മത്തി 27  

ഈസാ അൽ മസീഹ് പീലാത്തോസിന്റെ മുമ്പില്‍

27 1പ്രഭാതമായപ്പോള്‍ പ്രധാന ഇമാംമാരും ജനപ്രമാണികളും ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ വധിക്കേണ്ടതിന് അവനെതിരേ ആലോചന നടത്തി. 2അവര്‍ അവനെ ബന്ധിച്ചു കൊണ്ടുപോയി ദേശാധിപതിയായ പീലാത്തോസിനെ ഏല്‍പിച്ചു.

യൂദാസിന്റെ അന്ത്യം

(അൽ അഫ്റാൻ 1:16-20)

3അവനെ ഒറ്റിക്കൊടുത്ത യൂദാസ് അവന്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ പശ്ചാത്തപിച്ച് ആ മുപ്പതു വെള്ളി നാണയങ്ങള്‍ പ്രധാന ഇമാംമാരെയും ഉലമാക്കളെയും ഏല്‍പിച്ചു കൊണ്ടു പറഞ്ഞു: 4നിഷ്‌കളങ്ക രക്തത്തെ ഒറ്റിക്കൊടുത്ത് ഞാന്‍ പാപം ചെയ്തിരിക്കുന്നു. അവര്‍ അവനോടു പറഞ്ഞു: അതിനു ഞങ്ങള്‍ക്കെന്ത്? അതു നിന്റെ കാര്യമാണ്. 5വെള്ളി നാണയങ്ങള്‍ ബൈത്തുൽ മുഖദ്ദസ്സിലേക്കു വലിച്ചെറിഞ്ഞിട്ട് അവന്‍ പോയി കെട്ടി ഞാന്നു ചത്തു. 6പ്രധാന ഇമാംമാര്‍ ആ വെള്ളിനാണയങ്ങള്‍ എടുത്തു കൊണ്ടുപറഞ്ഞു: ഇതു രക്തത്തിന്റെ വിലയാകയാല്‍ ഭണ്ഡാരത്തില്‍ നിക്‌ഷേപിക്കുന്നത് അനുവദനീയമല്ല. 7അതുകൊണ്ട്, അവര്‍ കൂടിയാലോചിച്ച്, ആ പണം കൊടുത്ത് വിദേശീയരെ ഖബറടക്കാന്‍ വേണ്ടി കുശവന്റെ പറമ്പു വാങ്ങി. 8അത് ഇന്നും രക്തത്തിന്റെ പറമ്പ് എന്ന് അറിയപ്പെടുന്നു. 9ജറെമിയാ നബി (അ) വഴി അരുളിച്ചെയ്യപ്പെട്ടത് അപ്പോള്‍ പൂര്‍ത്തിയായി: അവന്റെ വിലയായി ഇസ്രായേല്‍ മക്കള്‍ നിശ്ചയിച്ച മുപ്പതു വെള്ളിനാണയങ്ങളെടുത്ത്, 10റബ്ബ് എന്നോടു കല്‍പിച്ചതു പോലെ അവര്‍ കുശവന്റെ പറമ്പിനായി കൊടുത്തു.

വിചാരണയും വിധിയും

(മര്‍ക്കോസ് 15:2-15; ലൂക്കാ 23:2-3, 23:18-25; യഹിയ്യാ 18:29-19:16)

11ഈസാ അൽ മസീഹ് ദേശാധിപതിയുടെ മുമ്പില്‍ നിന്നു. ദേശാധിപതി ചോദിച്ചു: നീ യഹൂദന്‍മാരുടെ രാജാവാണോ ഈസാ അൽ മസീഹ് പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ. 12പ്രധാന ഇമാംമാരും പ്രമാണികളും അവന്റെ മേല്‍ കുറ്റം ആരോപിച്ചപ്പോള്‍ അവന്‍ ഒരു മറുപടിയും പറഞ്ഞില്ല. 13പീലാത്തോസ് വീണ്ടും ചോദിച്ചു: അവര്‍ എന്തെല്ലാം കാര്യങ്ങള്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നു എന്നു നീ കേള്‍ക്കുന്നില്ലേ? 14എന്നാല്‍, അവന്‍ ഒരു ആരോപണത്തിനു പോലും മറുപടി പറഞ്ഞില്ല. തന്നിമിത്തം ദേശാധിപതി അത്യധികം ആശ്ചര്യപ്പെട്ടു.

