സൂറ അൽ-ഹശ്ർ 14
ചെങ്കടല്‍ കടക്കുന്നു
14 1റബ്ബുൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 2യിസ്രായിലാഹ്യരോടു പറയുക, നിങ്ങള്‍ പിന്തിരിഞ്ഞു പിഹഹിറോത്തിനു മുന്‍പില്‍ മിഗ്‌ദോലിനും കടലിനും മധ്യേ ബാല്‍സെഫോന്‍റെ എതിര്വശത്തു പാളയമടിക്കുവിന്‍. പാളയമടിക്കുന്നതു കടലിനടുത്തായിരിക്കണം. 3അപ്പോള്‍ ഫിർഔൻ യിസ്രായിലാഹ്യരെക്കുറിച്ചു പറയും: അവര്‍ ഇതാ നാട്ടില് അലഞ്ഞുതിരിയുന്നു. മരുഭൂമി അവരെ കുടുക്കിലാക്കിയിരിക്കുന്നു. 4യിസ്രായിലാഹ്യരെ അനുധാവനം ചെയ്യത്തക്കവിധം ഫിർഔനെ ഞാന്‍ കഠിനചിത്തനാക്കും. ഫിർഔന്‍റെയും അവന്‍റെ സൈന്യങ്ങളുടെയും മേല്‍ ഞാന്‍ മഹത്വം വരിക്കും. ഞാനാണ് റബ്ബുൽ ആലമീൻ എന്ന് അപ്പോള്‍ ഈജിപ്തുകാര് മനസ്സിലാക്കും. റബ്ബുൽ ആലമീൻ പറഞ്ഞതു പോലെ യിസ്രായിലാഹ്യർ പ്രവര്‍ത്തിച്ചു.
5യിസ്രായിലാഹ്യർ പോയവിവരം ഈജിപ്തു രാജാവ് അറിഞ്ഞപ്പോള് അവനും സേവകര്‍ക്കും അവരോടുണ്ടായിരുന്ന മനോഭാവം മാറി. അവര്‍ പറഞ്ഞു: നാം എന്താണീ ചെയ്തത്? നമ്മുടെ അടിമകളായ യിസ്രായിലാഹ്യരെ വിട്ടയച്ചിരിക്കുന്നു. 6ഫിർഔൻ തന്‍റെ രഥമൊരുക്കി സൈന്യങ്ങളെ സജ്ജമാക്കി. 7ഏററവും മികച്ച അറുനൂറു രഥങ്ങളും ഈജിപ്തിലെ മറെറല്ലാ രഥങ്ങളും അവയുടെ നായകന്‍മാരെയും അവന്‍ കൂടെക്കൊണ്ടു പോയി. 8ഈജിപ്തിലെ രാജാവായ ഫിർഔനെ റബ്ബുൽ ആലമീൻ കഠിനചിത്തനാക്കി. ധൈര്യപൂര്വം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന യിസ്രായിലാഹ്യരെ ഈജിപ്തുകാര് പിന്‍തുടര്‍ന്നു. 9ഫിർഔന്‍റെ തേരുകളും കുതിരകളും കുതിരപ്പടയാളികളും സൈന്യം മുഴുവനും കടല്‍ത്തീരത്ത് പിഹഹിറോത്തിന് അരികേ ബാല്‍സെഫോന്‍റെ എതിര്വശത്തു പാളയമടിച്ച യിസ്രായിലാഹ്യരുടെ സമീപം എത്തിച്ചേര്‍ന്നു.
