അൽ-ആവിയാനി (ലേവ്യാ) 11
ശുദ്ധവും അശുദ്ധവുമായ ജീവികള്‍
11 1റബ്ബ്ൽ ആലമീൻ മൂസായോടും ഹാറൂനോടും അരുളിച്ചെയ്തു: 2യിസ്രായിലാഹ് ജനത്തോടു പറയുക, ദുനിയാവിലെ മൃഗങ്ങളില് നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്: 3പാദം വിഭജിച്ചിരിക്കുന്നതും ഇരട്ടക്കുളമ്പുള്ളതും അയവിറക്കുന്നതുമായ മൃഗങ്ങളെ നിങ്ങള്‍ക്കു ഭക്ഷിക്കാം. 4എന്നാല്‍, അയവിറക്കുന്നതോ ഇരട്ടക്കുളമ്പുള്ളതോ ആയ മൃഗങ്ങളില് ഇവയെ നിങ്ങള്‍ ഭക്ഷിക്കരുത്: ഒട്ടകം അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്. 5കുഴിമുയല്‍ അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്. 6മുയല്‍ അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്. 7പന്നി ഇരട്ടക്കുളമ്പുള്ളതെങ്കിലും അത് അയവിറക്കുന്നതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്. 8ഇവയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. പിണം തൊടുകയുമരുത്. ഇവ നിങ്ങള്‍ക്ക് അശുദ്ധമാണ്.
9ജല ജീവികളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്. കടലിലും നദിയിലും ജീവിക്കുന്ന, ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കാം. 10എന്നാല്‍ കടലിലും നദികളിലും പറ്റം ചേര്‍ന്നു ചരിക്കുന്നവയും അല്ലാത്തവയുമായ ജലജീവികളില്‍ ചിറകും ചെതുമ്പലുമില്ലാത്തവ നിങ്ങള്‍ക്കു നിന്ദ്യമായിരിക്കട്ടെ. 11അവ നിങ്ങള്‍ക്കു നിന്ദ്യമായിരിക്കണം. അവയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. അവയുടെ പിണം നിങ്ങള്‍ക്കു നിന്ദ്യമായിരിക്കട്ടെ. 12ചിറകും ചെതുമ്പലുമില്ലാത്ത ജല ജീവികളെല്ലാം നിങ്ങള്‍ക്കു നിന്ദ്യമായിരിക്കണം.
13പക്ഷികളില്‍ നിങ്ങള്‍ക്കു നിന്ദ്യമായിരിക്കേണ്ടവ ഇവയാണ്. ഇവ നിങ്ങള്‍ ഭക്ഷിക്കരുത്. ഇവയെല്ലാം നിന്ദ്യമാണ്. എല്ലാത്തരത്തിലും പെട്ട കഴുകന്‍, ചെമ്പരുന്ത്, കരിംപരുന്ത്, 14പരുന്ത്, പ്രാപ്പിടിയന്‍, 15കാക്ക, 16ഒട്ടകപ്പക്ഷി, രാനത്ത്, കടല്‍പ്പാത്ത, ചെങ്ങാലിപ്പരുന്ത്, 17മൂങ്ങ, നീര്‍കാക്ക, കൂമന്‍, 18അരയന്നം, ഞാറപ്പക്ഷി, കരിങ്കഴുകന്‍, 19കൊക്ക്, എരണ്ട, കാട്ടുകോഴി, നരിച്ചീര്‍.
20ചിറകുള്ള കീടങ്ങളില്‍ നാലുകാലില്‍ ചരിക്കുന്നവയെല്ലാം നിന്ദ്യമാണ്. 21എന്നാല്‍, ചിറകും നാലുകാലുമുള്ള കീടങ്ങളില്‍ നിലത്തു കുതിച്ചു ചാടുന്നവയെ ഭക്ഷിക്കാം. 22അവയില്‍ വെട്ടുകിളി, പച്ചക്കുതിര, വണ്ട്, വിട്ടില്‍ ഇവയുടെ എല്ലാ വര്‍ഗങ്ങളും നിങ്ങള്‍ക്കു ഭക്ഷിക്കാം. 23എന്നാല്‍, നാലു കാലും ചിറകുമുള്ള മറ്റെല്ലാ കീടങ്ങളും നിങ്ങള്‍ക്കു നിന്ദ്യമാണ്. ഇവ നിങ്ങളെ അശുദ്ധരാക്കും.
24ഇവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. 25ഇവയുടെ പിണം വഹിക്കുന്നവന്‍ തന്റെ വസ്ത്രം കഴുകട്ടെ. അവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. 26പാദം വിഭക്തമെങ്കിലും ഇരട്ടക്കുളമ്പില്ലാത്തതും അയവിറക്കാത്തതുമായ സകല മൃഗങ്ങളും നിങ്ങള്‍ക്ക് അശുദ്ധമാണ്. അവയെ സ്പര്‍ശിക്കുന്നവരും അശുദ്ധരായിരിക്കും. 27നാല്‍ക്കാലികളില്‍ നഖമുള്ള പാദങ്ങളോടു കൂടിയവ നിങ്ങള്‍ക്ക് അശുദ്ധമാണ്. അവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. 28അവയുടെ പിണം വഹിക്കുന്നവന്‍ തന്റെ വസ്ത്രം കഴുകണം. വൈകുന്നേരം വരെ അവന്‍ അശുദ്ധനായിരിക്കും. അവ നിങ്ങള്‍ക്ക് അശുദ്ധമാണ്.
