മത്തി 18  

സ്വര്‍ഗരാജ്യത്തിലെ വലിയവന്‍

(മര്‍ക്കോസ് 9:33-37; ലൂക്കാ 9:46-48)

18 1സാഹബാക്കൾ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ സമീപിച്ചു ചോദിച്ചു: സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണ്? 2ഈസാ അൽ മസീഹ് ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യേ നിര്‍ത്തിക്കൊണ്ട് അരുളിച്ചെയ്തു: 3സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. 4ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍.

5ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. 6എന്നില്‍ ഈമാൻ വെക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും.

ദുഷ്‌പ്രേരണകള്‍

(മര്‍ക്കോസ് 9:42-48; ലൂക്കാ 17:1-2)

7പ്രലോഭനങ്ങള്‍ നിമിത്തം ലോകത്തിനു ദുരിതം! പ്രലോഭനങ്ങള്‍ ഉണ്ടാകേണ്ടതാണ്, എന്നാല്‍, പ്രലോഭന ഹേതുവാകുന്നവനു ദുരിതം! 8നിന്റെ കൈയോ കാലോ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു വെട്ടി എറിഞ്ഞുകളയുക. ഇരുകൈകളും ഇരുകാലുകളും ഉള്ളവനായി നിത്യാഗ്‌നിയില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത് അംഗഹീനനോ മുടന്തനോ ആയി ഹയാത്തിലേക്കു പ്രവേശിക്കുന്നതാണ്. 9നിന്റെ കണ്ണ് നിനക്കു ദുഷ്‌പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. ഇരുകണ്ണുകളോടുംകൂടെ ജഹന്നത്തിലെ അഗ്‌നിയില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത് ഒരു കണ്ണുള്ളവനായി ഹയാത്തിലേക്കു പ്രവേശിക്കുന്നതാണ്.

വഴിതെറ്റിയ ആടിന്റെ ഉപമ

(ലൂക്കാ 15:3-7)

10ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. 11ജന്നത്തില്‍ അവരുടെ മലക്കുകൾ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. 12നിങ്ങള്‍ക്ക് എന്തു തോന്നുന്നു, ഒരാള്‍ക്ക് നൂറ് ആടുകള്‍ ഉണ്ടായിരിക്കെ, അതിലൊന്ന് വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്, അവന്‍ വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ? 13കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കുറിച്ച് എന്നതിനെക്കാള്‍ അവന്‍ സന്തോഷിക്കുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. 14ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല.

പരസ്പരം തിരുത്തുക

15നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക. 16അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തുകൊണ്ടുപോവുക. 17അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. 18സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഈ ദുനിയാവില്‍ കെട്ടുന്നതെല്ലാം ജന്നത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഈ ദുനിയാവില്‍ അഴിക്കുന്നതെല്ലാം ജന്നത്തിലും അഴിക്കപ്പെട്ടിരിക്കും. 19വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ദുനിയാവില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. 20എന്തെന്നാല്‍, രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.

നിര്‍ദയനായ ഭൃത്യന്റെ ഉപമ

21അപ്പോള്‍ പത്രോസ് മുന്നോട്ടു വന്ന് അവനോടു ചോദിച്ചു: റബ്ബേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? 22ഈസാ അൽ മസീഹ് അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ്എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു.

23സ്വര്‍ഗരാജ്യം, തന്റെ സേവകന്‍മാരുടെ കണക്കു തീര്‍ക്കാന്‍ ആഗ്രഹിച്ച ഒരു രാജാവിനു സദൃശം. 24കണക്കു തീര്‍ക്കാനാരംഭിച്ചപ്പോള്‍, പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. 25അവന് അതു വീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്ത വസ്തുക്കളെയും വിറ്റു കടം വീട്ടാന്‍യജമാനന്‍ കല്‍പിച്ചു. 26അപ്പോള്‍ സേവകന്‍ വീണു നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോടു ക്ഷമിക്കണമേ! ഞാന്‍ എല്ലാം തന്നുവീട്ടിക്കൊള്ളാം. 27ആ സേവകന്റെ യജമാനന്‍ മനസ്‌സലിഞ്ഞ് അവനെ വിട്ടയയ്ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്തു. 28അവന്‍ പുറത്തിറങ്ങിയപ്പോള്‍, തനിക്കു നൂറു ദനാറ നല്‍കാനുണ്ടായിരുന്ന തന്റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്റെ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട് അവന്‍ പറഞ്ഞു: എനിക്ക് തരാനുള്ളതു തന്നുതീര്‍ക്കുക. 29അപ്പോള്‍ ആ സഹസേവകന്‍ അവനോട് വീണപേക്ഷിച്ചു: എന്നോടു ക്ഷമിക്കണമേ! ഞാന്‍ തന്നു വീട്ടിക്കൊള്ളാം. 30എന്നാല്‍, അവന്‍ സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ അവന്‍ കാരാഗൃഹത്തിലിട്ടു. 31സംഭവിച്ചതറിഞ്ഞ് മറ്റു സേവകന്‍മാര്‍ വളരെ സങ്കടപ്പെട്ടു. അവര്‍ ചെന്ന് നടന്നതെല്ലാം യജമാനനെ അറിയിച്ചു. 32യജമാനന്‍ അവനെ വിളിച്ചു പറഞ്ഞു: ദുഷ്ടനായ സേവകാ, നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ടു നിന്റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു. 33ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ? 34യജമാനന്‍ കോപിച്ച് കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതര്‍ക്ക് ഏല്‍പിച്ചുകൊടുത്തു. 35നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കും.


Footnotes