ലൂക്കാ 5  

ഈസാ അൽ മസീഹിന്‍റെ സാഹബാക്കള്‍

5 1അല്‍ബയാന്‍ ശ്രവിക്കാന്‍ ജനങ്ങള്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനു ചുറ്റും തിങ്ങിക്കൂടി. ഈസാ അൽ മസീഹ് ഗനേസറത്തു തടാകത്തിന്‍െറ തീരത്തു നില്‍ക്കുകയായിരുന്നു. 2രണ്ടു തോണികൾ കരയോടടുത്ത് കിടക്കുന്നത് ഈസാ അൽ മസീഹ് കണ്ടു. മീന്‍ പിടിത്തക്കാര്‍ അവയില്‍ നിന്നിറങ്ങി വല കഴുകുകയായിരുന്നു. 3ശിമയോന്‍െറതായിരുന്നു തോണകളില്‍ ഒന്ന്. ഈസാ അൽ മസീഹ് അതില്‍ കയറി. കരയില്‍ നിന്ന് അല്‍പം അകലേക്കു തോണി നീക്കാന്‍ അവനോട് ഈസാ അൽ മസീഹ് ആവശ്യപ്പെട്ടു. അതില്‍ ഇരുന്ന് ഈസാ അൽ മസീഹ് ജനങ്ങളെ പഠിപ്പിച്ചു. 4സംസാരിച്ചുതീര്‍ന്നപ്പോള്‍ ഈസാ അൽ മസീഹ് ശിമയോനോടു പറഞ്ഞു: ആഴത്തിലേക്കു നീക്കി, മീന്‍ പിടിക്കാന്‍ വലയിറക്കുക. 5ശിമയോന്‍ പറഞ്ഞു: ഉസ്താദ്, രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എങ്കിലും അവിടുന്ന് പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം. 6വലയിറക്കിയപ്പോള്‍ വളരെയേറെ മത്സ്യങ്ങള്‍ അവര്‍ക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി. 7അവര്‍ മറ്റേ തോണിയില്‍ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിനു വിളിച്ചു. അവര്‍ വന്ന് രണ്ടു തോണികളും മുങ്ങാറാകുവോളം നിറച്ചു. 8ശിമയോന്‍ പത്രോസ് ഇതു കണ്ടപ്പോള്‍ ഈസാ അൽ മസീഹിന്‍െറ കാല്‍ക്കല്‍ വീണ്, റബ്ബേ, എന്നില്‍ നിന്ന് അകന്നു പോകണമേ; ഞാന്‍ പാപിയാണ് എന്നുപറഞ്ഞു. 9എന്തെന്നാല്‍, തങ്ങള്‍ക്കു കിട്ടിയ മീനിന്‍െറ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ടായിരുന്നവരും അത്തഭുതപ്പെട്ടു. 10അതുപോലെ തന്നെ, അവന്‍െറ പങ്കുകാരായ സെബദീപുത്രന്മാര്‍ യാക്കോബും യഹിയ്യായും വിസ്മയിച്ചു. ഈസാ അൽ മസീഹ് ശിമയോനോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെപ്പിടിക്കുന്നവനാകും. 11തോണികള്‍ കരയ്ക്കടുപ്പിച്ചതിനു ശേഷം എല്ലാം ഉപേക്ഷിച്ച് അവര്‍ ഈസാ അൽ മസീഹിനെ അനുഗമിച്ചു.

കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു

12പിന്നീടൊരിക്കല്‍ ഈസാ അൽ മസീഹ് ഒരു പട്ടണത്തില്‍ ആയിരിക്കുമ്പോള്‍ ഒരു കുഷ്ഠരോഗി വന്ന് ഈസാ അൽ മസീഹ് നെക്കണ്ട് സാഷ്ടാംഗം വീണു സുജൂദ് ചെയ്ത്: റബ്ബേ, അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. 13ഈസാ അൽ മസീഹ് കൈ നീട്ടി അവനെ തൊട്ടു കൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ! തത്ക്ഷണം കുഷ്ഠം അവനെ വിട്ടുമാറി. 14ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: ഇക്കാര്യം നീ ആരോടും പറയരുത്. പോയി, നിന്നെത്തന്നെ പുരോഹിതനു കാണിച്ചു കൊടുക്കുകയും മൂസാ നബി (അ) കല്‍പിച്ചിട്ടുള്ളതനുസരിച്ച് ജനങ്ങള്‍ക്കു സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക. 15എന്നാല്‍, ഈസാ അൽ മസീഹിന്‍െറ കീര്‍ത്തി പൂര്‍വാധികം വ്യാപിച്ചതേയുള്ളു. ഈസാ അൽയുടെ വാക്കു കേള്‍ക്കുന്നതിനും രോഗശാന്തി നേടുന്നതിനും വേണ്ടി വളരെ ആളുകള്‍ തിങ്ങിക്കൂടി. 16ഈസാ അൽ മസീഹാകട്ടെ വിജനപ്രദേശങ്ങളിലേക്കു പോയി അവിടെ ദുആ ചെയ്തുകൊണ്ടിരുന്നു.

തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു

17ഒരു ദിവസം ഈസാ അൽ മസീഹ് പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍, ഗലീലിയിലെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും യൂദയായില്‍ നിന്നും ജറൂസലെമില്‍ നിന്നും ഫരിസേയരും നിയമാധ്യാപകരും അവിടെ വന്നുകൂടി. രോഗികളെ സുഖപ്പെടുത്താന്‍ അള്ളാഹുവിന്‍െറ ശക്തി ഈസാ അൽ മസീഹിന് ഉണ്ടായിരുന്നു. 18അപ്പോള്‍, ചിലര്‍ ഒരു തളര്‍വാതരോഗിയെ കിടക്കയില്‍ എടുത്തു കൊണ്ടുവന്നു. അവര്‍ അവനെ അകത്ത് ഈസാ അൽ മസീഹിന്‍െറ മുമ്പില്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു. 19ജനക്കൂട്ടം നിമിത്തം അതു സാധിക്കാഞ്ഞതുകൊണ്ട്, അവര്‍ പുരമുകളില്‍ കയറി ഓടിളക്കി കിടക്കയോടെ അവനെ ഈസാ അൽ മസീഹിന്‍െറ മുമ്പിലേക്ക് ഇറക്കി. 20അവരുടെ ഈമാന്‍ കണ്ട് ഈസാ അൽ മസീഹ് പറഞ്ഞു: മനുഷ്യാ, നിന്‍െറ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. 21ഉലമാക്കളും ഫരിസേയരും ചിന്തിച്ചു തുടങ്ങി: “അല്‍ഖാരിഅ”[b] അല്‍ഖാരിഅ എന്ന അറബി പദത്തിന് അത്യാഹിതം എന്നും അര്‍ത്ഥമുണ്ട് ഇവിടെ അള്ളാഹുവിനോട് സമനാക്കുക എന്നാണ് ഇദ്ദേഹം ആര്? അള്ളാഹുവിനല്ലാതെ മറ്റാര്‍ക്കാണ് പാപങ്ങള്‍ ക്ഷമിക്കാന്‍ സാധിക്കുക? 22അവരുടെ വിചാരം മനസ്സിലാക്കി ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ ഹൃദയത്തില്‍ ചോദിക്കുന്നത്? 23ഏതാണ് എളുപ്പം, നിന്‍െറ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? 24ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ട് എന്നു നിങ്ങള്‍ അറിയേണ്ടതിന് ഈസാ അൽ മസീഹ് തളര്‍വാതരോഗിയോടു പറഞ്ഞു: ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ് കിടക്കയുമെടുത്ത് വീട്ടിലേക്കു പോവുക. 25ഉടനെ, എല്ലാവരും കാണ്‍കേ, അവന്‍ എഴുന്നേറ്റ് കിടക്കയുമെടുത്തു അള്ളാഹുവിനെ സ്തുതിച്ചുകൊണ്ട് വീട്ടിലേക്കു പോയി. 26എല്ലാവരും വിസ്മയ ഭരിതരായി റബ്ബിനെ മഹത്വപ്പെടുത്തി. അവര്‍ സംഭ്രമത്തോടെ പറഞ്ഞു: അസാധാരണ സംഭവങ്ങള്‍ ഇന്നു നാം കണ്ടിരിക്കുന്നു.

