ലൂക്കാ 22  

ഈസാ അൽ മസീഹിനെ കൊല്ലാനുള്ള ഗൂഢാലോചന

22 1പെസഹാ എന്നു വിളിക്കപ്പെടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ അടുത്തു. 2മോല്ല്യാമാരും ഉലമാക്കളും ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ എങ്ങനെ കൊല്ലാമെന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. പക്‌ഷേ, അവര്‍ ജനത്തെ ഭയപ്പെട്ടു. 3പന്ത്രണ്ടു പേരില്‍ ഒരുവനും ഇസ്‌കറിയോത്താ എന്നു വിളിക്കപ്പെടുന്നവനുമായ യൂദാസില്‍ ശൈത്താൻ കടന്നു. 4അവന്‍ ഇമാം പ്രമുഖന്‍മാരെയും സേനാധിപന്‍മാരെയും സമീപിച്ച് എങ്ങനെയാണ് ഈസാ അൽ മസീഹിനെ അവര്‍ക്ക് ഒറ്റിക്കൊടുക്കേണ്ടത് എന്ന് ആലോചിച്ചു. 5അവര്‍ സന്തോഷിച്ച് അവനു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. 6അവന്‍ അവര്‍ക്കു വാക്കു കൊടുത്തു. ജനക്കൂട്ടമില്ലാത്തപ്പോള്‍ ഈസാ അൽ മസീഹിനെ ഒറ്റിക്കൊടുക്കാന്‍ അവന്‍ അവസരം പാര്‍ത്തുകൊണ്ടിരുന്നു.

സാഹബാക്കൾ പെസഹാ ഒരുക്കുന്നു

7പെസഹാക്കുഞ്ഞാടിനെ ഖുർബാനിയാക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനം വന്നുചേര്‍ന്നു. 8ഈസാ അൽ മസീഹ് പത്രോസിനെയും യെഹിയ്യായെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നമുക്കു പെസഹാ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങള്‍ ചെയ്യുവിന്‍. 9അവര്‍ ഈസാ അൽ മസീഹിനോടു ചോദിച്ചു: ഞങ്ങള്‍ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്? 10ഈസാ അൽ മസീഹ് പറഞ്ഞു: ഇതാ, നിങ്ങള്‍ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നു കൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവന്‍ പ്രവേശിക്കുന്ന വീട്ടിലേക്കു നിങ്ങള്‍ അവനെ പിന്തുടരുക. 11ആ വീടിന്റെ ഉടമസ്ഥനോടു പറയുക: ഉസ്താദ് നിന്നോടു ചോദിക്കുന്നു, എന്റെ സാഹബാക്കളോടുകൂടെ ഞാന്‍ പെസഹാ ഭക്ഷിക്കുന്നതിനുള്ള ദാവത്ത്ഗർ എവിടെയാണ്? 12സജ്ജീകൃതമായ ഒരു വലിയ മാളിക മുറി അവന്‍ നിങ്ങള്‍ക്കു കാണിച്ചുതരും. അവിടെ ഒരുക്കുക. 13അവര്‍ പോയി ഈസാ അൽ മസീഹ് പറഞ്ഞതു പോലെ കണ്ടു; പെസഹാ ഒരുക്കുകയും ചെയ്തു.

