മത്തി 25
പത്തുകന്യകമാരുടെ ഉപമ
25 1സ്വര്‍ഗരാജ്യം, വിളക്കുമെടുത്ത് മണവാളനെ എതിരേല്ക്കാന് പുറപ്പെട്ട പത്തുകന്യകമാര്‍ക്കു സദൃശം. 2അവരില്‍ അഞ്ചു പേര്‍ വിവേകശൂന്യരും അഞ്ചു പേര്‍ വിവേകവതികളുമായിരുന്നു. 3വിവേകശൂന്യകള്‍ വിളക്കെടുത്തപ്പോള്‍ എണ്ണ കരുതിയില്ല. 4വിവേകവതികളാകട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളില്‍ എണ്ണയും എടുത്തിരുന്നു. 5പുതിയാപ്ല വരാന്‍ വൈകി. ഉറക്കം വരുകയാല്‍ കന്യകമാര്‍ കിടന്നുറങ്ങി. 6അര്‍ധ രാത്രിയില്, ഇതാ, പുതിയാപ്ല! പുറത്തുവന്ന് അവനെ എതിരേല്‍ക്കുവിന്‍! എന്ന് ആര്‍പ്പുവിളിയുണ്ടായി. 7ആ കന്യകമാരെല്ലാം ഉണര്‍ന്ന് വിളക്കുകള് തെളിച്ചു. 8വിവേക ശൂന്യകള്‍ വിവേകവതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകള് അണഞ്ഞുപോകുന്നതിനാല്‍ നിങ്ങളുടെ എണ്ണയില് കുറെ ഞങ്ങള്‍ക്കു തരുക. 9വിവേകവതികള്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെ വരുമെന്നതിനാല്‍ നിങ്ങള്‍ വില്‍പനക്കാരുടെ അടുത്തു പോയി വാങ്ങിക്കൊള്ളുവിന്‍. 10അവര്‍ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹ വിരുന്നിന് അകത്തു പ്രവേശിച്ചു; വാതില്‍ അടയ്ക്കപ്പെടുകയും ചെയ്തു. 11പിന്നീട് മറ്റു കന്യകമാര്‍ വന്ന്, റബ്ബേ, റബ്ബേ, ഞങ്ങള്‍ക്കു തുറന്നു തരണമേ എന്ന് അപേക്ഷിച്ചു. 12അവന്‍ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങളെ അറിയുകയില്ല. 13അതുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍. ആദിവസമോ മണിക്കൂറോ നിങ്ങള്‍ അറിയുന്നില്ല.
താലന്തുകളുടെ ഉപമ
(ലൂക്കാ 19:12-27)
14ഒരുവന്‍ യാത്ര പുറപ്പെടുന്നതിനു മുമ്പ് ഭൃത്യന്‍മാരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഭരമേല്‍പിച്ചതു പോലെയാണ് സ്വര്‍ഗരാജ്യം. 15അവന്‍ ഓരോരുത്തന്റെയും കഴിവനുസരിച്ച് ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും വേറൊരുവന് ഒന്നും കൊടുത്ത ശേഷം യാത്ര പുറപ്പെട്ടു. 16അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെ പോയി വ്യാപാരം ചെയ്ത് അഞ്ചു താലന്തു കൂടി സമ്പാദിച്ചു. 17രണ്ടു താലന്തു കിട്ടിയവനും രണ്ടു കൂടി നേടി. 18എന്നാല്‍, ഒരു താലന്തു ലഭിച്ചവന്‍ പോയി നിലം കുഴിച്ച് യജമാനന്റെ പണം മറച്ചുവച്ചു. 19ഏറെക്കാലത്തിനു ശേഷം ആ ഭ്യത്യന്‍മാരുടെ യജമാനന് വന്ന് അവരുമായി കണക്കു തീര്‍ത്തു. 20അഞ്ചു താലന്തു കിട്ടിയവന്‍ വന്ന്, അഞ്ചു കൂടി സമര്‍പ്പിച്ച്, യജമാനനേ, നീ എനിക്ക് അഞ്ചു താലന്താണല്ലോ നല്‍കിയത്. ഇതാ, ഞാന്‍ അഞ്ചു കൂടി സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. 21യജമാനന് പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക. 22രണ്ടു താലന്തു കിട്ടിയവനും വന്നുപറഞ്ഞു: യജമാനനേ, നീ എനിക്കു രണ്ടു താലന്താണല്ലോ നല്‍കിയത്. ഇതാ, ഞാന്‍ രണ്ടു കൂടി സമ്പാദിച്ചിരിക്കുന്നു. 23യജമാനന് പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക. 24ഒരു താലന്തു കിട്ടിയവന്‍ വന്നു പറഞ്ഞു:യജമാനനേ, നീ വിതയ്ക്കാത്തിടത്തു നിന്നു കൊയ്യുകയും വിതറാത്തിടത്തു നിന്നു ശേഖരിക്കുകയും ചെയ്യുന്ന കഠിന ഹൃദയനാണെന്ന് ഞാന്‍ മനസ്സിലാക്കി. 