അൽ-സബൂർ 58
ദുഷ്ടന്‍മാരോടു പ്രതികാരം
58
1ശക്തരേ, നിങ്ങളുടെ വിധി നീതിനിഷ്ഠമാണോ? പരമാര്‍ഥതയോടെയാണോ നിങ്ങള്‍ മനുഷ്യമക്കളെ വിധിക്കുന്നത്?
2നിങ്ങള്‍ ഹൃദയത്തില്‍ തിന്മ നിരൂപിക്കുന്നു. നിങ്ങള്‍ ദുനിയാവില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നു.
3ഉരുവായപ്പോള്‍ മുതല്‍ ദുഷ്ടര്‍ വഴിപിഴച്ചിരിക്കുന്നു, ജനനം മുതലേ നുണ പറഞ്ഞ് അവര്‍ അപഥത്തില്‍ സഞ്ചരിക്കുന്നു.
4അവര്‍ക്കു സര്‍പ്പത്തിന്റേതുപോലെയുള്ള വിഷമുണ്ട്; ചെവിയടഞ്ഞ അണലിയെപ്പോലെ ബധിരരാണ് അവര്‍ .
5പാമ്പാട്ടിയുടെയോ മാന്ത്രികന്റെയോ സ്വരം അതു കേള്‍ക്കുന്നില്ല.
6യാ അള്ളാ, അവരുടെ പല്ലു തകര്‍ക്കണമേ! യാ റബ്ബ്ൽ ആലമീൻ, യുവസിംഹങ്ങളുടെ ദംഷ്ട്രങ്ങള്‍ പിഴുതെറിയണമേ!
7ഒഴുകിമറിയുന്ന ജലം പോലെ അവര്‍ അപ്രത്യക്ഷരാകട്ടെ! പുല്ലുപോലെ അവര്‍ ചവിട്ടിമെതിക്കപ്പെടുകയും മാഞ്ഞു പോവുകയും ചെയ്യട്ടെ.
8ഇഴഞ്ഞുപോകുമ്പോള്‍ അലിഞ്ഞുതീരുന്ന ഒച്ചുപോലെയാകട്ടെ അവര്‍ ; അവര്‍ സൂര്യപ്രകാശം കാണാന്‍ ഇടവരാത്ത ചാപിള്ളപോലെയാകട്ടെ!
9നിങ്ങളുടെ കലത്തിനു ചൂടേല്‍ക്കുന്നതിനു മുന്‍പുതന്നെ ചുള്ളി വിറകുകള്‍ , പച്ചയും എരിയുന്നതും ഒന്നുപോലെ, അവിടുന്നു പറത്തിക്കളയും.
10പ്രതികാരം കണ്ടു നീതിമാന് സന്തോഷിക്കും; ദുഷ്ടരുടെ രക്തത്തില്‍ അവന്‍ കാലുകഴുകും.
11നിശ്ചയമായും നീതിമാനു പ്രതിഫലമുണ്ട്; തീര്‍ച്ചയായും ദുനിയാവില്‍ ന്യായം വിധിക്കുന്ന ഒരു മഅബൂദുണ്ട് എന്നു മനുഷ്യര്‍ പറയും.