സൂറ അൽ-വജ്ഹ 28

28 1ഇഷഹാക്ക് യാഖൂബിനെ വിളിച്ച് അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: കാനാന്യ സ്ത്രീകളില്‍ ആരെയും നീ നിഖാഹ് കഴിക്കരുത്. 2പാദാന്‍ ആരാമില്‍ നിന്റെ ഉമ്മയുടെ പിതാവായ ബത്തുവേലിന്റെ വീട്ടിലേക്കു പോവുക. ഉമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിലൊരാളെ ബീവിയായി സ്വീകരിക്കുക. 3സര്‍വശക്തനായ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ നിന്നെ അനുഗ്രഹിച്ച്, സമൃദ്ധമായി വര്‍ധിപ്പിച്ച്, നിന്നില്‍ നിന്നു പല ജനതകളെ ഉളവാക്കട്ടെ! 4ഇബ്രാഹീമിൻറെ അനുഗ്രഹം നിനക്കും നിന്റെ സന്തതികള്‍ക്കുമായി അവിടുന്നു നല്‍കട്ടെ! നീ ഇപ്പോള്‍ പരദേശിയായി പാര്‍ക്കുന്നതും, അള്ളാഹു സുബുഹാന തഅലാ ഇബ്രാഹീമിനു നല്‍കിയതുമായ ഈ നാട് നീ അവകാശപ്പെടുത്തുകയും ചെയ്യട്ടെ! 5അങ്ങനെ ഇഷഹാക്ക് യാഖൂബിനെ പറഞ്ഞയച്ചു. അവന്‍ പാദാന്‍ ആരാമിലുള്ള, ലാബാന്റെ അടുക്കലേക്കു പോയി. അരമായനായ ബത്തുവേലിന്റെ മകനും, യാഖൂബിൻറെയും യീസേരുവിൻറെയും ഉമ്മ റബേക്കായുടെ സഹോദരനും ആണ് ലാബാന്‍.

6ഇഷഹാക്ക് യാഖൂബിനെ അനുഗ്രഹിച്ചതും പാദാന്‍ ആരാമില്‍ നിന്നു ബീവിയെ കണ്ടു പിടിക്കുന്നതിന് അങ്ങോട്ട് അവനെ പറഞ്ഞയച്ചതും യീസേരു അറിഞ്ഞു. അവനെ അനുഗ്രഹിച്ചപ്പോള്‍ കാനാന്യ സ്ത്രീകളില്‍ നിന്നു ബീവിയെ സ്വീകരിക്കരുത് എന്ന് അവന്‍ യാഖൂബിനോടു കല്‍പിച്ചെന്നും 7തന്റെ മാതാപിതാക്കളെ അനുസരിച്ച് യാഖൂബ് പാദാന്‍ആരാമിലേക്കു പോയെന്നും യീസേരു മനസ്‌സിലാക്കി. 8കാനാന്യ സ്ത്രീകളെ തന്റെ പിതാവായ ഇഷഹാക്കിന് ഇഷ്ടമല്ലെന്നു മനസ്‌സിലായപ്പോള്‍ 9യീസേരു ഇബ്രാഹീമിൻറെ മകനായ ഇസ്മായീലിന്റെ അടുത്തു ചെന്ന് അവന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെ ബീവിയായി സ്വീകരിച്ചു. അവനുണ്ടായിരുന്ന മറ്റു ബീവിമാർക്ക് പുറമേയായിരുന്നു ഇവള്‍.

യാഖൂബിൻറെ സ്വപ്നം

10യാഖൂബ് ബിറാസാബിൽ നിന്നു ഹാരാനിലേക്കു പുറപ്പെട്ടു. 11സൂര്യന്‍ അസ്തമിച്ചപ്പോള്‍ അവന്‍ വഴിക്ക് ഒരിടത്ത് തങ്ങുകയും രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. ഒരു കല്ലെടുത്തു തലയ്ക്കു കീഴേ വച്ച് അവന്‍ ഉറങ്ങാന്‍ കിടന്നു. അവന് ഒരു ദര്‍ശനം ഉണ്ടായി: 12ഭൂമിയില്‍ ഉറപ്പിച്ചിരുന്ന ഒരു ഗോവണി - അതിന്റെ അറ്റം ആകാശത്തു മുട്ടിയിരുന്നു. അള്ളാഹുവിൻറെ മലക്കുകൾ അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. 13ഗോവണിയുടെ മുകളില്‍ നിന്നുകൊണ്ടു റബ്ബിൽ ആലമീൻ അരുളിച്ചെയ്തു: ഞാന്‍ നിന്റെ പിതാവായ ഇബ്രാഹീമിൻറെയും ഇഷഹാക്കിന്റെയും മഅബൂദായ റബ്ബിൽ ആലമീൻ. നീ കിടക്കുന്ന ഈ മണ്ണു നിനക്കും നിന്റെ സന്തതികള്‍ക്കും ഞാന്‍ നല്‍കും. 14നിന്റെ സന്തതികള്‍ ഭൂമിയിലെ പൂഴിപോലെ എണ്ണമറ്റവരായിരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നിങ്ങള്‍ വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടും. 15ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല. 16അപ്പോള്‍ യാഖൂബ് ഉറക്കത്തില്‍ നിന്നുണര്‍ന്നു. അവന്‍ പറഞ്ഞു: തീര്‍ച്ചയായും റബ്ബിൽ ആലമീൻ ഈ സ്ഥലത്തുണ്ട്. 17എന്നാല്‍, ഞാന്‍ അതറിഞ്ഞില്ല. ഭീതിപൂണ്ട് അവന്‍ പറഞ്ഞു: ഈ സ്ഥലം എത്ര ഭയാനകമാണ്! ഇതു അള്ളാഹുവിന്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല. ജന്നത്തിന്റെ കവാടമാണിവിടം.

18യാഖൂബ് അതിരാവിലെ എഴുന്നേറ്റു തലയ്ക്കു കീഴേ വച്ചിരുന്ന കല്ലെടുത്ത് ഒരു തൂണായി കുത്തിനിര്‍ത്തി അതിന്‍മേല്‍ എണ്ണയൊഴിച്ചു. 19അവന്‍ ആ സ്ഥലത്തിനു ബൈത്തുൽ ഇലാഹ് എന്നു പേരിട്ടു. ലൂസ് എന്നായിരുന്നു ആ പട്ടണത്തിന്റെ ആദ്യത്തെ പേര്. 20അതുകഴിഞ്ഞ് യാഖൂബ് ഒരു പ്രതിജ്ഞചെയ്തു: മഅബൂദായ റബ്ബിൽ ആലമീൻ എന്റെ കൂടെ ഉണ്ടായിരിക്കുകയും, ഈയാത്രയില്‍ എന്നെ സംരക്ഷിക്കയും, 21എനിക്ക് ഉണ്ണാനും ഉടുക്കാനും തരുകയും, എന്റെ പിതാവിന്റെ വീട്ടിലേക്കു സമാധാനത്തോടെ ഞാന്‍ തിരിച്ചെത്തുകയും ചെയ്താല്‍ റബ്ബിൽ ആലമീനായിരിക്കും എന്റെ മഅബൂദ്. 22തൂണായി കുത്തി നിര്‍ത്തിയിരിക്കുന്ന ഈ കല്ലു അള്ളാഹുവിന്റെ ഭവനമായിരിക്കും. അവിടുന്ന് എനിക്കു തരുന്നതിന്റെയെല്ലാം പത്തിലൊന്ന് ഞാന്‍ അവിടുത്തേക്കു സമര്‍പ്പിക്കുകയും ചെയ്യും.


Footnotes