മർക്കൊസ് 9  

9 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് അവരോടു പറഞ്ഞു: അള്ളാഹുവിൻറെ രാജ്യം ശക്തിയോടെ സമാഗതമാകുന്നതു കാണുന്നതുവരെ മയ്യത്താകാത്ത ചിലര്‍ ഇവിടെ നില്‍ക്കുന്നവരിലുണ്ടെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.

ഈസാ അൽ മസീഹ് രൂപാന്തരപ്പെടുന്നു

(മത്തി 17:1-31; ലൂക്കാ 9:28-36; 2 പത്രോസ് 1:17-18)

2ആറു ദിവസം കഴിഞ്ഞ്, പത്രോസ്, യാക്കോബ്, യഹിയ്യാ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഈസാ അൽ മസീഹ് ഒരു ഉയര്‍ന്ന മലയിലേക്കു പോയി. ഈസാ അൽ മസീഹ് അവരുടെ മുമ്പില്‍ വച്ചു രൂപാന്തരപ്പെട്ടു. 3ഈസാ അൽ മസീഹിന്റെ വസ്ത്രങ്ങള്‍ ഭൂമിയിലെ ഏതൊരു അലക്കുകാരനും വെളുപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ വെണ്‍മയും തിളക്കവുമുള്ളവയായി. 4ഇല്ല്യാസ് നബി (അ) മൂസാ നബി (അ) എന്നിവർ പ്രത്യക്ഷപ്പെട്ട് ഈസാ അൽ മസീഹിനോടു സംസാരിച്ചുകൊണ്ടിരുന്നു. 5അപ്പോള്‍, പത്രോസ് ഈസാ അൽ മസീഹിനോടു പറഞ്ഞു: ഉസ്താദ്, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം: ഒന്ന് അങ്ങേക്ക്, ഒന്ന് മൂസാ നബി (അ) ക്ക്, ഒന്ന് ഇല്ല്യാസ് നബി (അ) ക്ക്. 6എന്താണ് പറയേണ്ടതെന്ന് അവന് അറിഞ്ഞുകൂടായിരുന്നു. അവര്‍ അത്രയ്ക്ക് ഭയപ്പെട്ടിരുന്നു. 7അപ്പോള്‍ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍ നിന്ന് ഒരു സ്വരം പുറപ്പെട്ടു: ഇദ്ദേഹം എന്റെ പ്രിയപുത്രന്‍; ഇദ്ദേഹത്തിന്‍െറ വാക്കു ശ്രവിക്കുവിന്‍. 8അവര്‍ ചുറ്റുംനോക്കി ഈസാ അൽ മസീഹിനെയല്ലാതെ മറ്റാരെയും തങ്ങളോടു കൂടെ അവര്‍ കണ്ടില്ല.

9അവര്‍ കണ്ട കാര്യങ്ങള്‍ മനുഷ്യ പുത്രന്‍ ഖബറില്‍ നിന്ന് ഉയിര്‍ക്കുന്നതുവരെ ആരോടും പറയരുതെന്ന്, മലയില്‍ നിന്നിറങ്ങിപ്പോരുമ്പോള്‍ ഈസാ അൽ മസീഹ് അവരോടു കല്‍പിച്ചു. 10ഖബറില്‍ നിന്ന് ഉയിര്‍ക്കുകയെന്നത് എന്താണെന്നു ചിന്തിച്ചുകൊണ്ട് അവര്‍ ഈ വചനം രഹസ്യമായി സൂക്ഷിച്ചു. 11അവര്‍ ഈസാ അൽ മസീഹിനോടു ചോദിച്ചു: ഇല്ല്യാസ് നബി (അ) ആദ്യം വരണമെന്ന് ഉലമാക്കൾ പറയുന്നത് എന്തുകൊണ്ടാണ്? 12ഈസാ അൽ മസീഹ് പറഞ്ഞു: ഇല്ല്യാസ് നബി (അ) ആദ്യമേ വന്ന് എല്ലാം പുനഃസ്ഥാപിക്കും. മനുഷ്യപുത്രന്‍ വളരെ പീഡകള്‍ സഹിക്കുകയും നിന്ദനങ്ങള്‍ ഏല്‍ക്കുകയും ചെയ്യണമെന്ന് എഴുതപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്? 13ഞാന്‍ നിങ്ങളോടു പറയുന്നു: ഇല്ല്യാസ് നബി (അ) വന്നു കഴിഞ്ഞു. അവനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതു പോലെ തന്നെ, തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം അവര്‍ അവനോടു ചെയ്തു.

