യഹിയ്യാ 2  

കാനായിലെ നിക്കാഹ് വിരുന്ന്

2 1മൂന്നാം ദിവസം, ഗലീലിയിലെ കാനായില്‍ ഒരു നിക്കാഹ് വിരുന്നു നടന്നു. ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൻറെ ഉമ്മ അവിടെയുണ്ടായിരുന്നു. 2ഈസാ അൽ മസീഹും സാഹബാക്കളും വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു. 3അവിടെ വീഞ്ഞു തീര്‍ന്നു പോയപ്പോള്‍ ഈസാ അൽ മസീഹിന്റെ ഉമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല. 4ഈസാ അൽ മസീഹ് അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല. 5അവന്റെ ഉമ്മ വാല്യക്കാരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.

6യൂദരുടെ ശുദ്ധീകരണ കര്‍മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കല്‍ ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു. 7ഭരണികളില്‍ വെള്ളം നിറയ്ക്കുവിന്‍ എന്ന് ഈസാ അൽ മസീഹ് അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു. 8ഇനി പകര്‍ന്നു 9കലവറക്കാരന്റെ അടുത്തു കൊണ്ടുചെല്ലുവിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ അപ്രകാരം ചെയ്തു. കലവറക്കാരന്‍ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. അത് എവിടെ നിന്നാണെന്ന് അവന്‍ അറിഞ്ഞില്ല. എന്നാല്‍, വെള്ളം കോരിയ വാല്യക്കാർ അറിഞ്ഞിരുന്നു. 10അവന്‍ പുതിയാപ്ലയെ വിളിച്ചു പറഞ്ഞു: എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചു കഴിയുമ്പോള്‍ താഴ്ന്നതരവും. എന്നാല്‍, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചു വച്ചുവല്ലോ. 11ഈസാ അൽ മസീഹ് തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായില്‍ ചെയ്ത ഈ അദ്ഭുതം. അവന്റെ സാഹബാക്കൾ അവനില്‍ ഈമാൻ വെച്ചു.

12ഇതിനു ശേഷം അവന്‍ തന്റെ ഉമ്മയോടും സഹോദരന്‍മാരോടും സാഹബാക്കളോടും കൂടി കഫര്‍ണാമിലേക്കു പോയി. അവര്‍ അവിടെ ഏതാനും ദിവസം താമസിച്ചു.

ഈസാ അൽ മസീഹ് ബൈത്തുൽ മുഖദ്ദസ്സ് ശുദ്ധീകരിക്കുന്നു (മത്തായി

(മത്തായി 21:12-13; മര്‍ക്കോസ് 11:15-17; ലൂക്കാ 19:45-46)

13യൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ ഈസാ അൽ മസീഹ് ജറൂസലെമിലേക്കു പോയി. 14കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ബൈത്തുൽ മുഖദ്ദസ്സിൽ അവന്‍ കണ്ടു. 15അവന്‍ കയറു കൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടും കൂടെ ബൈത്തുൽ മുഖദ്ദസ്സില്‍ നിന്നു പുറത്താക്കി; നാണയ മാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു. 16പ്രാവുകളെ വില്‍ക്കുന്നവരോട് അവന്‍ കല്‍പിച്ചു: ഇവയെ ഇവിടെ നിന്ന് എടുത്തു കൊണ്ടു പോകുവിന്‍. എന്റെ പിതാവിന്റെ പള്ളി നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്. 17അവിടുത്തെ പള്ളിയെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവന്റെ സാഹബാക്കൾ അനുസ്മരിച്ചു.

18യൂദര്‍ അവനോടു ചോദിച്ചു: ഇതു ചെയ്യുവാന്‍ നിനക്ക് അധികാരം ഉണ്ടെന്നതിന് എന്തടയാളമാണ് നീ ഞങ്ങളെ കാണിക്കുക? 19ഈസാ അൽ മസീഹ് മറുപടി പറഞ്ഞു: നിങ്ങള്‍ ഈ പള്ളി നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും. 20യൂദര്‍ ചോദിച്ചു: ഈ പള്ളി പണിയുവാന്‍ നാല്‍പത്താറു കൊല്ലമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അതു പുനരുദ്ധരിക്കുമോ? 21എന്നാല്‍, അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന പള്ളിയെപ്പറ്റിയാണ്. 22അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവന്റെ സാഹബാക്കൾ അവന്‍ ഇതു പറഞ്ഞിരുന്നുവെന്ന് ഓര്‍മിക്കുകയും അങ്ങനെ, വിശുദ്ധ ലിഖിതവും ഈസാ അൽ മസീഹ് പ്രസ്താവിച്ച കലാമിൽ ഈമാൻ വെക്കുകയും ചെയ്തു.

23പെസഹാ പെരുനാളിന് അവന്‍ ജറുസലെമിലായിരിക്കുമ്പോള്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ട് വളരെപ്പേര്‍ അവന്റെ നാമത്തില്‍ വിശ്വസിച്ചു. 24ഈസാ അൽ മസീഹ് ആകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു. 25മനുഷ്യനെപ്പറ്റി ആരുടെയും സാക്ഷ്യം അവന് ആവശ്യമായിരുന്നില്ല; മനുഷ്യനിലുള്ളത് എന്താണെന്ന് അവന്‍ വ്യക്തമായി അറിഞ്ഞിരുന്നു.


Footnotes