ലേവിയെ വിളിക്കുന്നു

27ഇതിനുശേഷം, ഈസാ അൽ മസീഹ് പോകും വഴി ലേവി എന്നൊരു ചുങ്കക്കാരന്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു. എന്നെ അനുഗമിക്കുക എന്ന് ഈസാ അൽ മസീഹ് അവനോടു പറഞ്ഞു. 28അവന്‍ എല്ലാം ഉപേക്ഷിച്ച്, എഴുന്നേറ്റ് ഈസാ അൽ മസീഹിനെ അനുഗമിച്ചു. 29ലേവി തന്‍െറ വീട്ടില്‍ ഈസാ അൽ മസീഹിനു വേണ്ടി ഒരു വലിയ വിരുന്നു നടത്തി. ചുങ്കക്കാരുടെയും മറ്റുള്ളവരുടെയും ഒരു വലിയ ഗണം ഈസാ അൽ മസീഹിനോടൊപ്പം ഭക്ഷണത്തിനിരുന്നു. 30ഫരിസേയരും ഉലമാക്കളും പിറുപിറുപ്പോടെ ഈസാ അൽ മസീഹിൻറെ സാഹബാക്കളോടു പറഞ്ഞു: നിങ്ങള്‍ ചുങ്കക്കാരോടും പാപികളോടുമൊത്ത് തിന്നുകയും കുടിക്കുകയും ചെയ്യുന്നതെന്ത്? ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: 31ആരോഗ്യമുള്ള വര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെ ആവശ്യം. 32ഞാന്‍ വന്നിരിക്കുന്നത് നീതിമാന്‍മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്.

നോമ്പിനെ സംബന്ധിച്ചു തര്‍ക്കം

33അവര്‍ ഈസാ അൽ മസീഹിനോടു പറഞ്ഞു: യഹ്യാ[c] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) സാഹബാക്കള്‍ പലപ്പോഴും നോമ്പ് നോല്‍ക്കുകയും ദുആ ഇരക്കുകയും ചെയ്യുന്നു. ഫരിസേയരുടെ സാഹബാക്കളും അങ്ങനെതന്നെ. എന്നാല്‍, അങ്ങയുടെ സാഹബാക്കള്‍ തിന്നുകുടിച്ചു നടക്കുന്നു. 34ഈസാ അൽ മസീഹ് അവരോട് പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴരെക്കൊണ്ട് നോമ്പെടുപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? 35എന്നാല്‍, മണവാളന്‍ അവരില്‍ നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ നോമ്പെടുക്കും. 36ഈസാ അൽ മസീഹ് അവരോട് ഒരു ഉപമയും പറഞ്ഞു: ആരും പുതിയ വസ്ത്രത്തില്‍ നിന്നു കഷണം കീറിയെടുത്ത് പഴയ വസ്ത്രത്തോടു ചേര്‍ക്കാറില്ല. അങ്ങനെ ചെയ്താല്‍ പുതിയ വസ്ത്രം കീറുന്നു എന്നു മാത്രമല്ല പുതിയ കഷണം പഴയതിനോട് ചേരാതെ വരുകയും ചെയ്യും. 37ആരും പുതിയ വീഞ്ഞ് പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍, പുതിയ വീഞ്ഞ് പഴയ തോല്‍ക്കുടങ്ങള്‍ ഭേദിച്ച് ഒഴുകിപ്പോവുകയും തോല്‍ക്കുടങ്ങള്‍ നശിക്കുകയും ചെയ്യും. 38പുതിയ വീഞ്ഞ് പുതിയ തോല്‍ക്കുടങ്ങളിലാണ് ഒഴിച്ചുവയ്ക്കേണ്ടത്. 39പഴയവീഞ്ഞു കുടിച്ച ഒരുവനും പുതിയത് ഇഷ്ടപ്പെടുകയില്ല. പഴയതാണു മെച്ചം എന്നല്ലേ പറയുന്നത്.


Footnotes