ശൈത്താൻ ബാധിച്ച ബാലനെ സുഖപ്പെടുത്തുന്നു

(മത്തി 17:14-21; ലൂക്കാ 9:37-43)

14ഈസാ അൽ മസീഹ് സാഹബാക്കളുടെ അടുത്ത് എത്തിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടം അവരുടെ ചുറ്റും കൂടിയിരിക്കുന്നതും ഉലമാക്കൾ അവരോടു തര്‍ക്കിച്ചു കൊണ്ടിരിക്കുന്നതും കണ്ടു. 15ഈസാ അൽ മസീഹ് കണ്ടയുടനെ ജനക്കൂട്ടം മുഴുവന്‍ വിസ്മയഭരിതരായി ഓടിക്കൂടി ഈസാ അൽ മസീഹ് അഭിവാദനംചെയ്തു. 16ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: നിങ്ങള്‍ എന്താണ് അവരുമായി തര്‍ക്കിക്കുന്നത്? 17ജനക്കൂട്ടത്തില്‍ ഒരാള്‍ മറുപടി പറഞ്ഞു: ഉസ്താദ്, ഞാന്‍ എന്റെ മകനെ അങ്ങയുടെ അടുത്തു കൊണ്ടുവന്നിട്ടുണ്ട്. മൂകനായ ഒരു റൂഹ് അവനെ ആവേശിച്ചിരിക്കുന്നു. 18അത് എവിടെവച്ച് അവനെ പിടികൂടിയാലും അവനെ നിലം പതിപ്പിക്കുന്നു. അപ്പോള്‍ അവന്‍ പല്ലുകടിക്കുകയും നുരയും പതയും പുറപ്പെടുവിക്കുകയും മരവിച്ചു പോവുകയും ചെയ്യുന്നു. അതിനെ ബഹിഷ്‌കരിക്കാന്‍ അങ്ങയുടെ സാഹബാക്കളോട് ഞാന്‍ അപേക്ഷിച്ചു; അവര്‍ക്കു കഴിഞ്ഞില്ല. 19ഈസാ അൽ മസീഹ് അവരോടു പ്രതിവചിച്ചു: വിശ്വാസമില്ലാത്ത തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടു കൂടെയുണ്ടായിരിക്കും? എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരൂ. 20അവര്‍ അവനെ ഈസാ അൽ മസീഹിന്റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ടയുടനെ റൂഹ് കുട്ടിയെ തള്ളിയിട്ടു. അവന്‍ നിലത്തു വീണ് ഉരുളുകയും അവന്റെ വായിലൂടെ നുരയും പതയും പുറപ്പെടുകയും ചെയ്തു. 21ഈസാ അൽ മസീഹ് അവന്റെ പിതാവിനോടു ചോദിച്ചു: ഇതു തുടങ്ങിയിട്ട് എത്ര കാലമായി? അവന്‍ പറഞ്ഞു: കുഞ്ഞു നാൾ മുതല്‍. 22പലപ്പോഴും അത് അവനെ നശിപ്പിക്കാന്‍ വേണ്ടി തീയിലും വെള്ളത്തിലും വീഴ്ത്തിയിട്ടുണ്ട്. എന്തെങ്കിലും ചെയ്യാന്‍ അങ്ങേക്കു കഴിയുമെങ്കില്‍ ഞങ്ങളുടെ മേല്‍ കരുണ തോന്നി ഞങ്ങളെ സഹായിക്കണമേ! 23ഈസാ അൽ മസീഹ് പറഞ്ഞു: കഴിയുമെങ്കിലെന്നോ! ഈമാനുണ്ടെങ്കിൽ എല്ലാക്കാര്യങ്ങളും സാധിക്കും. 24ഉടനെ കുട്ടിയുടെ ബാപ്പ വിളിച്ചു പറഞ്ഞു: ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ! 25ജനങ്ങള്‍ ഓടിക്കൂടുന്നതു കണ്ട് ഈസാ അൽ മസീഹ് ബദ്റൂഹിനെ ശകാരിച്ചു: മൂകനും ബധിരനുമായ റൂഹേ, നിന്നോടു ഞാന്‍ ആജ്ഞാപിക്കുന്നു, അവനില്‍ നിന്നു പുറത്തു പോവുക. ഇനിയൊരിക്കലും അവനില്‍ പ്രവേശിക്കരുത്. 26അപ്പോള്‍ അവനെ ശക്തിയായി നിലത്തു തള്ളിയിടുകയും ഉച്ചത്തില്‍ നിലവിളിക്കുകയും ചെയ്തുകൊണ്ട് അതു പുറത്തു പോയി. ബാലന്‍ മരിച്ചവനെപ്പോലെയായി. അവന്‍ മരിച്ചു പോയി എന്നു പലരും പറഞ്ഞു. 27ഈസാ അൽ മസീഹ് അവനെ കൈയ്ക്കു പിടിച്ചുയര്‍ത്തി; അവന്‍ എഴുന്നേറ്റിരുന്നു. 28ഈസാ അൽ മസീഹ് വീട്ടിലെത്തിയപ്പോള്‍ സാഹബാക്കൾ സ്വകാര്യമായി ചോദിച്ചു: എന്തുകൊണ്ടാണ് അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെ പോയത്? 29ഈസാ അൽ മസീഹ് പറഞ്ഞു: ദുആ ഇരന്നല്ലാതെ മറ്റൊന്നു കൊണ്ടും ഈ വര്‍ഗം പുറത്തു പോവുകയില്ല.