പുതിയ ഉടമ്പടി

14സമയമായപ്പോള്‍ ഈസാ അൽ മസീഹ് ദാവത്തിനിരുന്നു; ഈസായോടൊപ്പം സാഹബാക്കളും. 15ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനു മുമ്പ് നിങ്ങളോടു കൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാന്‍ അത്യധികം ആഗ്രഹിച്ചു. 16ഞാന്‍ നിങ്ങളോടു പറയുന്നു: അള്ളാഹുവിൻറെ രാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ ഇനി ഇതു ഭക്ഷിക്കയില്ല. 17ഈസാ അൽ മസീഹ് പാനപാത്രം എടുത്തു കൃതജ്ഞതാ സ്‌തോത്രം ചെയ്തതിനുശേഷം പറഞ്ഞു: ഇതുവാങ്ങി നിങ്ങള്‍ പങ്കുവയ്ക്കുവിന്‍. 18ഞാന്‍ നിങ്ങളോടു പറയുന്നു, ഇപ്പോള്‍ മുതല്‍ അള്ളാഹുവിൻറെ രാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന് ഞാന്‍ പാനം ചെയ്യുകയില്ല. 19പിന്നെ അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാ സ്‌തോത്രം ചെയ്ത്, മുറിച്ച്, അവര്‍ക്കു കൊടുത്തു കൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കു വേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍. 20അപ്രകാരം തന്നെ അത്താഴത്തിനു ശേഷം ഈസാ അൽ മസീഹ് പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ പാന പാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്. 21എന്നാല്‍, ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അടുത്ത് മേശമേല്‍ത്തന്നെയുണ്ട്. നിശ്ചയിക്കപ്പെട്ടതുപോലെ മനുഷ്യപുത്രന്‍ പോകുന്നു. 22എന്നാല്‍, അവനെ ആര് ഒറ്റിക്കൊടുക്കുന്നുവോ ആ മനുഷ്യനു ദുരിതം! 23തങ്ങളില്‍ ആരാണ് ഇതു ചെയ്യാനിരിക്കുന്നതെന്ന് അവര്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങി.

ആരാണ് വലിയവന്‍?

24തങ്ങളില്‍ വലിയവന്‍ ആരാണ് എന്നൊരു തര്‍ക്കം അവരുടെയിടയില്‍ ഉണ്ടായി. 25അപ്പോള്‍ ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: വിജാതീയരുടെമേല്‍ അവരുടെ ബാദ്ശാ ബാദ്ശാഅത്ത് അടിച്ചേല്‍പിക്കുന്നു. തങ്ങളുടെമേല്‍ അധികാരമുള്ളവരെ അവര്‍ ഉപകാരികളായി കണക്കാക്കുകയും ചെയ്യുന്നു. 26എന്നാല്‍, നിങ്ങള്‍ അങ്ങനെയായിരിക്കരുത്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവന്‍ ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം. 27ആരാണു വലിയവന്‍, ഭക്ഷണത്തിനിരിക്കുന്നവനോ പരിചരിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലേ? ഞാനാകട്ടെ നിങ്ങളുടെയിടയില്‍ പരിചരിക്കുന്നവനെപ്പോലെയാണ്. 28എന്റെ പരീക്ഷകളില്‍ എന്നോടുകൂടെ നിരന്തരം ഉണ്ടായിരുന്നവരാണു നിങ്ങള്‍. 29എന്റെ പിതാവ് എനിക്കു രാജ്യം കല്‍പിച്ചു തന്നിരിക്കുന്നതു പോലെ ഞാന്‍ നിങ്ങള്‍ക്കും തരുന്നു. 30അത് നിങ്ങള്‍ എന്റെ രാജ്യത്തില്‍ എന്റെ മേശയില്‍ നിന്നു ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളില്‍ ഇരുന്ന് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ ഭരിക്കുകയും ചെയ്യുന്നതിനുവേണ്ടിയത്രേ.

പത്രോസ് ഉസ്താദിനെ നിഷേധിക്കും

31ശിമയോന്‍, ശിമയോന്‍, ഇതാ, ശൈത്താന്‍ നിങ്ങളെ ഗോതമ്പുപോലെ പാറ്റാന്‍ ഉദ്യമിച്ചു. 32എന്നാല്‍, നിന്റെ ഈമാൻ ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി ധുആ ഇരന്നു. നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം. 33ശിമയോന്‍ പറഞ്ഞു: റബ്ബേ, അങ്ങയുടെ കൂടെ കാരാഗൃഹത്തിലേക്കു പോകാനും മയ്യത്താവാന്‍ തന്നെയും ഞാന്‍ തയ്യാറാണ്. 34ഈസാ അൽ മസീഹ് പറഞ്ഞു: പത്രോസേ, ഞാന്‍ നിന്നോടു പറയുന്നു, നീ എന്നെ അറിയുകയില്ല എന്നു മൂന്നു പ്രാവശ്യം നിഷേധിച്ചു പറയുന്നതിനുമുമ്പ് ഇന്നു കോഴി കൂവുകയില്ല.

