സൂറ അൽ-റൂത്ത് 3
ബറാസിന്റെ മെതിക്കളത്തില്‍
3 1നവോമി റൂത്തിനോടു പറഞ്ഞു: മകളേ, സന്തുഷ്ടമായ കുടുംബ ജീവിതത്തില് നിന്നെ പ്രവേശിപ്പിക്കുക എന്റെ കടമയല്ലേ? 2നീ ആരുടെ ദാസികളുമൊത്ത് ജോലിചെയ്യുന്നുവോ ആ ബറാസ് നമ്മുടെ ബന്ധുവാണല്ലോ. 3മെതിക്കളത്തില്‍ ബാര്‍ലി പാറ്റുന്നതിന് അവന്‍ ഇന്നു രാത്രി വരുന്നുണ്ട്. നീ കുളിച്ചു തൈലം പൂശി ഏറ്റവും നല്ല വസ്ത്രവും ധരിച്ചു മെതിക്കളത്തിലേക്കു ചെല്ലുക. എന്നാല്‍, അവന്റെ അത്താഴം കഴിയുന്നതുവരെ അവന്‍ നിന്നെ തിരിച്ചറിയാന്‍ ഇടയാകരുത്. 4അവന്‍ ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം നോക്കി വയ്ക്കുക, പിന്നീടു നീ ചെന്ന് അവന്റെ കാലില്‍ നിന്നു പുതപ്പുമാറ്റി അവിടെ കിടക്കുക. നീ ചെയ്യേണ്ടതെന്തെന്ന് അവന്‍ പറഞ്ഞുതരും. 5ഉമ്മ പറഞ്ഞതുപോലെ ഞാന്‍ ചെയ്യാം എന്ന് അവള്‍ പറഞ്ഞു.
6അവള്‍ മെതിക്കളത്തില്‍ ചെന്ന് അമ്മായുമ്മ പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചു. 7ഭക്ഷിച്ചും പാനംചെയ്തും സന്തുഷ്ടനായപ്പോള്‍ ബറാസ് ധാന്യക്കൂമ്പാരത്തിന്റെ അരികില്‍ കിടന്നുറങ്ങി. അപ്പോള്‍ അവള്‍ സാവധാനം ചെന്ന് അവന്റെ കാലില്‍നിന്നു പുതപ്പുമാറ്റി അവിടെ കിടന്നു. 8അര്‍ധരാത്രിയില്‍ അവന്‍ ഞെട്ടിയുണര്‍ന്നു. കാല്‍ക്കല്‍ ഒരു സ്ത്രീ കിടക്കുന്നു! 9നീ ആരാണ്? അവന്‍ ചോദിച്ചു; ഞാന്‍ നിന്റെ ദാസിയായ റൂത്ത് ആണ് എന്ന് അവള്‍ പറഞ്ഞു. അങ്ങ് എന്റെ അടുത്ത ബന്ധുവാകയാല്‍ അങ്ങയുടെ വസ്ത്രം ഈ ദാസിയുടെമേല്‍ വിരിച്ച് എന്നെ സ്വീകരിക്കുക. 10അവന്‍ മറുപടിപറഞ്ഞു: മകളേ, റബ്ബ്ൽ ആലമീൻ നിന്നെ അനുഗ്രഹിക്കട്ടെ! നീ ഇപ്പോള്‍ കാണിച്ചിരിക്കുന്ന ഔദാര്യം ആദ്യത്തേതിലും വലുതാണ്. യുവാക്കന്‍മാരെ - ധനികരോ ദരിദ്രരോ ആകട്ടെ - തേടാതെ നീ എന്റെ അടുക്കല് വന്നല്ലോ. 11മകളേ, ഭയപ്പെടേണ്ടാ. നീ ആവശ്യപ്പെടുന്നതെന്തും ഞാന്‍ നിനക്കു ചെയ്തുതരാം. നീ ഒരു ഉത്തമസ്ത്രീയാണെന്നു നഗരത്തിലെ എന്റെ പരിചയക്കാര്‍ക്കെല്ലാം അറിയാം. 12ഞാന്‍ നിന്റെ അടുത്ത ബന്ധുവാണെന്നതു വാസ്തവം തന്നെ. എന്നാല്‍, എന്നെക്കാള്‍ അടുത്ത മറ്റൊരു ചാര്‍ച്ചക്കാരന്‍ നിനക്കുണ്ട്. 13ഈ രാത്രി ഇവിടെ കഴിയുക. ഏറ്റവും അടുത്ത ബന്ധുവിന്റെ ചുമതല അവന്‍ നിര്‍വഹിക്കുമോ എന്നു രാവിലെ അന്വേഷിക്കാം. അവന്‍ അതു ചെയ്താല്‍ നന്ന്. ഇല്ലെങ്കില്‍ ഉറ്റ ബന്ധുവിന്റെ കടമ റബ്ബ്ൽ ആലമീനാണേ, ഞാന്‍ നിര്‍വഹിക്കും. പ്രഭാതം വരെ നീ ഇവിടെ കിടന്നുകൊള്ളുക.
14അവള്‍ അവന്റെ കാല്‍ക്കല്‍ കിടന്നു. അതിരാവിലെ ആളറിയുന്നതിനു മുമ്പേ അവള്‍ എഴുന്നേറ്റു. ബറാസ് പറഞ്ഞു: മെതിക്കളത്തില്‍ ഒരു സ്ത്രീ വന്നെന്ന് ആരും അറിയരുത്. 15നിന്റെ മേലങ്കി വിരിച്ചു പിടിക്കുക. അവന്‍ ആറ് അളവ് ബാര്‍ലി അതിലിട്ട് അവളുടെ തലയില് വച്ചുകൊടുത്തു. അവള്‍ നഗരത്തിലേക്കു പോയി. 16വീട്ടില് എത്തിയപ്പോള്‍ അമ്മായുമ്മ ചോദിച്ചു: മകളേ, എന്തുണ്ടായി? അവന്‍ ചെയ്തതെല്ലാം അവള്‍ വിവരിച്ചു പറഞ്ഞു. 17അമ്മായുമ്മയുടെ അടുത്തേക്ക് വെറും കയ്യോടെ പോകേണ്ടാ എന്നുപറഞ്ഞ് ഈ ആറളവ് ബാര്‍ലി അവന്‍ എനിക്കു തന്നു. 18നവോമി പറഞ്ഞു: മകളേ, കാര്യങ്ങള് എങ്ങനെയാകും എന്നു കാത്തിരുന്നു കാണാം. കാര്യം തീരുമാനിക്കുന്നതു വരെ അവന്‍ അടങ്ങിയിരിക്കുകയില്ല. ഇന്നു തന്നെ തീരുമാനമാകും.