10ഫിർഔൻ സമീപിച്ചുകൊണ്ടിരുന്നപ്പോള്‍ യിസ്രായിലാഹ് ജനം കണ്ണുകളുയര്ത്തി നോക്കി. തങ്ങളെ പിന്‍തുടരുന്ന ഈജിപ്തുകാരെ അവര്‍ കണ്ടു. ഭയവിഹ്വലരായ യിസ്രായിലാഹ്യർ റബ്ബുൽ ആലമീനെ വിളിച്ചു ദുആ ഇരന്നു. 11അവര്‍ മൂസായോടു ചോദിച്ചു: ഈജിപ്തില് ശവക്കുഴികളില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയില്‍ക്കിടന്നു മയ്യത്താകാൻ കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത്? നീ എന്താണു ഞങ്ങളോടു ചെയ്തിരിക്കുന്നത്. ഈജിപ്തില് നിന്ന് എന്തിനാണ് ഞങ്ങളെ പുറത്തു കൊണ്ടുവന്നത്? 12ഞങ്ങളെ തനിയേ വിട്ടേക്കൂ, ഞങ്ങള്‍ ഈജിപ്തുകാര്‍ക്ക് വേലചെയ്തു കഴിഞ്ഞു കൊള്ളാം എന്ന് ഈജിപ്തില് വച്ചു ഞങ്ങള്‍ നിന്നോടു പറഞ്ഞതല്ലേ? ഈജിപ്തുകാര്‍ക്ക് അടിമവേല ചെയ്യുകയായിരുന്നു, മരുഭൂമിയില്‍ക്കിടന്നു മരിക്കുന്നതിനേക്കാള്‍ മെച്ചം. 13മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചു നില്‍ക്കുവിന്‍. നിങ്ങള്‍ക്കു വേണ്ടി ഇന്നു റബ്ബുൽ ആലമീൻ ചെയ്യാന്‍ പോകുന്ന രക്ഷാ കൃത്യം നിങ്ങള്‍ കാണും. ഇന്നു കണ്ട ഈജിപ്തുകാരെ ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല. 14റബ്ബുൽ ആലമീൻ നിങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.
15റബ്ബുൽ ആലമീൻ മൂസായോടു പറഞ്ഞു: നീ എന്തിന് എന്നെ വിളിച്ചു കരയുന്നു? മുന്‍പോട്ടു പോകാന്‍ യിസ്രായിലാഹ്യരോടു പറയുക. 16നിന്‍റെ വടി കൈയിലെടുത്ത് കടലിനു മീതേ നീട്ടി അതിനെ വിഭജിക്കുക. യിസ്രായിലാഹ്യർ കടലിനു നടുവേ വരണ്ട നിലത്തിലൂടെ കടന്നു പോകട്ടെ. 17ഞാന്‍ ഈജിപ്തുകാരെ കഠിനചിത്തരാക്കും; അവര്‍ നിങ്ങളെ പിന്‍തുടരും; ഞാന്‍ ഫിർഔന്‍റെയും അവന്‍റെ സൈന്യങ്ങളുടെയും തേരുകളുടെയും കുതിരപ്പടയാളികളുടെയും മേല്‍ മഹത്വം നേടും. 18ഫിർഔനും അവന്‍റെ രഥങ്ങളുടെയും അശ്വസേനയുടെയും മേല്‍ ഞാന്‍ മഹത്വം വരിക്കുമ്പോള്‍ ഞാനാണു റബ്ബുൽ ആലമീനെന്ന് ഈജിപ്തുകാര് മനസ്സിലാക്കും.
19യിസ്രായിലാഹ് ജനത്തിന്‍റെ മുന്‍പേ പൊയ്‌ക്കൊണ്ടിരുന്ന അള്ളാഹുവിന്‍റെ മലക്ക് അവിടെ നിന്നു മാറി അവരുടെ പിന്‍പേ പോകാന്‍ തുടങ്ങി. 20മേഘസ്തംഭവും മുന്‍പില്‍ നിന്നു മാറി പിന്‍പില്‍ വന്നു നിന്നു. അത് ഈജിപ്തുകാരുടെയും യിസ്രായിലാഹ്യരുടെയും പാളയങ്ങള്‍ക്കിടയില്‍ വന്നു നിന്നു. മേഘം ഇരുട്ടു നിറഞ്ഞതായിരുന്നു. അതിനാല്‍, ഒരു കൂട്ടര്‍ക്കു മററവരെ സമീപിക്കാനാവാതെ രാത്രി കഴിഞ്ഞു.
