ലൂക്കാ 15  

കാണാതായ ആടിന്റെ ഉപമ

15 1ചുങ്കക്കാരും പാപികളുമെല്ലാം ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അടുത്തുവന്നു കൊണ്ടിരുന്നു. 2ഫരിസേയരും ഉലമാക്കളും പിറുപിറുത്തു: ഇദ്ദേഹം പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.

3ഈസാ അൽ മസീഹ് അവരോട് ഈ ഉപമ പറഞ്ഞു: 4നിങ്ങളിലാരാണ്, തനിക്കു നൂറ് ആടുകള്‍ ഉണ്ടായിരിക്കേ അവയില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ തൊണ്ണൂറ്റൊന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്? 5കണ്ടു കിട്ടുമ്പോള്‍ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. 6വീട്ടില്‍ എത്തുമ്പോള്‍ അവന്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: നിങ്ങള്‍ എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു. 7അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ജന്നത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.

കാണാതായ നാണയത്തിന്റെ ഉപമ

8ഏതു സ്ത്രീയാണ്, തനിക്കു പത്തു നാണയം ഉണ്ടായിരിക്കേ, അതില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ വിളക്കു കൊളുത്തി വീട് അടിച്ചുവാരി, അത് കണ്ടു കിട്ടുവോളം ഉത്‌സാഹത്തോടെ അന്വേഷിക്കാത്തത്? 9കണ്ടു കിട്ടുമ്പോള്‍ അവള്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചു കൂട്ടിപ്പറയും: എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു. 10അതുപോലെ തന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് അള്ളാഹുവിന്റെ മലക്കുകളുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.

ധൂര്‍ത്തപുത്രന്റെ ഉപമ

11ഈസാ അൽ മസീഹ് പറഞ്ഞു: ഒരു മനുഷ്യനു രണ്ടു ആൺ മക്കളുണ്ടായിരുന്നു. 12ഇളേവന്‍ ഉപ്പാനോടു പറഞ്ഞു: ഉപ്പാ, സ്വത്തില്‍ എന്റെ ഓഹരി എനിക്കു തരിക. അവന്‍ സ്വത്ത് അവര്‍ക്കായി ഭാഗിച്ചു. 13ഏറെ താമസിയാതെ, ഇളയോന്‍ എല്ലാം ശേഖരിച്ചു കൊണ്ടു ദൂരദേശത്തേക്കു പോയി, അവിടെ ധൂര്‍ത്തനായി ജീവിച്ച്, സ്വത്തു നശിപ്പിച്ചുകളഞ്ഞു. 14അവന്‍ എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ ആ ദേശത്ത് ഒരു കഠിനക്ഷാമം ഉണ്ടാവുകയും അവന്‍ വെല്ല്യ ഞെരുക്കത്തിലാവുകയും ചെയ്തു. 15അവന്‍, ആ ദേശത്തെ ഒരു പൗരന്റെ അടുത്ത് അഭയംതേടി. അയാള്‍ അവനെ പന്നീനെ മേയിക്കാന്‍ വയലിലേക്കയച്ചു. 16പന്നി തിന്നിരുന്ന തവിടെങ്കിലും തിന്ന് വയറു നിറയ്ക്കാന്‍ അവന്‍ ആശിച്ചു. പക്‌ഷേ, ആരും അവനു കൊടുത്തില്ല.

17അപ്പോള്‍ അവനു സുബോധമുണ്ടായി. അവന്‍ പറഞ്ഞു: എന്റെ ഉപ്പാന്റെ എത്രയോ ദാസന്‍മാര്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു! ഞാനോ ഇവിടെ വിശന്നു മരിക്കാനായി! 18ഞാന്‍ എഴുന്നേറ്റ് എന്റെ ഉപ്പാന്റെ അടുത്തേക്കു പോകും. ഞാന്‍ ഉപ്പാനോടു പറയും: ഉപ്പാ, പടച്ചോനെതിരായും ഉപ്പാന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. 19ഇനി ഉപ്പാന്റെ മോന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. ഉപ്പാന്റെ വേലക്കാരില്‍ ഒരാളായി എന്നെ കണ്ടാമതി. 20അവന്‍ എഴുന്നേറ്റ്, ഉപ്പാന്റെ അടുത്തേക്കു ചെന്നു. ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസ്‌സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. 21മകന്‍ പറഞ്ഞു: ഉപ്പാ, ഞാൻ പടപ്പോനെതിരായും ഉപ്പാന്റെ മുമ്പിലും കുറ്റക്കാരനാണ്. ഉപ്പാന്റെ മോന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. 22പിതാവാകട്ടെ, തന്റെ വേലക്കാരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിന്‍. ഇവന്റെ കൈയില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിക്കുവിന്‍. 23കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു ഭക്ഷിച്ച് ആഹ്ലാദിക്കാം. 24എന്റെ ഈ മകന്‍ മയ്യത്തായിന്ന് വിജാരിച്ചതാ; അവന്‍ ഇതാ, വീണ്ടും ഹയാത്തിലുണ്ട്. അവന്‍ നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു. അവര്‍ ആഹ്ലാദിക്കാന്‍ തുടങ്ങി.

25അവന്റെ മൂത്ത മകന്‍ വയലിലായിരുന്നു. അവന്‍ തിരിച്ചു വരുമ്പോള്‍ വീടിനടുത്തുവച്ച് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്ദം കേട്ടു. 26അവന്‍ ഒരു വേലക്കാരനെ വിളിച്ച് കാര്യം തിരക്കി. 27വേലക്കാരന്‍ പറഞ്ഞു: നിന്റെ സഹോദരന്‍ തിരിച്ചുവന്നിരിക്കുന്നു. അവനെ സസുഖം തിരിച്ചുകിട്ടിയതുകൊണ്ട് നിന്റെ ഉപ്പ കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു. 28അവന്‍ കോപിച്ച് അകത്തു കയറാന്‍ വിസമ്മതിച്ചു. ഉപ്പ പുറത്തുവന്ന് അവനോടു സാന്ത്വനങ്ങള്‍ പറഞ്ഞു. 29എന്നാല്‍, അവന്‍ ഉപ്പാനോടു പറഞ്ഞു: നോക്കൂ, എത്ര വര്‍ഷമായി ഞാന്‍ നിനക്കു ദാസ്യവേലചെയ്യുന്നു. ഒരിക്കലും നിന്റെ കല്‍പന ഞാന്‍ ലംഘിച്ചിട്ടില്ല. എങ്കിലും, എന്റെ കൂട്ടുകാരോടൊത്ത് ആഹ്ളാദിക്കാന്‍ ഒരു ആട്ടിന്‍ കുട്ടിയെപ്പോലും നീ എനിക്കു തന്നില്ല. 30എന്നാല്‍, വേശ്യകളോടു കൂട്ടുചേര്‍ന്ന്, ഉപ്പാന്റെ സ്വത്തെല്ലാം ധൂര്‍ത്തടിച്ച നിന്റെ ഈ മോന്‍ തിരിച്ചു വന്നപ്പോള്‍ അവനുവേണ്ടി നീ കൊഴുത്ത കാളയെ കൊന്നിരിക്കുന്നു. 31അപ്പോള്‍ പിതാവു പറഞ്ഞു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്‍റതാണ്. 32ഇപ്പോള്‍ നമ്മള്‍ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും വേണം. എന്തെന്നാല്‍, നിന്റെ ഈ സഹോദരൻ മയ്യത്തായിരുന്നു; അവനിപ്പോള്‍ ഹയാത്തിലിരിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു.


Footnotes