15ജനക്കൂട്ടം ആഗ്രഹിക്കുന്ന ഒരു തടവുകാരനെ ദേശാധിപതി തിരുനാളില്‍ അവര്‍ക്കു വിട്ടുകൊടുക്കുക പതിവായിരുന്നു. 16അന്ന് അവര്‍ക്ക് ബറാബ്ബാസ് എന്നു പേരുള്ള കുപ്രസിദ്ധനായ ഒരു തടവു പുള്ളിയുണ്ടായിരുന്നു. 17അതുകൊണ്ട്, അവര്‍ ഒരുമിച്ചു കൂടിയപ്പോള്‍ പീലാത്തോസ് ചോദിച്ചു: ഞാന്‍ ആരെ വിട്ടുതരണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്, ബറാബ്ബാസിനെയോ അൽ മസീഹ് എന്നു വിളിക്കപ്പെടുന്ന ഈസായെയോ? 18അസൂയ നിമിത്തമാണ് അവര്‍ അവനെ ഏല്‍പിച്ചു കൊടുത്തതെന്ന് അവന്‍ അറിഞ്ഞിരുന്നു. 19മാത്രമല്ല, അവന്‍ ന്യായാസനത്തില്‍ ഉപവിഷ്ടനായിരിക്കുമ്പോള്‍, അവന്റെ ബീവി അവന്റെ അടുത്തേക്ക് ആളയച്ച് അറിയിച്ചു: ആ നീതിമാന്റെ കാര്യത്തില്‍ ഇടപെടരുത്. അവന്‍ മൂലം സ്വപ്നത്തില്‍ ഞാന്‍ ഇന്നു വളരെയേറെ ക്‌ളേശിച്ചു. 20പ്രധാന ഇമാംമാരും പ്രമാണികളും ബറാബ്ബാസിനെ വിട്ടുതരാനും ഈസാ അൽ മസീഹിനെ നശിപ്പിക്കാനും ആവശ്യപ്പെടാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. 21ദേശാധിപതി വീണ്ടും അവരോടു ചോദിച്ചു: ഇവരില്‍ ആരെ വിട്ടുതരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? 22അവര്‍ പറഞ്ഞു: ബറാബ്ബാസിനെ. പീലാത്തോസ് അവരോടു ചോദിച്ചു: അപ്പോള്‍ അൽ മസീഹ് എന്നു വിളിക്കപ്പെടുന്ന ഈസയെ ഞാനെന്തു ചെയ്യണം? എല്ലാവരും പറഞ്ഞു: അവനെ ക്രൂശിക്കുക. 23അവന്‍ അവരോടു ചോദിച്ചു: അവന്‍ എന്തു തിന്‍മയാണ് ചെയ്തത്? അപ്പോള്‍ അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:

24അവനെ ക്രൂശിക്കുക! ബഹളം വര്‍ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്‌സിലാക്കിയ പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പില്‍വച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്. 25അപ്പോള്‍ ജനം മുഴുവന്‍ മറുപടി പറഞ്ഞു: അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ സന്തതികളുടെ മേലും ആയിക്കൊള്ളട്ടെ! 26അപ്പോള്‍ അവന്‍ ബറാബ്ബാസിനെ അവര്‍ക്കു വിട്ടു കൊടുക്കുകയും ഈസാ അൽ മസീഹിനെ ചമ്മട്ടികൊണ്ടടിപ്പിച്ച് ക്രൂശിക്കാന്‍ ഏല്‍പിച്ചു കൊടുക്കുകയും ചെയ്തു.

ഈസാ അൽ മസീഹിനെ പരിഹസിക്കുന്നു

(മര്‍ക്കോസ് 15:16-20; യഹിയ്യാ 19:2-3)

27അനന്തരം, ദേശാധിപതിയുടെ പടയാളികള്‍ ഈസാ അൽ മസീഹിനെ പ്രത്തോറിയത്തിലേക്കു കൊണ്ടു പോയി, സൈന്യവിഭാഗത്തെ മുഴുവന്‍ അവനെതിരേ അണിനിരത്തി, 28അവര്‍ അവന്റെ വസ്ത്രം ഉരിഞ്ഞുമാറ്റി ഒരു ചെമന്ന പുറങ്കുപ്പായം അണിയിച്ചു. 29ഒരു മുള്‍ക്കിരീടം മെടഞ്ഞ് അവന്റെ ശിരസ്‌സില്‍ വച്ചു. വലത്തു കൈയില്‍ ഒരു ഞാങ്ങണയും കൊടുത്തു. അവന്റെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്, യൂദരുടെ രാജാവേ, സ്വസ്തി! എന്നു പറഞ്ഞ് അവര്‍ അവനെ പരിഹസിച്ചു. 30അവര്‍ അവന്റെ മേല്‍ തുപ്പുകയും ഞാങ്ങണ എടുത്ത് അവന്റെ ശിരസ്‌സിലടിക്കുകയും ചെയ്തു. 31അവനെ പരിഹസിച്ചതിനു ശേഷം പുറങ്കുപ്പായം അഴിച്ചുമാറ്റി അവന്റെ വസ്ത്രം വീണ്ടും ധരിപ്പിച്ച് കുരിശില്‍ തറയ്ക്കാന്‍കൊണ്ടു പോയി.

