അൽ-സബൂർ 6

ദുഃഖിതന്റെ വിലാപം

6 1യാ റബ്ബ്ൽ ആലമീൻ, കോപത്തോടെ എന്നെ ശകാരിക്കരുതേ! ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ! 2യാ റബ്ബ്ൽ ആലമീൻ, ഞാന്‍ തളര്‍ന്നിരിക്കുന്നു,എന്നോടു കരുണ തോന്നണമേ! യാ റബ്ബ്ൽ ആലമീൻ, എന്റെ അസ്ഥികള്‍ ഇളകിയിരിക്കുന്നു, എന്നെ സുഖപ്പെടുത്തണമേ! 3എന്റെ റൂഹ് അത്യന്തം അസ്വസ്ഥമായിരിക്കുന്നു; യാ റബ്ബ്ൽ ആലമീൻ, ഇനിയും എത്രനാള്‍!

4യാ റബ്ബ്ൽ ആലമീൻ, എന്റെ ജീവന്‍ രക്ഷിക്കാന്‍ വരണമേ! അങ്ങയുടെ റഹ്മത്തിനാൽ എന്നെ മോചിപ്പിക്കണമേ! 5മൃതരുടെ ലോകത്ത് ആരും അങ്ങയെ അനുസ്മരിക്കുന്നില്ല; പാതാളത്തില്‍ ആര് അങ്ങയെ സ്തുതിക്കും?

6കരഞ്ഞു കരഞ്ഞു ഞാന്‍ തളര്‍ന്നു, രാത്രി തോറും ഞാന്‍ കണ്ണീരൊഴുക്കി, എന്റെ തലയണ കുതിര്‍ന്നു, കണ്ണീരുകൊണ്ട് എന്റെ കിടക്ക നനഞ്ഞു. 7ദുഃഖം കൊണ്ട് എന്റെ കണ്ണുമങ്ങുന്നു; ശത്രുക്കള്‍ നിമിത്തം അതു ക്ഷയിക്കുന്നു.

8അധര്‍മികളേ, എന്നില്‍ നിന്ന് അകന്നു പോകുവിന്‍ ; റബ്ബ്ൽ ആലമീൻ എന്റെ വിലാപം കേട്ടിരിക്കുന്നു. 9റബ്ബ്ൽ ആലമീൻ എന്റെ യാചന ശ്രവിക്കുന്നു; അവിടുന്ന് എന്റെ ദുആ കൈക്കൊള്ളുന്നു. 10എന്റെ സകല ശത്രുക്കളും ലജ്ജിച്ചു പരിഭ്രാന്തരാകും; അവര്‍ ക്ഷണത്തില്‍ അവമാനിതരായി പിന്‍വാങ്ങും.