21മൂസാ കടലിനു മീതെ കൈ നീട്ടി. റബ്ബുൽ ആലമീൻ രാത്രി മുഴുവന്‍ ശക്തമായ ഒരു കിഴക്കന്‍കാററയച്ചു കടലിനെ പിറകോട്ടു മാററി. കടല് വരണ്ട ഭൂമിയാക്കി; വെള്ളം വിഭജിക്കപ്പെട്ടു. 22യിസ്രായിലാഹ്യർ കടലിനു നടുവേ ഉണങ്ങിയ മണ്ണിലൂടെ നടന്നു. അവരുടെ വലത്തും ഇടത്തും വെള്ളം മതില്‍ പോലെ നിന്നു. 23ഈജിപ്തുകാര് - ഫിർഔന്‍റെ കുതിരകളും കുതിരപ്പടയാളികളും തേരുകളുമെല്ലാം - അവരെ പിന്‍തുടര്‍ന്ന്, കടലിന്‍റെ നടുവിലേക്കു നീങ്ങി. 24രാത്രിയുടെ അന്ത്യയാമത്തില്‍ റബ്ബുൽ ആലമീൻ അഗ്നിയുടെയും മേഘത്തിന്‍റെയും സ്തംഭത്തില്‍നിന്ന് ഈജിപ്തുകാരുടെ സൈന്യത്തെ നോക്കി അവരെ പരിഭ്രാന്തരാക്കി. 25അവിടുന്നു രഥചക്രങ്ങള്‍ തടസ്‌സപ്പെടുത്തി. തന്‍മൂലം ഗതി ദുഷ്‌കരമായി. അപ്പോള്‍ ഈജിപ്തുകാര് പറഞ്ഞു: യിസ്രായിലാഹ്യരിൽ നിന്നു നമുക്ക് ഓടി രക്ഷപെടാം. റബ്ബുൽ ആലമീൻ അവര്‍ക്കു വേണ്ടി ഈജിപ്തിനെതിരേ യുദ്ധം ചെയ്യുന്നു.
26അപ്പോള്‍ റബ്ബുൽ ആലമീൻ മൂസായോടു പറഞ്ഞു: നിന്‍റെ കരം കടലിനു മീതേ നീട്ടുക. വെള്ളം മടങ്ങിവന്ന് ഈജിപ്തുകാരെയും അവരുടെ തേരുകളെയും കുതിരപ്പടയാളികളെയും മൂടട്ടെ. മൂസാ കടലിനു മീതേ കൈനീട്ടി. 27പ്രഭാതമായപ്പോഴേക്ക് കടല് പൂര്‍വസ്ഥിതിയിലായി. ഈജിപ്തുകാര് പിന്‍തിരിഞ്ഞോടിയത് അതിനു മധ്യത്തിലേക്കാണ്. അങ്ങനെ റബ്ബുൽ ആലമീൻ ഈജിപ്തുകാരെ നടുക്കടലില്‍ ആഴ്ത്തി. 28യിസ്രായിലാഹ്യരെ പിന്‍തുടര്‍ന്നു കടലിലിറങ്ങിയ തേരുകളെയും കുതിരപ്പടയാളികളെയും ഫിർഔന്‍റെ സൈന്യം മുഴുവനെയും കടല് വെള്ളം മൂടിക്കളഞ്ഞു. 29അവരില്‍ ആരും അവശേഷിച്ചില്ല. എന്നാല്‍, യിസ്രായിലാഹ്യർ കടലിനു നടുവേ വരണ്ട ഭൂമിയിലൂടെ നടന്നുപോയി. അവരുടെ വലത്തും ഇടത്തും വെള്ളം മതില്‍ പോലെ നിലകൊണ്ടു.
30അങ്ങനെ ആ ദിവസം റബ്ബുൽ ആലമീൻ യിസ്രായിലാഹ്യരെ ഈജിപ്തുകാരില്‍ നിന്നു രക്ഷിച്ചു. ഈജിപ്തുകാര് കടല് തീരത്തു മരിച്ചുകിടക്കുന്നത് യിസ്രായിലാഹ്യർ കണ്ടു. 31റബ്ബുൽ ആലമീൻ ഈജിപ്തുകാര്‍ക്കെതിരേ ഉയര്‍ത്തിയ ശക്തമായ കരം യിസ്രായിലാഹ്യർ കണ്ടു. ജനം റബ്ബുൽ ആലമീനെ ഭയപ്പെട്ടു. റബ്ബുൽ ആലമീനെയും അവിടുത്തെ ദാസനായ മൂസായെയും വിശ്വസിക്കുകയും ചെയ്തു.