25അതിനാല്‍ ഞാന്‍ ഭയപ്പെട്ട് നിന്റെ താലന്ത് മണ്ണില് മറച്ചുവച്ചു. ഇതാ, നിന്‍േറ ത് എടുത്തുകൊളളുക. 26യജമാനന് പറഞ്ഞു: ദുഷ്ടനും മടിയനുമായ ഭൃത്യാ, ഞാന്‍ വിതയ്ക്കാത്തിടത്തു നിന്നു കൊയ്യുന്നവനും വിതറാത്തിടത്തു നിന്ന് ശേഖരിക്കുന്നവനും ആണെന്നു നീ മനസ്‌സിലാക്കിയിരുന്നല്ലോ. 27എന്റെ നാണയം നീ പണവ്യാപാരികളുടെ പക്കല്‍ നിക്‌ഷേപിക്കേണ്ടതായിരുന്നു. ഞാന്‍ വന്ന് എന്റെ പണം പലിശ സഹിതം വാങ്ങുമായിരുന്നു. 28ആ താലന്ത് അവനില്‍ നിന്നെടുത്ത്, പത്തു താലന്തുള്ളവനു കൊടുക്കുക. 29ഉള്ളവനു നല്‍കപ്പെടും; അവനു സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതു പോലും എടുക്കപ്പെടും. 30പ്രയോജനമില്ലാത്ത ആ ഭൃത്യനെ പുറത്ത് അന്ധകാരത്തിലേക്കു തള്ളിക്കളയുക. അവിടെ വിലാപവും പല്ലു കടിയുമായിരിക്കും.
അവസാന വിധി
31മനുഷ്യ പുത്രന് എല്ലാ മലക്കുകളോടും കൂടെ മഹത്വത്തില് എഴുന്നള്ളുമ്പോള്‍ അവന്‍ തന്റെ മഹിമയുടെ സിംഹാസനത്തില് ഉപവിഷ്ടനാകും. 32അവന്റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍ നിന്നു വേര്‍തിരിക്കുന്നതു പോലെ 33അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും. 34അനന്തരം രാജാവ് തന്റെ വലത്തു ഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍. 35എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന് തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. 36ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തു വന്നു. 37അപ്പോള്‍ നീതിമാന്മാര് ഇങ്ങനെ മറുപടി പറയും: റബ്ബേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായികണ്ട് കുടിക്കാന്‍ നല്‍കിയതും എപ്പോള്‍? 38നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്‌നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോള്‍? 39നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോകാരാഗൃഹത്തിലോകണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍? 40രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്.
41അനന്തരം അവന്‍ തന്റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്റെ മലക്കുകൾമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍. 42എനിക്കു വിശന്നു; നിങ്ങള്‍ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നില്ല. 43ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്ഥയിലും കാരാഗൃഹത്തിലും ആയിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചില്ല. 44അപ്പോള്‍ അവര്‍ ചോദിക്കും: റബ്ബേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്‌നനോ രോഗിയോ, കാരാഗൃഹത്തില് കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍? 45അവന്‍ മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്. 46ഇവര്‍ നിത്യശിക്ഷയിലേക്കും നീതിമാന്മാര് നിത്യജീവനിലേക്കും പ്രവേശിക്കും.