ലൂക്കാ 14  

മഹോദരരോഗിയെ സുഖപ്പെടുത്തുന്നു

14 1ഒരു സാബത്തില്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ഫരിസേയ പ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍ ഭക്ഷണത്തിനു പോയി. അവര്‍ ഈസാ അൽ മസീഹിനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. 2അവിടെ ഒരു മഹോദര രോഗി ഉണ്ടായിരുന്നു. 3ഈസാ അൽ മസീഹ് ഉലമാക്കളോടും ഫരിസേയരോടുമായി ചോദിച്ചു: സാബത്തില്‍ രോഗശാന്തി നല്‍കുന്നത് അനുവദനീയമോ അല്ലയോ? 4അവര്‍ നിശ്ശബ്ദരായിരുന്നു. ഈസാ അൽ മസീഹ് അവനെ അടുത്തു വിളിച്ചു സുഖപ്പെടുത്തി അയച്ചു. 5അനന്തരം ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: സാബത്തില്‍ തന്റെ പുത്രനോ കാളയോ കിണറ്റില്‍ വീണാല്‍ ഉടന്‍ പിടിച്ചു കയറ്റാത്തവനായി നിങ്ങളില്‍ ആരുണ്ട്? 6മറുപടി പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

വിരുന്നിന്നു ക്ഷണിക്കപ്പെടുന്നവർക്ക് ഉപദേശം

7ക്ഷണിക്കപ്പെട്ടവര്‍ പ്രമുഖസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ ഈസാ അൽ മസീഹ് അവരോട് ഒരു ഉപമ പറഞ്ഞു: 8ആരെങ്കിലും നിന്നെ ഒരു നിക്കാഹ്ദാവത്തിനു ക്ഷണിച്ചാല്‍, പ്രമുഖസ്ഥാനത്തു കയറിയിരിക്കരുത്. ഒരുപക്‌ഷേ, നിന്നെക്കാള്‍ ബഹുമാന്യനായ ഒരാളെ അവന്‍ ക്ഷണിച്ചിട്ടുണ്ടായിരിക്കും. 9നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവന്‍ വന്ന്, ഇവനു സ്ഥലം കൊടുക്കുക എന്നു നിന്നോടു പറയും. അപ്പോള്‍ നീ ലജ്ജിച്ച്, അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കും. 10അതുകൊണ്ട്, നീ ദാവത്തിനു ക്ഷണിക്കപ്പെടുമ്പോള്‍ അവസാനത്തെ സ്ഥാനത്തു പോയി ഇരിക്കുക. ആതിഥേയന്‍ വന്നു നിന്നോട്, സ്‌നേഹിതാ, മുമ്പോട്ടു കയറിയിരിക്കുക എന്നുപറയും. അപ്പോള്‍ നിന്നോടുകൂടെ ദാവത്തിനിരിക്കുന്ന സകലരുടെയും മുമ്പാകെ നിനക്കു മഹത്വമുണ്ടാകും. 11തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെതാഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. 12തന്നെ ക്ഷണിച്ചവനോടും ഈസാ അൽ മസീഹ് പറഞ്ഞു: നീ ഒരു ദാവത്തോ അത്താഴവിരുന്നോ കൊടുക്കുമ്പോള്‍ നിന്റെ സ്‌നേഹിതരെയോ സഹോദരരെയോ ബന്ധുക്കളെയോ ധനികരായ അയല്‍ക്കാരെയോ വിളിക്കരുത്. ഒരു പക്‌ഷേ, അവര്‍ നിന്നെ പകരം ക്ഷണിക്കുകയും അതു നിനക്കു പ്രതിഫലമാവുകയും ചെയ്യും. 13എന്നാല്‍, നീ ദാവത്ത് നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്ഷണിക്കുക. 14അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാല്‍, പകരം നല്‍കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. നീതിമാന്‍മാരുടെ ആഖിറത്തില്‍ നിനക്കു പ്രതിഫലം ലഭിക്കും.

