ലൂക്കാ 1  

പ്രാരംഭം

1 1നമ്മുടെ ഇടയില്‍ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാന്‍ അനേകം പേര്‍ പരിശ്രമിച്ചിട്ടുണ്ടല്ലോ. 2അതാകട്ടെ ആദിമുതല്‍ തന്നെ വചനത്തിന്‍റെ ദൃക്സാക്ഷികളും ശുശ്രൂഷകന്‍മാരും ആയിരുന്നവര്‍ നമുക്ക് ഏല്‍പിച്ചു തന്നിട്ടുള്ളതനുസരിച്ചാണ്. 3അല്ലയോ, ശ്രേഷ്ഠനായ തെയോഫിലോസ്, എല്ലാ കാര്യങ്ങളും പ്രാരംഭം മുതല്‍ക്കേ സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്ന് എനിക്കും തോന്നി. 4അത് നിന്നെ പഠിപ്പിച്ചിട്ടുള്ള വചനങ്ങളുടെ വിശ്വസ്തതയെക്കുറിച്ചു നിനക്കുബോധ്യം വരാനാണ്.

യഹ്യാ നബി (അ) ൻറെ ജനനത്തെക്കുറിച്ച് അറിയിപ്പ്

5ഹേറോദേസ് യൂദയാ രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. ഹാറൂന്‍റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്‍റെ ബീവി. 6അവര്‍ അള്ളാഹുവിന്‍റെ മുമ്പില്‍ നീതിനിഷ്ഠരും സ്രഷ്ടാവിന്‍റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. 7അവര്‍ക്കു മക്കളുണ്ടായിരുന്നില്ല; എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു.

8തന്‍റെ ഗണത്തിനു നിശ്ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച് അള്ളാഹുവിന്‍റെ സന്നിധിയില്‍ ശുശ്രൂഷ നടത്തിവരവേ, 9പൗരോഹിത്യ വിധിപ്രകാരം സ്രഷ്ടാവിന്‍റെ ആലയത്തില്‍ പ്രവേശിച്ച് ധൂപം സമര്‍പ്പിക്കാന്‍ സഖരിയായ്ക്ക് കുറിവീണു. 10ധൂപാര്‍പ്പണ സമയത്ത് സമൂഹം മുഴുവന്‍ വെളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. 11അപ്പോള്‍, അള്ളാഹുവിന്‍റെ മലക്ക് ധൂപപീഠത്തിന്‍റെ വലത്തു വശത്തു നില്‍ക്കുന്നതായി അവനു പ്രത്യക്ഷപ്പെട്ടു. 12അവനെക്കണ്ട് സഖരിയാ അസ്വസ്ഥനാവുകയും ഭയപ്പെടുകയും ചെയ്തു. 13മലക്ക് അവനോടു പറഞ്ഞു: സഖരിയാ ഭയപ്പെടേണ്ടാ. നിന്‍റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്‍റെ ബീവി എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യഹ്യ[a] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) എന്നു പേരിടണം. 14നിനക്ക് ആനന്ദവും സന്തുഷ്ടിയുമുണ്ടാകും. അനേകര്‍ അവന്‍റെ ജനനത്തില്‍ ആഹ്ളാദിക്കുകയുംചെയ്യും. 15അള്ളാഹുവിന്‍െറ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചു തന്നെ അവന്‍ റൂഹുല്‍ ഖുദ്ദൂസിനാല്‍ നിറയും. 16ഇസ്രായേല്‍ മക്കളില്‍ വളരെപ്പേരെ അവരുടെ നാഥനിലേക്ക് അവന്‍ തിരികെ കൊണ്ടുവരും. 17പിതാക്കന്‍മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്‍മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്ജീകൃതമായ ഒരു ജനത്തെ സ്രഷ്ടാവിനുവേണ്ടി ഒരുക്കാനും ഇല്‍യാസ് നബി (അ) യുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ അവന്‍ രക്ഷിതാവിന്‍െറ മുമ്പേ പോകും.

18സഖരിയാ മലക്കിനോടു ചോദിച്ചു: ഞാന്‍ ഇത് എങ്ങനെ അറിയും? ഞാന്‍ വൃദ്ധനാണ്; എന്‍റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്. 19മലക്ക് മറുപടി പറഞ്ഞു: ഞാന്‍ അള്ളാഹുവിന്‍റെ സന്നിധിയില്‍ നില്‍ക്കുന്ന ജിബ്രീല്‍ ആണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്ത നിന്നെ അറിയിക്കാനും ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു. 20യഥാകാലം പൂര്‍ത്തിയാകേണ്ട എന്‍റെ വചനം അവിശ്വസിച്ചതു കൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല. 21ജനം സഖരിയായെ കാത്തു നില്‍ക്കുകയായിരുന്നു. ദേവാലയത്തില്‍ അവന്‍ വൈകുന്നതിനെപ്പററി അവര്‍ അദ്ഭുതപ്പെട്ടു. 22പുറത്തുവന്നപ്പോള്‍ അവരോടു സംസാരിക്കുന്നതിന് സഖരിയായ്ക്കു കഴിഞ്ഞില്ല. ദേവാലയത്തില്‍വച്ച് അവന് ഏതോ ദര്‍ശനമുണ്ടായി എന്ന് അവര്‍ മനസ്സിലാക്കി. അവന്‍ അവരോട് ആംഗ്യം കാണിക്കുകയും ഊമനായി കഴിയുകയും ചെയ്തു. 23തന്‍റെ ശുശ്രൂഷയുടെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവന്‍ വീട്ടിലേക്കു പോയി.