പണവും വാളും കരുതുക

35അനന്തരം, ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: ഞാന്‍ നിങ്ങളെ മടിശ്ശീലയോ ഭാണ്‍ഡമോ ചെരിപ്പോ ഇല്ലാതെ അയച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്തിനെങ്കിലും കുറവുണ്ടായോ? അവര്‍ പറഞ്ഞു: ഒന്നിനും കുറവുണ്ടായില്ല. 36ഈസാ അൽ മസീഹ് പറഞ്ഞു: എന്നാല്‍, ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്‍ഡവും. വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ. 37ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ നിയമ ലംഘകരോടുകൂടെ എണ്ണപ്പെട്ടു എന്നെഴുതപ്പെട്ടിരിക്കുന്നത് എന്നില്‍ നിവൃത്തിയാകേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, എന്നെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതു പൂര്‍ത്തിയാകേണ്ടതാണ്. 38അവര്‍ പറഞ്ഞു: റബ്ബേ, ഇതാ, ഇവിടെ രണ്ടു വാളുണ്ട്. ഈസാ അൽ മസീഹ് പറഞ്ഞു: മതി.

ഗത്‌സെമനിയില്‍ ദുആ ഇരക്കുന്നു

39ഈസാ അൽ മസീഹ് പുറത്തുവന്ന് പതിവു പോലെ ഒലിവുമലയിലേക്കു പോയി. സാഹബാക്കളും ഈസാ അൽ മസീഹിനെ പിന്തുടര്‍ന്നു. 40അവിടെ എത്തിയപ്പോള്‍ ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: നിങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ ദുആ ഇരക്കുവിന്‍. 41ഈസാ അൽ മസീഹ് അവരില്‍ നിന്ന് ഒരു കല്ലേറു ദൂരം മാറി മുട്ടിന്‍മേല്‍ വീണു ദുആ ഇരന്നു: 42പിതാവേ, അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറട്ടെ! 43അപ്പോള്‍ ഈസാ അൽ മസീഹിനെ ശക്തിപ്പെടുത്താന്‍ ജന്നത്തില്‍ നിന്ന് ഒരു മലക്ക് പ്രത്യക്ഷപ്പെട്ടു. 44ഈസാ അൽ മസീഹ് തീവ്ര വേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി ദുആ ഇരന്നു. ഈസാ അൽ മസീഹിന്റെ വിയര്‍പ്പു രക്തത്തുള്ളികള്‍പോലെ നിലത്തുവീണു. 45ഈസാ അൽ മസീഹ് ദുആ കഴിഞ്ഞ് എഴുന്നേറ്റ് സാഹബാക്കളുടെ അടുത്തു വന്നപ്പോള്‍ അവര്‍ വ്യസനം നിമിത്തം തളര്‍ന്ന് ഉറങ്ങുന്നതു കണ്ടു. 46ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: നിങ്ങള്‍ ഉറങ്ങുന്നതെന്ത്? പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു ദുആ ഇരക്കുവിന്‍.

യൂദാസ് ഈസാ ഈസാ അൽ മസീഹിനെ ഒറ്റിക്കൊടുക്കുന്നു

47ഈസാ അൽ മസീഹ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു ജനക്കൂട്ടം അവിടെ വന്നു. പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസാണ് അവരുടെ മുമ്പില്‍ നടന്നിരുന്നത്. ഈസാ അൽ മസീഹിനെ ചുംബിക്കാന്‍ അവന്‍ മുമ്പോട്ടുവന്നു. 48ഈസാ അൽ മസീഹ് അവനോടു ചോദിച്ചു: യൂദാസേ, ചുംബനം കൊണ്ടോ നീ മനുഷ്യപുത്രനെ ഒററിക്കൊടുക്കുന്നത്? 49എന്താണു സംഭവിക്കാന്‍ പോകുന്നത് എന്നു കണ്ടപ്പോള്‍ ഈസാ അൽ മസീഹിനോടു കൂടെയുണ്ടായിരുന്നവര്‍, റബ്ബേ, ഞങ്ങള്‍ വാളെടുത്തു വെട്ടട്ടെയോ എന്നുചോദിച്ചു. 50അവരിലൊരുവന്‍ പ്രധാന ഇമാമിന്റെ സേവകനെ വെട്ടി അവന്റെ വലത്തുചെവി ഛേദിച്ചു. 51അതുകണ്ട് ഈസാ അൽ മസീഹ് പറഞ്ഞു: നിര്‍ത്തൂ! അപ്പോൾ, ഈസാ അൽ മസീഹ് അവന്റെ ചെവി തൊട്ട് അവനെ സുഖപ്പെടുത്തി. 52അപ്പോള്‍ ഈസാ അൽ മസീഹ് തനിക്കെതിരായി വന്ന ഇമാം പ്രമുഖന്‍മാരോടും പള്ളിയിലെ സേനാധിപന്‍മാരോടും ജനപ്രമാണികളോടും പറഞ്ഞു: കവര്‍ച്ചക്കാരനെതിരേ എന്നപോലെ വാളും വടിയുമായി നിങ്ങള്‍ വന്നിരിക്കുന്നുവോ? 53ഞാന്‍ നിങ്ങളോടുകൂടെ എല്ലാ ദിവസവും പള്ളിയിലായിരുന്നപ്പോള്‍ നിങ്ങള്‍ എന്നെ പിടിച്ചില്ല. എന്നാല്‍, ഇതു നിങ്ങളുടെ സമയമാണ്, അന്ധകാരത്തിന്റെ ആധിപത്യവും.