29ഈ ദുനിയാവിലെ ഇഴജന്തുക്കളില്‍ നിങ്ങള്‍ക്ക് അശുദ്ധമായവ കീരി, എലി, വിവിധതരം ഉടുമ്പുകള്‍, 30പല്ലി, ചുമര്‍പ്പല്ലി, മണല്‍പ്പല്ലി, അരണ, ഓന്ത് എന്നിവയാണ്. 31ഇഴജന്തുക്കളില്‍ അശുദ്ധമായ ഇവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. 32ഇവയുടെ പിണം ഏതെങ്കിലും വസ്തുവിന്‍മേല്‍ വീണാല്‍ അതും അശുദ്ധമാകും. അതു മരംകൊണ്ടുണ്ടാക്കിയ ഉപകരണമോ വസ്ത്രമോ തോലോ ചാക്കോ ഉപയോഗയോഗ്യമായ ഏതെങ്കിലും പാത്രമോ ആകട്ടെ, അതു വെള്ളത്തിലിടണം. വൈകുന്നേരം വരെ അത് അശുദ്ധമായിരിക്കും. അനന്തരം ശുദ്ധമാകും. 33പിണം മണ്‍പാത്രത്തില്‍ വീണാല്‍ അതിലുള്ളവയും അശുദ്ധമായിത്തീരും. അത് ഉടച്ചുകളയണം. 34അതിലെ വെള്ളം ഏതെങ്കിലും ഭക്ഷണ പദാര്‍ത്ഥത്തില്‍ വീണാല്‍ അത് അശുദ്ധമാകും. അതിലുള്ള ഏതു പാനീയവും അശുദ്ധമായിരിക്കും. 35പിണത്തിന്റെ അംശം എന്തിലെങ്കിലും വീണാല്‍ അത് അശുദ്ധമാകും. അടുപ്പോ അഗ്‌നികലശമോ ആകട്ടെ അത് ഉടച്ചുകളയണം. അത് അശുദ്ധമാണ്; അശുദ്ധമായി നിങ്ങള്‍ കരുതുകയും വേണം. 36പിണം സ്പര്‍ശിക്കുന്ന എന്തും അശുദ്ധമാകുമെങ്കിലും ജലസമൃദ്ധമായ അരുവികള്‍ക്കും ഉറവകള്‍ക്കും അതു ബാധകമല്ല. 37വിതയ്ക്കാനുള്ള വിത്തില്‍ പിണത്തിന്റെ അംശം വീണാലും അത് ശുദ്ധമായിരിക്കും. 38എന്നാല്‍ നനച്ച വിത്തില്‍ പിണത്തിന്റെ അംശം വീണാല്‍ അതു നിങ്ങള്‍ക്ക് അശുദ്ധമായിരിക്കും.
39മൃഗം നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നതാണെങ്കിലും ചത്തു പോയാല്‍ അതിന്റെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. 40അതിന്റെ മാംസം ഭക്ഷിക്കുന്നവന് തന്റെ വസ്ത്രം കഴുകണം. അവന്‍ വൈകുന്നേരം വരെ അശുദ്ധനായിരിക്കും. അതു വഹിക്കുന്നവനും തന്റെ വസ്ത്രം കഴുകണം. അവനും വൈകുന്നേരം വരെ അശുദ്ധനായിരിക്കും.
41ഇഴജന്തുക്കളെല്ലാം നിന്ദ്യമാണ്. അവയെ ഭക്ഷിക്കരുത്. 42ഉരസ്‌സുകൊണ്ടോ നാലോ അതില്‍ക്കൂടുതലോ കാലുകള് കൊണ്ടോ ഇഴയുന്ന ജന്തുക്കളെ നിങ്ങള്‍ ഭക്ഷിക്കരുത്; അവ നിന്ദ്യമാണ്. 43ഇഴജന്തുക്കള്‍ നിമിത്തം നിങ്ങള്‍ അശുദ്ധരാകരുത്. അശുദ്ധരാകാതിരിക്കാന്‍ അവകൊണ്ടുള്ള മാലിന്യത്തില്‍നിന്ന് അകലുവിന്‍. 44ഞാന്‍ നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീനാകുന്നു. നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും പരിശുദ്ധരായിരിക്കുകയും ചെയ്യുവിന്‍. കാരണം, ഞാന്‍ പരിശുദ്ധനാകുന്നു. ദുനിയാവിലെ ഇഴജന്തുക്കള്‍ നിമിത്തം നിങ്ങള്‍ മലിനരാകരുത്. 45നിങ്ങളുടെ മഅബൂദായിരിക്കേണ്ടതിന് ഈജിപ്തില്നിന്നു നിങ്ങളെ ആനയിച്ച റബ്ബ്ൽ ആലമീൻ ഞാനാകുന്നു. നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, ഞാന്‍ പരിശുദ്ധനാണ്.
46പക്ഷികള്, മൃഗങ്ങള്, ജലജീവികള്‍, ഭൂമിയിലെ ഇഴജന്തുക്കള്‍ എന്നിവയെ സംബന്ധിച്ചുള്ള ശരീഅത്താണിത്. 47ജീവികളെ ശുദ്ധിയുള്ളവയും ശുദ്ധിയില്ലാത്തവയും ഭക്ഷിക്കാവുന്നവയും ഭക്ഷിക്കരുതാത്തവയും തമ്മില്‍ വേര്‍തിരിക്കാനാണിത്.