അൽ-സബൂർ 60

തോല്‍പിക്കപ്പെട്ട ജനതയുടെ വിലാപം

60

1യാ അള്ളാ, അങ്ങു ഞങ്ങളെ പരിത്യജിച്ചു, ഞങ്ങളുടെ പ്രതിരോധ നിരകള്‍ തകര്‍ത്തു; അവിടുന്നു കുപിതനായിരുന്നു; ഞങ്ങളെ കടാക്ഷിക്കണമേ!

2അവിടുന്നു ഭൂമിയെ വിറപ്പിച്ചു, അവിടുന്ന് അതിനെ പിളര്‍ന്നു. അതിന്റെ വിള്ളലുകള്‍ നികത്തണമേ! അത് ഇടിഞ്ഞു വീഴാറായിരിക്കുന്നു.

3അങ്ങു സ്വന്തം ജനത്തെ കഠിനയാതനയ്ക്ക് ഇരയാക്കി; അവിടുന്നു ഞങ്ങളെ വിഭ്രാന്തിയുടെ വീഞ്ഞു കുടിപ്പിച്ചു.

4വില്ലില്‍ നിന്ന് ഓടിയകലാന്‍ തന്റെ ഭക്തര്‍ക്ക് അടയാളമായി അവിടുന്ന് ഒരു കൊടി ഉയര്‍ത്തി.

5ഞങ്ങളുടെ ദുആ സ്വീകരിച്ച് അങ്ങയുടെ വലത്തുകൈയാല്‍ ഞങ്ങളെ രക്ഷിക്കണമേ! അങ്ങയുടെ പ്രിയജനം മോചിതരാകട്ടെ!

6അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) തന്റെ വിശുദ്ധ മന്ദിരത്തില്‍ നിന്ന് അരുളിച്ചെയ്തു: ആനന്ദപൂര്‍വം ഞാന്‍ ഷെക്കെമിനെ വിഭജിക്കുകയും സുക്കോത്തു താഴ്‌വര അളന്നു തിരിക്കുകയും ചെയ്യും.

7ഗിലയാദ് എന്റേതാണ്, മനാസ്‌സെയും എന്റേതു തന്നെ; എഫ്രായിം എന്റെ പടത്തൊപ്പിയും യൂദാ എന്റെ ചെങ്കോലുമാണ്.

8മൊവാബ് എന്റെ ക്ഷാളനപാത്രം; ഏദോമില്‍ ഞാന്‍ എന്റെ പാദുകം അഴിച്ചുവയ്ക്കും; ഫിലിസ്ത്യയുടെമേല്‍ ഞാന്‍ വിജയഘോഷം മുഴക്കും.

9സുരക്ഷിത നഗരത്തിലേക്ക് ആര് എന്നെ നയിക്കും? ഏദോമിലേക്ക് ആര് എന്നെ കൊണ്ടുപോകും?

10യാ അള്ളാ, അങ്ങ് ഞങ്ങളെ പരിത്യജിച്ചില്ലേ? അങ്ങ് ഞങ്ങളുടെ സൈന്യത്തോടൊപ്പം ഇല്ലല്ലോ.

11ശത്രുവിനെതിരേ ഞങ്ങളെ സഹായിക്കണമേ! മനുഷ്യന്റെ സഹായം വ്യര്‍ഥമാണ്.

12അള്ളാഹുവിനോടൊത്തു ഞങ്ങള്‍ ധീരമായി പൊരുതും; അവിടുന്നാണു ഞങ്ങളുടെ ശത്രുക്കളെ ചവിട്ടിമെതിക്കുന്നത്.


Footnotes