പീഡാനുഭവവും ഉത്ഥാനവും-രണ്ടാം പ്രവചനം

(മത്തി 17:22-23; ലൂക്കാ 9:43-45)

30അവര്‍ അവിടെ നിന്നു യാത്രതിരിച്ചു ഗലീലിയിലൂടെ കടന്നുപോയി. ഇക്കാര്യം ആരും അറിയരുതെന്ന് ഈസാ അൽ മസീഹ് ആഗ്രഹിച്ചു. കാരണം, ഈസാ അൽ മസീഹ് സാഹബാക്കളെ തഅലീം കൊടുക്കുകയായിരുന്നു. 31ഈസാ അൽ മസീഹ് പറഞ്ഞു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടുകയും അവര്‍ അവനെ വധിക്കുകയും ചെയ്യും. അവന്‍ വധിക്കപ്പെട്ടു മൂന്നു ദിവസം കഴിയുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. 32ഈ വചനം അവര്‍ക്കു മനസ്‌സിലായില്ല. എങ്കിലും, ഈസാ അൽ മസീഹ് ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.

അള്ളാഹുവിൻറെ രാജ്യത്തിലെ വലിയവന്‍

(മത്തി 18:1-5; ലൂക്കാ 9:46-48)

33അവര്‍ പിന്നീട് കഫര്‍ണാമില്‍ എത്തി, ഈസാ അൽ മസീഹ് വീട്ടിലായിരിക്കുമ്പോള്‍ അവരോടു ചോദിച്ചു: വഴിയില്‍വച്ച് എന്തിനെക്കുറിച്ചാണു നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നത്? 34അവര്‍ നിശ്ശബ്ദരായിരുന്നതേയുള്ളു. കാരണം, തങ്ങളില്‍ ആരാണു വലിയവന്‍ എന്നതിനെക്കുറിച്ചാണ് വഴിയില്‍വച്ച് അവര്‍ തര്‍ക്കിച്ചത്. 35ഈസാ അൽ മസീഹ് ഇരുന്നിട്ടു പന്ത്രണ്ടു പേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം. 36ഈസാ അൽ മസീഹ് ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളില്‍ വഹിച്ചു കൊണ്ടു പറഞ്ഞു: 37ഇതു പോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്.

നമുക്ക് എതിരല്ലാത്തവന്‍ നമ്മുടെ ഭാഗത്താണ്

(ലൂക്കാ 9:49-50)

38യഹിയ്യാ അവനോടു പറഞ്ഞു: ഉസ്താദ്, നിന്റെ നാമത്തില്‍ ശൈത്താനെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അവനെ തടഞ്ഞു. കാരണം, അവന്‍ നമ്മളെ അനുഗമിച്ചില്ല. 39ഈസാ അൽ മസീഹ് പറഞ്ഞു: അവനെ തടയേണ്ടാ, ഒരുവന് എന്റെ നാമത്തില്‍ അദ്ഭുതപ്രവൃത്തി ചെയ്യാനും ഉടനെ എന്നെക്കുറിച്ചു ദൂഷണം പറയാനും സാധിക്കുകയില്ല. 40നമുക്ക് എതിരല്ലാത്തവന്‍ നമ്മുടെ പക്ഷത്താണ്. 41സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ അൽ മസീഹിനുള്ളവരാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല.

ദുഷ്‌പ്രേരണകള്‍ നല്‍കാതിരിക്കുക

(മത്തി 18:6-9; ലൂക്കാ 17:1-2)

42വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്, ഒരു വലിയ അമ്മിക്കല്ല് കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്. 43നിന്റെ കൈ നിനക്കു ദുഷ്‌പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അതു വെട്ടിക്കളയുക. 44ഇരു കൈകളും ഉള്ളവനായി ജഹന്നത്തിലെ കെടാത്ത അഗ്‌നിയില്‍ നിപതിക്കുന്നതിനെക്കാള്‍ നല്ലത് അംഗഹീനനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്. 45നിന്റെ പാദം നിനക്കു ദുഷ്‌പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അതു മുറിച്ചുകളയുക. 46രണ്ടു പാദങ്ങളും ഉള്ളവനായി ജഹന്നത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, മുടന്തനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്. 47നിന്റെ കണ്ണുമൂലം നിനക്കു ദുഷ്‌പ്രേരണ ഉണ്ടാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. ഇരുകണ്ണുകളും ഉള്ളവനായി, 48പുഴു ചാകാത്തതും തീ കെടാത്തതുമായ ജഹന്നത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, ഒരു കണ്ണോടുകൂടെ അള്ളാഹുവിൻറെ രാജ്യത്തിലേക്കു പ്രവേശിക്കുന്നതാണ്. 49കാരണം, എല്ലാവരും അഗ്‌നിയാല്‍ ഉറകൂട്ടപ്പെടും. 50ഉപ്പ് നല്ലതാണ്. എന്നാല്‍, ഉറകെട്ടു പോയാല്‍ പിന്നെ എന്തുകൊണ്ട് അതിന് ഉറകൂട്ടും? നിങ്ങളില്‍ ഉപ്പ് ഉണ്ടായിരിക്കട്ടെ. പരസ്പരം സലാമത്തായിരിക്കുകയും ചെയ്യുവിന്‍.


Footnotes