അൽ-സബൂർ 17
നിഷ്കളങ്കന്റെ പ്രതിഫലം
17 1യാ റബ്ബ്ൽ ആലമീൻ, എന്റെ ന്യായം കേള്‍ക്കണമേ! എന്റെ നിലവിളി ശ്രദ്ധിക്കണമേ! നിഷ്കപടമായ എന്റെ അധരങ്ങളില് നിന്നുള്ള ദുആ ശ്രവിക്കണമേ! 2എന്റെ വിധി അങ്ങയുടെ സന്നിധിയില് നിന്നു പുറപ്പെടട്ടെ! അങ്ങയുടെ കണ്ണു ന്യായം കാണുമാറാകട്ടെ!
3അവിടുന്ന് എന്റെ ഹൃദയം പരിശോധിച്ചാല്‍ , രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചാല്‍ , അങ്ങ് എന്നെ ഉരച്ചുനോക്കിയാല്‍ , എന്നില്‍ തിന്മ കണ്ടെണ്ടത്തുകയില്ല; എന്റെ അധരങ്ങള് പ്രമാണം ലംഘിക്കുകയില്ല. 4മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചിട്ടില്ല. അങ്ങയുടെ അധരങ്ങളില് നിന്നു പുറപ്പെടുന്ന വചനം ഞാന്‍ അനുസരിച്ചു; അക്രമികളുടെ പാതയില് നിന്നു ഞാന്‍ ഒഴിഞ്ഞു നിന്നു. 5എന്റെ കാലടികള്‍ അങ്ങയുടെ പാതയില്ത്തന്നെ പതിഞ്ഞു; എന്റെ പാദങ്ങള് വഴുതിയില്ല.
6ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; യാ മഅബൂദ്, അങ്ങ് എനിക്കുത്തരമരുളും; അങ്ങു ചെവിചായിച്ച് എന്റെ വാക്കുകള് ശ്രവിക്കണമേ! 7തന്റെ വലത്തു കൈയില് അഭയം തേടുന്നവരെ ശത്രുക്കളില് നിന്നു കാത്തുകൊള്ളുന്ന രക്ഷകാ, അങ്ങയുടെ കാരുണ്യം വിസ്മയകരമായി പ്രദര്‍ശിപ്പിക്കണമേ!
8കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തു കൊള്ളണമേ! അങ്ങയുടെ ചിറകിന്റെ നിഴലില് എന്നെ മറച്ചുകൊള്ളണമേ! 9എന്നെ ഞെരുക്കുന്ന ദുഷ്ടരില് നിന്നും എന്നെ വളഞ്ഞിരിക്കുന്ന കൊടും ശത്രുക്കളില് നിന്നും എന്നെ രക്ഷിക്കണമേ!
10അവരുടെ ഹൃദയത്തില് അനുകമ്പയില്ല; അവരുടെ അധരങ്ങള് വന്‍പുപറയുന്നു. 11അവര്‍ എന്നെ അനുധാവനം ചെയ്യുന്നു; ഇതാ, എന്നെ വളഞ്ഞു കഴിഞ്ഞു, എന്നെ നിലം പതിപ്പിക്കാന്‍ അവര്‍ എന്റെ മേല്‍ കണ്ണുവച്ചിരിക്കുന്നു. 12കടിച്ചുചീന്താന്‍ വെമ്പുന്ന സിംഹത്തെപ്പോലെയാണവര്‍ ; പതിയിരിക്കുന്ന യുവസിംഹത്തെപ്പോലെ തന്നെ.
13യാ റബ്ബ്ൽ ആലമീൻ! എഴുന്നേറ്റ് അവരെ എതിര്‍ത്തു തോല്‍പിക്കണമേ! അങ്ങയുടെ വാള് നീചനില്‍ നിന്ന് എന്നെ രക്ഷിക്കട്ടെ. 14ഈ ദുനിയാവിലെ ജീവിതം മാത്രം ഓഹരിയായി കരുതുന്ന മര്‍ത്യരില്‍ നിന്ന് അങ്ങയുടെ കരം എന്നെ രക്ഷിക്കട്ടെ! അങ്ങ് അവര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നവകൊണ്ട് അവരുടെ വയര്‍ നിറയട്ടെ! അവരുടെ സന്തതികള്ക്കും സമൃദ്ധമായി ലഭിക്കട്ടെ! മിച്ചമുള്ളത് അവരുടെ പേരക്കിടാങ്ങള്‍ക്കു വേണ്ടി നീക്കിവയ്ക്കട്ടെ! 15നീതി നിമിത്തം ഞാന്‍ അങ്ങയുടെ മുഖം ദര്‍ശിക്കും; ഉണരുമ്പോള്‍ ഞാന്‍ അങ്ങയുടെ രൂപം കണ്ടു തൃപ്തിയടയും.