അൽ-സബൂർ 86

സഹായത്തിന് ആരുമില്ലാത്തവൻ ദുആയിരക്കുന്നത്

86

1യാ റബ്ബുൽ ആലമീൻ, ചെവിചായിച്ച് എനിക്ക് ഇജാപത്ത് തരേണമേ! ഞാന്‍ മിസ്കീനും സഹായത്തിന് ആരുമില്ലാത്തവനുമാണ്.

2എന്റെ റൂഹിനെ സംരക്ഷിക്കണമേ,ഞാന്‍ അങ്ങയോട് തഖ് വയുള്ളവനാണ്; അങ്ങയില്‍ ആശ്രയിക്കുന്ന ഈ അടിയനെ രക്ഷിക്കണമേ! അങ്ങാണ് എന്റെ ഇലാഹ്.

3യാ റബ്ബുൽ ആലമീൻ, എന്നോടു റഹ്മത്ത് കാണിക്കണമേ! ദിവസം മുഴുവനും ഞാന്‍ അങ്ങയെ വിളിച്ച് ദുആ ഇരക്കുന്നു.

4അങ്ങയുടെ ദാസന്റെ നഫ്സിനെ റാഹത്തിലാക്കണമേ! യാ റബ്ബുൽ ആലമീൻ, ഞാന്‍ അങ്ങയിലേക്ക്എന്റെ ഖൽബിനെ ഉയര്‍ത്തുന്നു.

5യാ റബ്ബുൽ ആലമീൻ, അങ്ങു നല്ലവനും സ്വാബിറുമാണ്; അങ്ങയെ വിളിച്ച് ദുആ ഇരക്കുന്നവരോട് അങ്ങു പെരുത്ത് റഅ്ഫത്ത് കാണിക്കുന്നു.

6യാ റബ്ബുൽ ആലമീൻ, എന്റെ ദുആ കേള്‍ക്കണമേ! എന്റെ യാചനയുടെ സൌത്ത് ശ്രദ്ധിക്കണമേ!

7ആഫത്ത് മുസീബത്ത് കാലങ്ങളിൽ ഞാന്‍ അങ്ങയെ വിളിക്കുന്നു; അങ്ങ് എനിക്ക് ഇജാപത്ത് തരുന്നു.

8യാ റബ്ബുൽ ആലമീൻ, ആലിഹത്തിൽ അങ്ങേക്കു നിദ്ദായി ആരുമില്ല; അങ്ങയുടെ അഫ്ആലിനു തുല്യമായി മറ്റൊന്നില്ല.

9യാ റബ്ബുൽ ആലമീൻ, അങ്ങു സൃഷ്ടിച്ച ഖൌമുകള്‍വന്ന് അങ്ങയുടെ മുമ്പിൽ സുജൂദ് ചെയ്ത് ഇബാദത്ത് ചെയ്യും; അവര്‍ അങ്ങയുടെ ഇസ്മിനെ തംജീദ് ചെയ്യും.

10എന്തെന്നാല്‍, അങ്ങു വലിയവനാണ്. അജബു നിറഞ്ഞ കാര്യങ്ങള്‍ അങ്ങു നിര്‍വഹിക്കുന്നു; അങ്ങുമാത്രമാണു ഇലാഹ്.

11യാ റബ്ബുൽ ആലമീൻ, ഞാന്‍ അങ്ങയുടെ ഹഖായ വഴിയിൽ നടക്കേണ്ടതിന് അങ്ങയുടെ സബീൽ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ ഇസ്മിനെ ഭയപ്പെടാന്‍ എന്റെ ഖൽബിനെ ഏകാഗ്രമാക്കണമേ!

12എന്റെ ഇലാഹായ റബ്ബേ, കാമിലായ ഖൽബോടെ ഞാന്‍ അങ്ങേക്കു ശുക്ർ പറയുന്നു; അങ്ങയുടെ ഇസ്മിനെ ഞാന്‍ എന്നും തംജീദ് ചെയ്യും

13എന്നോട് അങ്ങു കാണിക്കുന്ന റഹ്മത്ത് വലുതാണ്; ഖബ്റിന്റെ കുണ്ടിൽ നിന്ന് അവിടുന്ന് എന്റെ റൂഹിനെ രക്ഷിച്ചു.

14ഇലാഹേ, കിബ്റന്മാർ എന്നെ എതിര്‍ക്കുന്നു; കല്ലുപോലെ ഉറച്ചുപോയ ഖൽബുള്ളവർ എന്റെ ജീവനെ വേട്ടയാടുന്നു; അവര്‍ക്ക് അങ്ങയെപ്പറ്റി ദിക്റും ഫിക്റുമില്ല.

15എന്നാല്‍ യാ റബ്ബുൽ ആലമീൻ, അങ്ങു റഹ്മാനും റഊഫുമായ റബ്ബാണ്; അങ്ങു സ്വാബിറും വദൂദും അമീനുമാണ്.

16എന്നിലേക്ക് റഅ്ഫത്തോടെ തിരിയണമേ! ഈ അടിയാന് അങ്ങയുടെ ഖുവ്വത്ത് നല്‍കണമേ!

17അങ്ങയുടെ അടിയാത്തിയുടെ പുത്രനെ രക്ഷിക്കണമേ! അങ്ങയുടെ റഹ്മത്തിന്റെ അടയാളം കാണിക്കണമേ! എന്നെ വെറുക്കുന്നവര്‍ അതു കണ്ടു നാണിക്കട്ടെ! യാ റബ്ബുൽ ആലമീൻ, അങ്ങ് എന്നെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.