അൽ-സബൂർ 65
അള്ളാഹു സുബുഹാന തഅലാ സമൃദ്ധി ചൊരിയുന്നു
65
1യാ അള്ളാ, സീയോനില്‍ വസിക്കുന്ന അങ്ങു സ്തുത്യര്‍ഹനാണ്; അങ്ങേക്കുള്ള നേര്‍ച്ചകള്‍ ഞങ്ങള്‍ നിറവേറ്റും.
2ദുആ ശ്രവിക്കുന്നവനേ, മര്‍ത്യരെല്ലാം പാപഭാരവുമായി അങ്ങയുടെ സന്നിധിയില്‍ വരുന്നു.
3അകൃത്യങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ അങ്ങ് ഞങ്ങളെ മോചിപ്പിക്കുന്നു.
4അങ്ങയുടെ അങ്കണത്തില്‍ വസിക്കാന്‍ അങ്ങുതന്നെ തിരഞ്ഞെടുത്തുകൊണ്ടു വരുന്നവന്‍ ഭാഗ്യവാന് ; ഞങ്ങള്‍ അങ്ങയുടെ ആലയത്തിലെ, വിശുദ്ധമന്ദിരത്തിലെ,നന്‍മകൊണ്ടു സംതൃപ്തരാകും.
5ഞങ്ങളുടെ രക്ഷയായ മഅബൂദ്, ഭീതികരമായ പ്രവൃത്തികളാല്‍ അങ്ങു ഞങ്ങള്‍ക്കു മോചനമരുളുന്നു, ഭൂമി മുഴുവന്റെയും വിദൂര സമുദ്രങ്ങളുടെയും പ്രത്യാശ അവിടുന്നാണ്.
6അവിടുന്നു ശക്തികൊണ്ട് അര മുറുക്കി പര്‍വതങ്ങളെ ഉറപ്പിക്കുന്നു.
7അവിടുന്നു സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ അലര്‍ച്ചയും ജനതകളുടെ കലഹവും ശമിപ്പിക്കുന്നു.
8ഭൂമിയുടെ വിദൂരമായ അതിരുകളില്‍ വസിക്കുന്നവരും അങ്ങയുടെ അദ്ഭുതപ്രവൃത്തികള്‍കണ്ടു ഭയപ്പെടുന്നു. ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകള്‍ ആനന്ദം കൊണ്ട് ആര്‍ത്തുവിളിക്കാന്‍ അങ്ങ് ഇടയാക്കുന്നു.
9അവിടുന്നു ഭൂമിയെ സന്ദര്‍ശിച്ച് അതിനെ നനയ്ക്കുന്നു, അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു; ദൈവത്തിന്റെ നദി നിറഞ്ഞൊഴുകുന്നു; അവിടുന്നു ഭൂമിയെ ഒരുക്കി അവര്‍ക്കു ധാന്യം നല്‍കുന്നു.
10അവിടുന്ന് അതിന്റെ ഉഴവുചാലുകളെ സമൃദ്ധമായി നനയ്ക്കുന്നു; കട്ടയുടച്ചുനിരത്തുകയും മഴവര്‍ഷിച്ച് അതിനെ കുതിര്‍ക്കുകയും ചെയ്യുന്നു; അവിടുന്ന് അതിന്റെ മുളകളെ അനുഗ്രഹിക്കുന്നു.
11സംവത്സരത്തെ അവിടുന്നു സമൃദ്ധികൊണ്ടു മകുടം ചാര്‍ത്തുന്നു; അങ്ങയുടെ രഥത്തിന്റെ ചാലുകള്‍പുഷ്ടി പൊഴിക്കുന്നു.
12മരുപ്രദേശത്തെ പുല്‍പുറങ്ങള്‍ സമൃദ്ധി ചൊരിയുന്നു; കുന്നുകള്‍ സന്തോഷം അണിയുന്നു.
13മേച്ചില്‍പ്പുറങ്ങള്‍ ആട്ടിന്‍കൂട്ടങ്ങളെക്കൊണ്ട് ആവൃതമാകുന്നു; താഴ്‌വരകള്‍ ധാന്യം കൊണ്ടു മൂടിയിരിക്കുന്നു; സന്തോഷം കൊണ്ട് അവ ആര്‍ത്തുപാടുന്നു.