അൽ-സബൂർ 42

അള്ളാഹുവിനുവേണ്ടി ദാഹിക്കുന്നു

42 1നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ, യാ അള്ളാ, എന്റെ ഖൽബ് അങ്ങയെ തേടുന്നു. 2എന്റെ ഖൽബ് മഅബൂദിനായി ദാഹിക്കുന്നു; ജീവിക്കുന്ന മഅബൂദിനുവേണ്ടിത്തന്നെ. എപ്പോഴാണ് എനിക്കു അള്ളാഹുവിന്റെ സന്നിധിയിലെത്തി അവിടുത്തെ കാണാന്‍ കഴിയുക! 3രാപകല്‍ കണ്ണീര്‍ എന്റെ ഭക്ഷണമായി; എവിടെ നിന്റെ മഅബൂദ് എന്ന് ഓരോരുത്തര്‍ നിരന്തരം എന്നോടു ചോദിച്ചു. 4ജനക്കൂട്ടത്തോടൊപ്പം ഞാന്‍ പോയി; ബൈത്തുള്ളയിലേക്കു ഞാനവരെ ഘോഷയാത്രയായി നയിച്ചു. ആഹ്‌ളാദാരവവും കൃതജ്ഞതാഗീതങ്ങളും ഉയര്‍ന്നു; ജനം ആര്‍ത്തുല്ലസിച്ചു; ഹൃദയം പൊട്ടിക്കരയുമ്പോള്‍ ഞാന്‍ ഇതെല്ലാം ഓര്‍ക്കുന്നു.

5എന്റെ റൂഹേ, നീ എന്തിനു വിഷാദിക്കുന്നു? നീ എന്തിനു നെടുവീര്‍പ്പിടുന്നു? അള്ളാഹുവിൽ പ്രത്യാശവയ്ക്കുക. എന്റെ സഹായവും മഅബൂദുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും. 6എന്റെ റൂഹ് വിഷാദം പൂണ്ടിരിക്കുന്നു; അതിനാല്‍ ഉർദൂന്‍ പ്രദേശത്തും ഹെര്‍മോണിലും മിസാര്‍മലയിലും വച്ച് അങ്ങയെ ഞാന്‍ അനുസ്മരിക്കുന്നു. 7അങ്ങയുടെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പല്‍കൊണ്ട് ആഴം ആഴത്തെ വിളിക്കുന്നു. അങ്ങയുടെ തിരമാലകളും ഓളങ്ങളും എന്റെ മീതേ കടന്നുപോകുന്നു. 8റബ്ബ്ൽ ആലമീൻ പകല്‍സമയത്തു തന്റെ കാരുണ്യം വര്‍ഷിക്കുന്നു; രാത്രികാലത്ത് അവിടുത്തേക്കു ഞാന്‍ ഗാനമാലപിക്കും. എന്റെ ജീവന്റെ മഅബൂദിനോടുള്ള ദുആ തന്നെ. 9അവിടുന്ന് എന്നെ മറന്നതെന്തുകൊണ്ട്, ശത്രുവിന്റെ പീഡനംമൂലം എനിക്കു വിലപിക്കേണ്ടി വന്നതെന്തുകൊണ്ട്, എന്ന് എന്റെ രക്ഷാശിലയായ മഅബൂദിനോടു ഞാന്‍ ചോദിക്കും. 10നിന്റെ മഅബൂദ് എവിടെ എന്ന് ശത്രുക്കള്‍ എന്നോടു ചോദിക്കുന്നു; മാരകമായ മുറിവുപോലെ ആ നിന്ദനം ഞാന്‍ ഏല്‍ക്കുന്നു.

11എന്റെ റൂഹേ, നീ എന്തിനു വിഷാദിക്കുന്നു, നീ എന്തിനു നെടുവീര്‍പ്പിടുന്നു? അള്ളാഹുവിൽ പ്രത്യാശ വയ്ക്കുക; എന്റെ സഹായവും മഅബൂദുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.