ഈസാ അൽ മസീഹ് കുരിശില്‍ തറയ്ക്കുന്നു

(മര്‍ക്കോസ് 15:21-32; ലൂക്കാ 23:26-43; യഹിയ്യാ 19:17-27)

32അവര്‍ പോകുന്ന വഴി ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ കണ്ടുമുട്ടി. ഈസാ അൽ മസീഹിന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു. 33തലയോടിടം എന്നര്‍ഥമുള്ള ഗോല്‍ഗോഥായിലെത്തിയപ്പോള്‍ 34അവര്‍ അവനു കയ്പുകലര്‍ത്തിയ വീഞ്ഞ് കുടിക്കാന്‍ കൊടുത്തു. അവന്‍ അതു രുചിച്ചുനോക്കിയെങ്കിലും കുടിക്കാന്‍ ഇഷ്ടപ്പെട്ടില്ല. 35അവനെ കുരിശില്‍ തറച്ചതിനു ശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ കുറിയിട്ടു ഭാഗിച്ചെടുത്തു. 36അനന്തരം, അവര്‍ അവിടെ അവനു കാവലിരുന്നു. 37ഇവന്‍ യഹൂദരുടെ രാജാവായ ഈസാ അൽ മസീഹാണ് എന്ന ആരോപണം അവര്‍ അവന്റെ ശിരസ്‌സിനു മുകളില്‍ എഴുതിവച്ചു. 38അവനോടു കൂടെ രണ്ടു കവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ തറച്ചു-ഒരുവനെ വലത്തും അപരനെ ഇടത്തും. 39അതിലെ കടന്നുപോയവര്‍ തല കുലുക്കിക്കൊണ്ട് അവനെ ദുഷിച്ചു പറഞ്ഞു: 40ബൈത്തുൽ മുഖദ്ദസ് നശിപ്പിച്ച് മൂന്നു ദിവസം കൊണ്ട് അതു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക; നീ ഇബ്നുള്ളായാണെങ്കില്‍ കുരിശില്‍ നിന്നിറങ്ങി വരുക. 41അപ്രകാരം തന്നെ പ്രധാന ഇമാംമാർ ഉലമാക്കളോടും പ്രമാണികളോടുമൊത്ത് അവനെ പരിഹസിച്ചുകൊണ്ടു പറഞ്ഞു: 42ഇവന്‍മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഇവന്‍ ഇസ്രായേലിന്റെ രാജാവാണല്ലോ, കുരിശില്‍ നിന്നിറങ്ങിവരട്ടെ. ഞങ്ങള്‍ ഇവനില്‍ ഈമാൻ വെക്കാം. 43ഇവന്‍ അള്ളാഹുവിലാശ്രയിച്ചു. വേണമെങ്കില്‍ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന തഅലാ ഇവനെ രക്ഷിക്കട്ടെ. ഞാന്‍ ഇബ്നുള്ളായാണ് എന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്. 44അവനോടൊപ്പം ക്രൂശിക്കപ്പെട്ട കവര്‍ച്ചക്കാരും ഇപ്രകാരം തന്നെ അവനെ പരിഹസിച്ചു.

ഈസാ അൽ മസീഹിന്റെ മരണം

(മര്‍ക്കോസ് 15:33-41; ലൂക്കാ 23:44-49; യഹിയ്യാ 19:28-30)

45ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ദുനിയാവിലെങ്ങും അന്ധകാരം വ്യാപിച്ചു. 46ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ ഈസാ അൽ മസീഹ് ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ലമ്മാ സബക്ഥാനി. അതായത്, എന്റെ റബ്ബേ, എന്റെ റബ്ബേ, എന്തു കൊണ്ടു നീ എന്നെ ഉപേക്ഷിച്ചു? 47അടുത്തു നിന്നിരുന്നവരില്‍ ചിലര്‍ ഇതുകേട്ടു പറഞ്ഞു: അവന്‍ ഏലിയാ നബി (അ) നെ വിളിക്കുന്നു. 48ഉടനെ അവരില്‍ ഒരാള്‍ ഓടിച്ചെന്ന് നീര്‍പ്പഞ്ഞിയെടുത്തു വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി അവനു കുടിക്കാന്‍ കൊടുത്തു. 49അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു: നില്‍ക്കൂ, ഏലിയാ നബി (അ) വന്ന് അവനെ രക്ഷിക്കുമോ എന്നു കാണട്ടെ. 50ഈസാ അൽ മസീഹ് ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ടു ജീവന്‍ വെടിഞ്ഞു.