ദാവത്തിന്റെ ഉപമ

15ഈസാ അൽ മസീഹിനോടു കൂടെ ഭക്ഷണത്തിനിരുന്നവരില്‍ ഒരുവന്‍ ഇതു കേട്ടിട്ട് ഈസാ അൽ മസീഹിനോടു പറഞ്ഞു: അള്ളാഹുവിൻറെ രാജ്യത്തില്‍ ദാവത്ത് ഭക്ഷിക്കുന്നവന്‍ ഭാഗ്യവാന്‍. 16അപ്പോള്‍ ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: ഒരുവന്‍ ഒരിക്കല്‍ ഒരു വലിയ ദാവത്ത് ഒരുക്കി; വളരെപ്പേരെ ക്ഷണിക്കുകയും ചെയ്തു. 17ദാവത്തിനു സമയമായപ്പോള്‍ അവന്‍ ദാസനെ അയച്ചു ക്ഷണിക്കപ്പെട്ടവരെ അറിയിച്ചു: വരുവിന്‍, എല്ലാം തയ്യാറായിരിക്കുന്നു. 18എന്നാല്‍ അവരെല്ലാവരും ഒന്നുപോലെ ഒഴികഴിവു പറയാന്‍ തുടങ്ങി, ഒന്നാമന്‍ പറഞ്ഞു: ഞാന്‍ ഒരു വയല്‍ വാങ്ങി; അതുപോയി കാണേണ്ടിയിരിക്കുന്നു. എന്നെ ഒഴിവാക്കണം എന്നു ഞാന്‍ അപേക്ഷിക്കുന്നു. 19മറ്റൊരുവന്‍ പറഞ്ഞു: ഞാന്‍ അഞ്ചു ജോടി കാളകളെ വാങ്ങി; അവയെ പരീക്ഷിച്ചു നോക്കുവാന്‍ പോകുന്നു; എനിക്ക് ഒഴിവുതരണം എന്ന് അപേക്ഷിക്കുന്നു. 20മൂന്നാമതൊരുവന്‍ പറഞ്ഞു: എന്റെ നിക്കാഹ് കഴിഞ്ഞതേയുള്ളൂ. അതിനാല്‍ എനിക്കു വരാന്‍ നിവൃത്തിയില്ല. 21ആദാസന്‍ തിരിച്ചുവന്ന്‌ യജമാനനെ വിവരം ധരിപ്പിച്ചു. ഗൃഹനാഥന്‍ കോപിച്ച് ദാസനോടു പറഞ്ഞു: നീ വേഗം പട്ടണത്തിന്റെ തെരുവുകളിലും ഊടു വഴികളിലും ചെന്ന്, ദരിദ്രരെയും, വികലാംഗരെയും, കുരുടരെയും, മുടന്തരെയും ഇവിടെ കൂട്ടിക്കൊണ്ടു വരുക. 22അനന്തരം ആ ദാസന്‍ പറഞ്ഞു: യജമാനനേ, നീ കല്‍പിച്ചതു പോലെ ഞാന്‍ ചെയ്തു. ഇനിയും സ്ഥലമുണ്ട്. 23യജമാനന്‍ ദാസനോടു പറഞ്ഞു: നീ പെരുവഴിയിലും ഇടവഴികളിലും ചെന്ന്, എന്റെ വീടു നിറയുവോളം ആളുകള്‍ അകത്തേക്കു വരുവാന്‍ നിര്‍ബന്ധിക്കുക. 24എന്തെന്നാല്‍, ക്ഷണിക്കപ്പെട്ടവരില്‍ ഒരുവനും എന്റെ ദാവത്ത് ആസ്വദിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

സാഹബാക്കുളുടെ പാത

25വലിയ ജനക്കൂട്ടങ്ങള്‍ ഈസാ അൽ മസീഹ് അടുത്തുവന്നു. ഈസാ അൽ മസീഹ് തിരിഞ്ഞ് അവരോടു പറഞ്ഞു: 26സ്വന്തം ബീവിയെയും മക്കളെയും ബാപ്പയെയും ഉമ്മയെയും ആങ്ങളമാരെയും പെങ്ങന്മാരെയും എന്നല്ല, ഹയാത്ത് തന്നെയും വെറുക്കാതെ എന്റെ അടുത്തു വരുന്ന ആര്‍ക്കും എന്റെ സാഹബിയായിരിക്കുവാന്‍ സാധിക്കുകയില്ല. 27സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ സഹാബിയായിരിക്കുവാന്‍ കഴിയുകയില്ല. 28ഒരു മിനാർ പണിയാന്‍ ഇച്ഛിക്കുമ്പോള്‍, അതു പൂര്‍ത്തിയാക്കാന്‍ വേണ്ട വക തനിക്കുണ്ടോ എന്ന് അതിന്റെ ചെലവ് ആദ്യമേ തന്നെ കണക്കു കൂട്ടി നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്? 29അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അടിത്തറ കെട്ടിക്കഴിഞ്ഞ് പണിമുഴുവനാക്കാന്‍ കഴിയാതെ വരുമ്പോള്‍, കാണുന്നവരെല്ലാം അവനെ ആക്‌ഷേപിക്കും. 30അവര്‍ പറയും: ഈ മനുഷ്യന്‍ പണി ആരംഭിച്ചു; പക്‌ഷേ, പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 31അല്ലെങ്കില്‍, ഇരുപതിനായിരം ഭടന്‍മാരോടുകൂടെ തനിക്കെതിരേ വരുന്നവനെ പതിനായിരം കൊണ്ടു നേരിടാന്‍ സാധിക്കുമോ എന്ന് ആദ്യമേ ആലോചിക്കാതെ മറ്റൊരു രാജാവിനോടു യുദ്ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്? 32അതു സാധ്യമല്ലെങ്കില്‍, അവന്‍ ദൂരത്തായിരിക്കുമ്പോള്‍ തന്നെ ദൂതന്‍മാരെ അയച്ച്, സമാധാനത്തിന് അപേക്ഷിക്കും. 33ഇതു പോലെ, തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ സാഹാബിയാവുക സാധ്യമല്ല. 34ഉപ്പ് നല്ലതു തന്നെ; എന്നാല്‍ ഉറകെട്ടുപോയാല്‍ അതിന് എങ്ങനെ ഉറകൂട്ടും? 35മണ്ണിനോ വളത്തിനോ അത് ഉപകരിക്കുകയില്ല. ആളുകള്‍ അതു പുറത്തെറിഞ്ഞു കളയുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.


Footnotes