മർക്കൊസ് 16  

ഈസാ അൽ മസീഹിന്റെ പുനരുത്ഥാനം

(മത്തി 28:1-8 ; ലൂക്കാ 24:1-12 ; യഹിയ്യാ 20:1-10)

16 1സാബത്ത് കഴിഞ്ഞപ്പോള്‍ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൻറ മയ്യത്ത് അഭിഷേകം ചെയ്യുന്നതിനു വേണ്ടി സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി. 2ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, സൂര്യനുദിച്ചപ്പോള്‍ത്തന്നെ, അവര്‍ ഖബർസ്ഥാനിലേക്കു പോയി. 3അവര്‍ തമ്മില്‍ പറഞ്ഞു: ആരാണ് നമുക്കു വേണ്ടി ഖബർസ്ഥാന്റെ വാതില്‍ക്കല്‍ നിന്ന് കല്ല് ഉരുട്ടിമാറ്റുക? 4എന്നാല്‍, അവര്‍ നോക്കിയപ്പോള്‍ ആ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നു! അതു വളരെ വലുതായിരുന്നുതാനും. 5അവര്‍ ഖബർസ്ഥാനുള്ളില്്‍ പ്രവേശിച്ചപ്പോള്‍ വെള്ള വസ്ത്രം ധരിച്ച ഒരു യുവാവ് വലത്തു ഭാഗത്തിരിക്കുന്നതു കണ്ടു. 6അവര്‍ വിസ്മയിച്ചു പോയി. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ അദ്ഭുതപ്പെടേണ്ടാ. കുരിശില്‍ തറയ്ക്കപ്പെട്ട നസറായനായ ഈസായെ നിങ്ങള്‍ അന്വേഷിക്കുന്നു. അദ്ദേഹം ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം ഇവിടെയില്ല. നോക്കൂ, അവര്‍ ഈസാ അൽ മസീഹിനെ ഖബറടക്കിയ സ്ഥലം. 7നിങ്ങള്‍ പോയി, ഈസാ അൽ മസീഹിൻറെ സാഹബാക്കളോടും പത്രോസിനോടും പറയുക: ഈസാ അൽ മസീഹ് നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കു പോകുന്നു. ഈസാ അൽ മസീഹ് നിങ്ങളോടു പറഞ്ഞിരുന്നതു പോലെ അവിടെവച്ച് നിങ്ങള്‍ ഈസാ അൽ മസീഹിനെ കാണും. 8അവര്‍ ഖബർസ്ഥാനില്‍ നിന്നു പുറത്തിറങ്ങി ഓടി. എന്തെന്നാല്‍, അവര്‍ പേടിച്ചു വിറയ്ക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തിരുന്നു. അവര്‍ ആരോടും ഒന്നും പറഞ്ഞില്ല. അവര്‍ അത്യന്തം ഭയപ്പെട്ടിരുന്നു.

സാഹബാക്കൾക്കു പ്രത്യക്ഷപ്പെടുന്നു

(മത്തി 28:9-10 ; ലൂക്കാ 24:12-35 ; യഹിയ്യാ 20:11-18)

9ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, ഈസാ അൽ മസീഹ് ആദ്യം മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെട്ടു. ഇവളില്‍ നിന്നാണ് ഈസാ അൽ മസീഹ് ഏഴു പിശാചുക്കളെ പുറത്താക്കിയത്. 10അവള്‍ ചെന്ന് സാഹബാക്കളെ വിവരം അറിയിച്ചു. അവര്‍ ദുഃഖത്തിലാണ്ടു വിലപിച്ചിരിക്കുകയായിരുന്നു. 11ഈസാ അൽ മസീഹ് ജീവിച്ചിരിക്കുന്നു എന്നും അവള്‍ക്കു കാണപ്പെട്ടു എന്നും കേട്ടപ്പോള്‍ അവര്‍ വിശ്വസിച്ചില്ല.

12ഇതിനുശേഷം അവരില്‍ രണ്ടുപേര്‍ ഗ്രാമത്തിലേക്കു നടന്നുപോകുമ്പോള്‍ ഈസാ അൽ മസീഹ് വേറൊരു രൂപത്തില്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. 13അവര്‍ പോയി ബാക്കിയുള്ളവരെ വിവരം അറിയിച്ചു. അവരെയും അവര്‍ വിശ്വസിച്ചില്ല.

സാഹബാക്കൾക്ക് പ്രേഷിതദൗത്യം

(മത്തി 28:16-20 ; ലൂക്കാ 24:36-49 ; യഹിയ്യാ 20:19-23 ; അൽ അഫ്റാൻ 11:6-8)

14പിന്നീട്, അവര്‍ പതിനൊന്നു പേര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍, ഈസാ അൽ മസീഹ് അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. ഉയിര്‍പ്പിക്കപ്പെട്ടതിനു ശേഷം തന്നെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസ രാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. 15ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: നിങ്ങള്‍ ദുനിയാവിലെങ്ങും പോയി, എല്ലാ സൃഷ്ടികളോടും ഇൻഞ്ചീൽ പ്രസംഗിക്കുവിന്‍. 16ഈമാൻ വെച്ച്‌ ഗുസൽ സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; ഈമാനില്ലാത്തവൻ ശിക്ഷിക്കപ്പെടും. 17ഈമാനുള്ളവരോടു കൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ ശൈത്താനെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. 18അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെ മേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.

ഈസാ അൽ മസീഹിന്റെ സ്വര്‍ഗാരോഹണം

(ലൂക്കാ 24:50-53 ; അൽ അഫ്റാൻ 1:9-11)

19ഈസാ അൽ മസീഹ് അവരോടു സംസാരിച്ചതിനു ശേഷം ജന്നത്തിലേക്കു സംവഹിക്കപ്പെട്ടു. ഈസാ അൽ മസീഹ് അള്ളാഹുവിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. 20അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. റബ്ബ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍ കൊണ്ടു കലാം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.


Footnotes