51അപ്പോള്‍ ബൈത്തുൽ മുഖദ്ദസ്സിലെ തിരശ്ശീല മുകള്‍ മുതല്‍ താഴെ വരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. 52വഫാത്തായിരുന്ന പല അംബിയാക്കളുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. 53അവന്റെ പുനരുത്ഥാനത്തിനു ശേഷം, അവര്‍ ഖബറിസ്താനില്‍ നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു. 54ഈസാ അൽ മസീഹിന് കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന്‍ ഇബ്നുള്ളാ ആയിരുന്നു എന്നുപറഞ്ഞു.

55ഗലീലിയില്‍ നിന്ന് ഈസാ അൽ മസീഹിനെ അനുഗമിച്ചവരും അവനു ശുശ്രൂഷ ചെയ്തിരുന്നവരുമായ അനേകം സ്ത്രീകള്‍ അകലെ ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ടു നിന്നിരുന്നു. 56അക്കൂട്ടത്തില്‍ മഗ്ദലേനമറിയവും യാക്കൂബിന്റെയും യൂസഫിന്റെയും ഉമ്മയായ മറിയവും സെബദീ പുത്രന്‍മാരുടെ ഉമ്മയും ഉണ്ടായിരുന്നു.

ഈസാ അൽ മസീഹിനെ ഖബറടക്കുന്നു

(മര്‍ക്കോസ് 15:42-47; ലൂക്കാ 23:50-56; യഹിയ്യാ 19:38-42)

57വൈകുന്നേരമായപ്പോള്‍, അരിമത്തെയാക്കാരന്‍ യൂസഫ് എന്ന ധനികന്‍ അവിടെയെത്തി. അവനും ഈസാ അൽ മസീഹിനു സാഹബാനായിരുന്നു. 58അവന്‍ പീലാത്തോസിന്റെ അടുത്തുചെന്ന് ഈസാ അൽ മസീഹിന്റെ ശരീരം ചോദിച്ചു. അത് അവനു വിട്ടുകൊടുക്കാന്‍ പീലാത്തോസ് കല്‍പിച്ചു. 59യൂസഫ് ശരീരമെടുത്ത് ശുചിയായ ഒരു തുണിയില്‍ പൊതിഞ്ഞ്, 60പാറയില്‍ വെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയില്‍ ഖബറടക്കി. കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലുരുട്ടിവച്ചിട്ട് അവന്‍ പോയി. 61മഗ്ദലേന മറിയവും മറ്റേ മറിയവും ഖബറിസ്താനഭിമുഖമായി അവിടെ ഇരുന്നിരുന്നു.

ഖബറിസ്താനു കാവല്‍

62പിറ്റേ ദിവസം, അതായത്, ഒരുക്കദിനത്തിന്റെ പിറ്റേന്ന്, പ്രധാന ഇമാംമാരും ഫരിസേയരും പീലാത്തോസിന്റെ അടുക്കല്‍ ഒരുമിച്ചു കൂടി. 63അവര്‍ പറഞ്ഞു:യജമാനനേ, മൂന്നു ദിവസം കഴിഞ്ഞ് ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ആ വഞ്ചകന്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ ഇപ്പോള്‍ ഓര്‍മിക്കുന്നു. 64അതിനാല്‍, മൂന്നാം ദിവസം വരെ ഖബറിസ്താനു കാവലേര്‍പ്പെടുത്താന്‍ ആജ്ഞാപിക്കുക. അല്ലെങ്കില്‍ അവന്റെ സാഹബാക്കൾ വന്ന് അവനെ മോഷ്ടിക്കുകയും അവന്‍ മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തു എന്ന് ജനങ്ങളോടു പറയുകയും ചെയ്‌തെന്നുവരും. അങ്ങനെ അവസാനത്തെ വഞ്ചന ആദ്യത്തേതിനെക്കാള്‍ ഗുരുതരമായിത്തീരുകയും ചെയ്യും. 65പീലാത്തോസ് അവരോടു പറഞ്ഞു:നിങ്ങള്‍ക്ക് ഒരു കാവല്‍സേനയുണ്ടല്ലോ, പോയി നിങ്ങളുടെ കഴിവുപോലെ കാത്തുകൊള്ളുവിന്‍. 66അവര്‍ പോയി കല്ലിനു മുദ്രവച്ച്, കാവല്‍ക്കാരെ നിര്‍ത്തി ഖബറിസ്താൻ ഭദ്രമാക്കി.


Footnotes