24താമസിയാതെ അവന്‍റെ ബീവി എലിസബത്ത് ഗര്‍ഭം ധരിച്ചു. അഞ്ചു മാസത്തേക്ക് അവള്‍ മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാതെ കഴിഞ്ഞുകൂടി. അവള്‍ പറഞ്ഞു: 25മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാന്‍ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) എന്നെ കടാക്ഷിച്ച് എനിക്ക് ഇതു ചെയ്തു തന്നിരിക്കുന്നു.

ഈസാ അൽ മസീഹിൻറെ ജനനത്തെക്കുറിച്ച്അറിയിപ്പ്

26ആറാംമാസം ജിബ്രീല്‍ മലക്ക് ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, 27ദാവൂദ് നബി (അ) വംശത്തില്‍പ്പെട്ട യൂസുഫ് എന്നു പേരായ പുരുഷനുമായി നിക്കാഹ് ഉറപ്പിച്ചിരുന്ന കന്യകയുടെ അടുത്തേക്ക്, അള്ളാഹുവിനാല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം ബീവി (റ) എന്നായിരുന്നു. 28മലക്ക് അവളുടെ അടുത്തുവന്നു പറഞ്ഞു. ഫദുലുൽ ഇലാഹ് നിറഞ്ഞവളേ! സ്വസ്തി, അള്ളാഹു നിന്നോടുകൂടെ! 29ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്‍റെ അര്‍ഥം എന്ന് അവള്‍ ചിന്തിച്ചു. 30മലക്ക് അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; അള്ളാഹുവിന്‍റെ സന്നിധിയില്‍ നീ ഫദുലുൽ ഇലാഹ് കണ്ടെത്തിയിരിക്കുന്നു. 31നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് ഈസാ[c] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) എന്ന് പേരിടണം. 32അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവൂദ് നബി (അ) ന്‍റെ സിംഹാസനം സ്രഷ്ടാവായ നാഥന്‍ അവനു കൊടുക്കും. 33യാക്കൂബ് നബി (അ) ന്‍റെ ഭവനത്തിന്‍ മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.

34മറിയം ബീവി (റ) മലക്കിനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.

35മല്ക്ക് മറുപടി പറഞ്ഞു: റൂഹുല്‍ ഖുദ്ദൂസ് നിന്‍റെ മേല്‍ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ഇബ്നുള്ള എന്നു വിളിക്കപ്പെടും. 36ഇതാ, നിന്‍റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. 37അള്ളാഹുവിന് ഒന്നും അസാധ്യമല്ല. 38മറിയം പറഞ്ഞു: ഇതാ, അള്ളാഹുവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ മലക്ക് അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.

എലിസബത്ത് മറിയത്തെ സ്തുതിക്കുന്നു

39ആദിവസങ്ങളില്‍, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്രപുറപ്പെട്ടു. 40അവള്‍ സഖരിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. 41മറിയത്തിന്‍റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് റൂഹുല്‍ ഖുദ്ദൂസ് നിറഞ്ഞവളായി. 42അവള്‍ ഉദ്ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്‍റെ ഉദരഫലവും അനുഗൃഹീതം. 43എന്‍റെ നാഥന്‍റെ ഉമ്മ എന്‍റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? 44ഇതാ, നിന്‍റെ അഭിവാദന സ്വരം എന്‍റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്‍റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. 45ഇലാഹ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.

മറിയത്തിന്‍െറ സ്തോത്രഗീതം

46മറിയം പറഞ്ഞു : എന്‍റെ റൂഹ് അള്ളാഹുവിനെ മഹത്വപ്പെടുത്തുന്നു. 47എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ഇലാഹില്‍ ആനന്ദിക്കുന്നു. 48അവിടുന്ന് തന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. 49ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്ധമാണ്. 50അവിടുത്തെ ഭക്തരുടെ മേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും. 51അവിടുന്ന് തന്‍റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു; ഹൃദയ വിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു. 52ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി. 53വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറും കൈയോടെ പറഞ്ഞയച്ചു. 54തന്‍റെ കാരുണ്യം അനുസ്മരിച്ചു കൊണ്ട് അവിടുന്ന് തന്‍റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. 55നമ്മുടെ പിതാക്കന്‍മാരായ ഇബ്രാഹീം നബി (അ) ത്തോടും അവന്‍റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.

