അൽ-സബൂർ 5

സുബഹിക്കുള്ള ദുആ

5 1യാ റബ്ബ്ൽ ആലമീൻ, എന്റെ ദുആ ചെവിക്കൊള്ളണമേ! എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ! 2എന്റെ രാജാവേ, യാ മഅബൂദ്, എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ! അങ്ങയോടാണല്ലോ ഞാന്‍ ദുആ ഇരക്കുന്നത്. 3യാ റബ്ബേ, പ്രഭാതത്തില്‍ അങ്ങ് എന്റെ ദുആ കേള്‍ക്കുന്നു; പ്രഭാതത്തിൽ ഖുർബാനി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു.

4യാ മഅബൂദ് അങ്ങു ദുഷ്ടതയില്‍ പ്രസാദിക്കുന്നില്ല; തിന്‍മ അങ്ങയോടൊത്തു വസിക്കുകയില്ല. 5അഹങ്കാരികള്‍ അങ്ങയുടെ കണ്‍മുന്‍പില്‍ നില്‍ക്കുകയില്ല; അധര്‍മികളെ അങ്ങു വെറുക്കുന്നു. 6വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു; രക്ത ദാഹികളെയും വഞ്ചകരെയും റബ്ബ്ൽ ആലമീൻ വെറുക്കുന്നു.

7എന്നാല്‍, അവിടുത്തെ കാരുണ്യാതിരേകത്താല്‍ ഞാന്‍ അങ്ങയുടെ ആലയത്തില്‍ പ്രവേശിക്കും. ഭക്തിപൂര്‍വം ഞാന്‍ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനു നേരേ പ്രണമിക്കും; 8യാ റബ്ബ്ൽ ആലമീൻ, എന്റെ ശത്രുക്കള്‍ നിമിത്തം എന്നെ അങ്ങയുടെ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ! എന്റെ മുന്‍പില്‍ അങ്ങയുടെ പാത സുഗമമാക്കണമേ!

9അവരുടെ അധരങ്ങളില്‍ സത്യമില്ല; അവരുടെ ഹൃദയം നാശകൂപമാണ്. അവരുടെ തൊണ്ട തുറന്ന ഖബറിടമാണ്; അവരുടെ നാവില്‍ മുഖസ്തുതി മുറ്റിനില്‍ക്കുന്നു. 10യാ മഅബൂദ്, അവര്‍ക്കു കുറ്റത്തിനൊത്ത ശിക്ഷ നല്‍കണമേ! തങ്ങളുടെ കൗശലങ്ങളില്‍ത്തന്നെ അവര്‍ പതിക്കട്ടെ! അവരുടെ അതിക്രമങ്ങളുടെ ആധിക്യത്താല്‍ അവരെ തള്ളിക്കളയണമേ! അവര്‍ അങ്ങയെ ധിക്കരിച്ചിരിക്കുന്നു.

11അങ്ങയില്‍ ശരണം പ്രാപിക്കുന്നവര്‍ സന്തോഷിക്കട്ടെ! അവര്‍ എന്നും ആനന്ദഭരിതരായി സംഗീതമാലപിക്കട്ടെ! അങ്ങയുടെ നാമത്തെ സ്‌നേഹിക്കുന്നവരെ സംരക്ഷിക്കണമേ! അവര്‍ അങ്ങയില്‍ ആനന്ദിക്കട്ടെ! 12യാ റബ്ബ്ൽ ആലമീൻ, നീതിമാന്‍മാരെ അവിടുന്ന് അനുഗ്രഹിക്കുന്നു; പരിചകൊണ്ടെന്നപോലെ റഹമത്ത് കൊണ്ട് അവിടുന്ന് അവരെ മറയ്ക്കുന്നു.