അൽ-സബൂർ 55
സ്‌നേഹിതനാല്‍ വഞ്ചിക്കപ്പെട്ടവന്‍
55
1യാ അള്ളാ, എന്റെ ദു ആ സ്വീകരിക്കണമേ! എന്റെ യാചനകള്‍ നിരസിക്കരുതേ!
2എന്റെ ദുആ സ്വീകരിച്ച് എനിക്ക് ഉത്തരമരുളണമേ! കഷ്ടതകള്‍ എന്നെ അടിപ്പെടുത്തിയിരിക്കുന്നു.
3ശത്രുവിന്റെ അട്ടഹാസത്താലും ദുഷ്ടരുടെ പീഡനത്താലും ഞാന്‍ പരിഭ്രാന്തനായിരിക്കുന്നു; അവര്‍ എന്നോടു ദ്രോഹം ചെയ്യുന്നു; കോപത്തോടെ എനിക്കെതിരേ ശത്രുത പുലര്‍ത്തുന്നു.
4എന്റെ ഹൃദയം വേദനകൊണ്ടു പിടയുന്നു, മരണഭീതി എന്റെ മേല്‍ നിപതിച്ചിരിക്കുന്നു.
5ഭയവും വിറയലും എന്നെ പിടികൂടിയിരിക്കുന്നു, പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു.
6ഞാന്‍ പറഞ്ഞു: പ്രാവിനെപ്പോലെ ചിറകുണ്ടായിരുന്നെങ്കില്‍ , ഞാന്‍ പറന്നു പോയി വിശ്രമിക്കുമായിരുന്നു.
7ഞാന്‍ വിദൂരങ്ങളില്‍ ചുറ്റിത്തിരിയുമായിരുന്നു; വിജനതയില്‍ ഞാന്‍ വസിക്കുമായിരുന്നു.
8കൊടുങ്കാറ്റില്‍ നിന്നും ചുഴലിക്കാറ്റില്‍ നിന്നും ബദ്ധപ്പെട്ട് അകന്നു സങ്കേതം തേടുമായിരുന്നു.
9യാ റബ്ബ്ൽ ആലമീൻ, അവരുടെ ഉദ്യമങ്ങളെ പരാജയപ്പെടുത്തണമേ! അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേ! നഗരത്തില്‍ ഞാന്‍ അക്രമവും കലഹവും കാണുന്നു.
10രാവും പകലും അവര്‍ അതിന്റെ മതിലുകളില്‍ ചുറ്റിനടക്കുന്നു; അതിന്റെ ഉള്ളില്‍ ഉപജാപങ്ങളും കുഴപ്പങ്ങളുമാണ്.
11അതിന്റെ മധ്യേ വിനാശം കുടികൊള്ളുന്നു; അതിന്റെ തെരുവുകളില്‍ നിന്നു മര്‍ദനവും വഞ്ചനയും വിട്ടുമാറുന്നില്ല.
12ശത്രുവല്ല എന്നെ നിന്ദിക്കുന്നത്; ആയിരുന്നെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു; എതിരാളിയല്ല എന്നോടു ധിക്കാരപൂര്‍വം പെരുമാറുന്നത്; ആയിരുന്നെങ്കില്‍ ഞാന്‍ അവനില്‍ നിന്നു മറഞ്ഞിരിക്കുമായിരുന്നു.
13എന്നാല്‍ , എന്റെ സഹചരനും ചങ്ങാതിയും ഉറ്റസ്‌നേഹിതനുമായിരുന്ന നീ തന്നെയാണ് അതു ചെയ്തത്.
14നമ്മള്‍ ഉള്ളുതുറന്നു സംസാരിക്കുമായിരുന്നു; നമ്മെളൊന്നിച്ചു ദേവാലയത്തില് കൂട്ടായ്മ ആചരിക്കുമായിരുന്നു.
15അവരെ മരണം പിടികൂടട്ടെ; ജീവനോടെ അവര്‍ ജഹന്നത്തില് പതിക്കട്ടെ! അവരുടെ ഭവനത്തില്‍ , അവരുടെഹൃദയത്തില് , തിന്മ കുടികൊള്ളുന്നു.
16ഞാന്‍അള്ളാഹുവിനെ വിളിച്ചപേക്ഷിക്കുന്നു, റബ്ബ്ൽ ആലമീൻ എന്നെ രക്ഷിക്കും.
17സന്ധ്യയിലും പ്രഭാതത്തിലും മധ്യാഹ്‌നത്തിലും ഞാന്‍ ആവലാതിപ്പെട്ടു കരയും; അവിടുന്ന് എന്റെ സ്വരം കേള്‍ക്കും.
18ഈ യുദ്ധത്തില് അനേകര്‍ എനിക്കെതിരേ അണിനിരന്നിരിക്കുന്നു; അവിടുന്ന് എന്നെ കാത്തുപാലിക്കും.
19അനാദികാലം മുതലേ സിംഹാസനസ്ഥനായ റബ്ബ് എന്റെ ദുആ സ്വീകരിച്ച് അവരെ ലജ്ജിതരാക്കും; എന്തെന്നാല്‍ , അവര്‍ കല്പന പാലിക്കുന്നില്ല, അള്ളാഹുവിനെ ഭയപ്പെടുന്നുമില്ല.
20എന്റെ കൂട്ടുകാരന്‍ തന്റെ സുഹൃത്തുക്കള്‍ക്കെതിരായി കൈനീട്ടി; അവന്‍ തന്റെ ഉടമ്പടി ലംഘിച്ചു.
21അവന്റെ സംസാരം വെണ്ണയെക്കാള്‍ മൃദുലമായിരുന്നു, പക്‌ഷേ, അവന്റെ ഹൃദയത്തിലോ പടയൊരുക്കം. അവന്റെ വാക്കുകള് എണ്ണയെക്കാള്‍ മയമുള്ളവ, എന്നാല്‍ , അവ ഉറയൂരിയ വാളുകള്‍ ആയിരുന്നു.
22നിന്റെ ഭാരം റബ്ബ്ൽ ആലമീനെ ഏല്‍പിക്കുക, അവിടുന്നു നിന്നെ താങ്ങിക്കൊള്ളും; നീതിമാന് കുലുങ്ങാന്‍ അവിടുന്നു സമ്മതിക്കുകയില്ല.
23യാ അള്ളാ, അങ്ങ് അവരെ അത്യഗാധത്തിലേക്കു തള്ളിവീഴ്ത്തും; രക്തദാഹികളും വഞ്ചകരും ആയുസ്‌സിന്റെ പകുതി എത്തുകയില്ല; എന്നാല്‍ , ഞാന്‍ അങ്ങയില്‍ ആശ്രയിക്കും.