56മറിയം അവളുടെ കൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.

യഹ്യാനബി (അ) ന്‍െറ ജനനം

57എലിസബത്തിനു പ്രസവസമയമായി; അവള്‍ ഒരു പുത്രനെ പ്രസവിച്ചു. 58അള്ളാഹു അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു. 59എട്ടാം ദിവസം അവര്‍ ശിശുവിന്‍റെ സുന്നത്തിനു വന്നു. പിതാവിന്‍റെ പേരനുസരിച്ച് സഖരിയാ എന്ന് അവനു പേരു നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു. 60എന്നാല്‍, ശിശുവിന്‍റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവന്‍ യഹ്യാ എന്നു വിളിക്കപ്പെടണം. 61അവര്‍ അവളോടു പറഞ്ഞു: നിന്‍റെ ബന്ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ. 62ശിശുവിന് എന്ത് പേരു നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്‍െറ പിതാവിനോട് അവര്‍ ആംഗ്യം കാണിച്ചു ചോദിച്ചു. 63അവന്‍ ഒരു എഴുത്തു പലക വരുത്തി അതില്‍ എഴുതി: യഹ്യാ എന്നാണ് അവന്‍െറ പേര്. എല്ലാവരും അദ്ഭുതപ്പെട്ടു. 64തത്ക്ഷണം അവന്‍റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന്‍ അള്ളാഹുവിനെ വാഴ്ത്തിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി. 65അയല്‍ക്കാര്‍ക്കെല്ലാം ഭയമുണ്ടായി;യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികള്‍ സംസാര വിഷയമാവുകയും ചെയ്തു. 66കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. അള്ളാഹുവിന്‍റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു.

സഖരിയായുടെ നബിവചനഗീതം

67അവന്‍റെ പിതാവായ സഖരിയാ റൂഹുല്‍ ഖുദ്ദൂസിനാല്‍ നിറഞ്ഞു പ്രവചിച്ചു:

68ഇസ്രായേലിന്‍റെ ഇലാഹായ നാഥന്‍ വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്‍റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു; 69തന്‍റെ ദാസനായ ദാവൂദ് നബി (അ) ന്‍റെ ഭവനത്തില്‍ നമുക്ക് ശക്തനായ ഒരു രക്ഷകനെ ഉയര്‍ത്തി; 70ആദി മുതല്‍ തന്‍റെ വിശുദ്ധന്‍മാരായ നബിമാരുടെ അധരങ്ങളിലൂടെ അവിടുന്ന് അരുളിച്ചെയ്തതുപോലെ, 71ശത്രുക്കളില്‍ നിന്നും നമ്മെ വെറുക്കുന്നവരുടെ കൈയില്‍ നിന്നും നമ്മെ രക്ഷിക്കാനും 72നമ്മുടെ പിതാക്കന്‍മാരോടു വാഗ്ദാനംചെയ്ത കാരുണ്യം നിവര്‍ത്തിക്കാനും 73നമ്മുടെ പിതാവായ ഇബ്രാഹീം നബി (അ) ത്തോടു ചെയ്ത അവിടുത്തെ വിശുദ്ധമായ ഉടമ്പടി അനുസ്മരിക്കാനും 74ശത്രുക്കളുടെ കൈകളില്‍ നിന്നു വിമോചിതരായി, നിര്‍ഭയം 75റൂഹുല്‍ ഖുദ്ദൂസിനാലും നീതിയിലും എപ്പോഴും അവിടുത്തെ മുമ്പില്‍ ശുശ്രൂഷ ചെയ്യാന്‍ വേണ്ടി അനുഗ്രഹം നമുക്കു നല്‍കാനുമായിട്ടാണ് ഇത്. 76നീയോ, കുഞ്ഞേ, അത്യുന്നതന്‍റെ നബി എന്നു വിളിക്കപ്പെടും. ഇലാഹിലേക്ക് വഴിയൊരുക്കാന്‍ അവിടുത്തെ മുമ്പേ നീ പോകും. 77അത് അവിടുത്തെ ജനത്തിന് പാപമോചനം വഴിയുള്ള രക്ഷയെക്കുറിച്ച് അറിവുകൊടുക്കാനും, 78അള്ളാഹുവിന്‍റെ കാരുണ്യാതിരേകം കൊണ്ട് ഉയരത്തില്‍ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍ 79ഇരുളിലും, മരണത്തിന്‍റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്‍റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്.

80ശിശു വളര്‍ന്നു, റൂഹില്‍ ശക്തിപ്പെട്ടു. ഇസ്രായേലിനു വെളിപ്പെടുന്നതുവരെ അവന്‍ മരുഭൂമിയിലായിരുന്നു.


Footnotes