അനുവാദം കൊടുക്കും.

4അവര്‍ ഭൂമിയുടെ നാഥന്റെ മുമ്പില്‍ നില്‍ക്കുന്ന രണ്ട് ഒലിവു മരങ്ങളും രണ്ടു ദീപ പീഠങ്ങളും ആണ്. 5ആരെങ്കിലും അവരെ ഉപദ്രവിക്കാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍നിന്ന് അഗ്‌നി പുറപ്പെട്ടു ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെ ഉപദ്രവിക്കാന്‍ പുറപ്പെടുന്നവര്‍ ഇങ്ങനെ കൊല്ലപ്പെടണം. 6തങ്ങളുടെ പ്രവചന ദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍ വേണ്ടി ആകാശം അടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ജലാശയങ്ങളെ രക്തമാക്കി മാറ്റാനും, ആഗ്രഹിക്കുമ്പോഴൊക്കെ സകല മഹാമാരികളും കൊണ്ടു ഭൂമിയെ പീഡിപ്പിക്കാനും അവര്‍ക്കധികാരം ഉണ്ട്. 7അവര്‍ തങ്ങളുടെ സാക്ഷ്യം നിറവേറ്റിക്കഴിയുമ്പോള്‍ പാതാളത്തില്‍ നിന്നു കയറിവരുന്ന മൃഗം അവരോടു യുദ്ധം ചെയ്ത് അവരെ കീഴടക്കി കൊല്ലും. 8സോദോം എന്നും ഈജിപ്ത് എന്നും പ്രതീകാര്‍ഥത്തില്‍ വിളിക്കുന്ന മഹാനഗരത്തിന്റെ തെരുവില്‍ അവരുടെ മൃതദേഹം കിടക്കും. അവിടെ വച്ചാണ് അവരുടെ നാഥന്‍ ക്രൂശിക്കപ്പെട്ടത്. 9ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും രാജ്യങ്ങളിലും നിന്നുള്ളവര്‍ മൂന്നര ദിവസം അവരുടെ മൃതദേഹങ്ങള്‍ നോക്കി നില്‍ക്കും. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അവര്‍ അനുവദിക്കുകയില്ല. 10ഭൂവാസികള്‍ അവരെക്കുറിച്ചു സന്തോഷിക്കും. ആഹ്ലാദം പ്രകടിപ്പിച്ച് അവര്‍ അന്യോന്യം സമ്മാനങ്ങള്‍ കൈമാറും. കാരണം, ഇവരാണ് ഭൂമിയില്‍ വസിക്കുന്നവരെ പീഡിപ്പിച്ചിരുന്ന രണ്ടു പ്രവാചകന്‍മാര്‍. 11മൂന്നര ദിവസത്തിനു ശേഷം അള്ളാഹുവില്‍ നിന്നുള്ള റൂഹുള്ള അവരില്‍ പ്രവേശിച്ചു. അവര്‍ എഴുന്നേറ്റു നിന്നു. അവരെ നോക്കി നിന്നവര്‍ വല്ലാതെ ഭയപ്പെട്ടു. 12ജന്നത്തില്‍ നിന്നു വലിയ ഒരു സ്വരം തങ്ങളോട് ഇങ്ങനെ പറയുന്നത് അവര്‍ കേട്ടു: ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ശത്രുക്കള്‍ നോക്കി നില്‍ക്കേ അവര്‍ ഒരു മേഘത്തില്‍ ജന്നത്തിലേക്കു കയറി. 13ആ മണിക്കൂറില്‍ വലിയ ഭൂകമ്പ മുണ്ടായി. പട്ടണത്തിന്റെ പത്തിലൊന്ന് നിലം പതിച്ചു. മനുഷ്യരില്‍ ഏഴായിരം പേര്‍ കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ ഭയവിഹ്വലരായി, ജന്നത്തിൻറെ നാഥനായ അള്ളാഹുവിനെ മഹത്വപ്പെടുത്തി. 14രണ്ടാമത്തെ ദുരിതം കടന്നുപോയി. ഇതാ, മൂന്നാമത്തെ ദുരിതം വേഗം വരുന്നു.

ഏഴാമത്തെ കാഹളം

15ഏഴാമത്തെ മലക്ക് കാഹളം മുഴക്കി. അപ്പോള്‍ ജന്നത്തില്‍ വലിയ സ്വരങ്ങളുണ്ടായി: ദുനിയാവിന്റെ ഭരണാധികാരം നമ്മുടെ റബ്ബുൽ ആലമീൻറേതും അവിടുത്തെ അഭിഷിക്തന്‍റതും ആയിരിക്കുന്നു. അവിടുന്ന് എന്നേക്കും ഭരിക്കും. 16അപ്പോള്‍ അള്ളാഹുവിൻറെ സന്നിധിയില്‍ സിംഹാസനങ്ങളിലിരിക്കുന്ന ഇരുപത്തിനാലു ശ്രേഷ്ഠന്‍മാര്‍ സാഷ്ടാംഗം പ്രണമിച്ചു. അവര്‍ അള്ളാഹുവിന് ഇബാദത്ത് ചെയ്തു കൊണ്ടു പറഞ്ഞു:

17ആയിരുന്നവനും ആയിരിക്കുന്നവനും സര്‍വശക്തനും റബ്ബുൽ ആലമീനായ തമ്പുരാനേ, അങ്ങേക്കു ഞങ്ങള്‍ നന്ദി പറയുന്നു. എന്തെന്നാല്‍, അങ്ങു വലിയ ശക്തി പ്രയോഗിക്കാനും ഭരിക്കാനും തുടങ്ങിയല്ലോ. 18ജനതകള്‍ രോഷാകുലരായി. അങ്ങയുടെ ക്രോധം സമാഗതമായി. ഖബറിലുള്ളവരെ വിധിക്കാനും അങ്ങയുടെ ദാസരായ അംബിയാ നബിമാര്‍ക്കും വിശുദ്ധര്‍ക്കും അങ്ങയുടെ നാമത്തെ ഭയപ്പെടുന്ന ചെറിയവര്‍ക്കും വലിയവര്‍ക്കും പ്രതിഫലം നല്‍കാനും ഭൂമിയെ നശിപ്പിക്കുന്നവരെ ഉന്‍മൂലനം ചെയ്യാനുമുള്ള സമയവും സമാഗതമായി.

19അപ്പോള്‍, ജന്നത്തില്‍ അള്ളാഹുവിന്റെ ആലയം തുറക്കപ്പെട്ടു. അതില്‍ അവിടുത്തെ വാഗ്ദാന പേടകം കാണായി. മിന്നല്‍ പിണരുകളും ഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂകമ്പവും വലിയ കന്‍മഴയും ഉണ്ടായി.