പത്രോസ് തള്ളിപ്പറയുന്നു

54അവര്‍ ഈസാ അൽ മസീഹിനെ പിടിച്ച് വലിയ മുസലിയാരുടെ കുടീലേക്കു കൊണ്ടുപോയി. പത്രോസ് അകലെയായി ഈസാ അൽ മസീഹിനെ അനുഗമിച്ചിരുന്നു. 55അവര്‍ നടുമുറ്റത്തു തീകൂട്ടി അതിനുചുറ്റും ഇരുന്നപ്പോള്‍ പത്രോസും അവരോടു കൂടെ ഇരുന്നു. 56അവന്‍ തീയ്ക്കരികെ ഇരിക്കുന്നതു കണ്ട് ഒരു പരിചാരിക സൂക്ഷിച്ചു നോക്കിയിട്ടു പറഞ്ഞു: ഇവനും അവനോടു കൂടെയായിരുന്നു. 57എന്നാല്‍, പത്രോസ് അതു നിഷേധിച്ച്, സ്ത്രീയേ, അവനെ ഞാന്‍ അറിയുകയില്ല എന്നു പറഞ്ഞു. 58അല്‍പം കഴിഞ്ഞ് വേറൊരാള്‍ പത്രോസിനെ കണ്ടിട്ടു പറഞ്ഞു: നീയും അവരില്‍ ഒരുവനാണ്. അപ്പോള്‍ അവന്‍ പറഞ്ഞു: മനുഷ്യാ, ഞാനല്ല. 59ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് വേറൊരാള്‍ ഉറപ്പിച്ചു പറഞ്ഞു: തീര്‍ച്ചയായും ഈ മനുഷ്യനും അവനോടു കൂടെയായിരുന്നു. ഇവനും ഗലീലിയാക്കാരനാണല്ലോ. 60പത്രോസ് പറഞ്ഞു: മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞു കൂടാ. അവന്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ കോഴി കൂവി. 61റബ്ബ് പത്രോസിന്റെ നേരേ തിരിഞ്ഞ് അവനെ നോക്കി. ഇന്നു കോഴികൂവുന്നതിനു മുമ്പു മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് റബ്ബ് പറഞ്ഞവചനം അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. 62അവന്‍ പുറത്തുപോയി പൊട്ടിക്കരഞ്ഞു.

ഈസാ അൽ മസീഹിനെ പരിഹസിക്കുന്നു

63ഈസാ അൽ മസീഹിനു കാവല്‍നിന്നിരുന്നവര്‍ ഈസാ അൽ മസീഹിനെ പരിഹസിക്കുകയും അടിക്കുകയും ചെയ്തു. 64അവര്‍ ഈസാ അൽ മസീഹിൻറെ കണ്ണുകള്‍ മൂടിക്കൊണ്ട്, നിന്നെ അടിച്ചവന്‍ ആരെന്നു പ്രവചിക്കുക എന്നു പറഞ്ഞു. 65അവര്‍ ഈസാ അൽ മസീഹിനെ അധിക്‌ഷേപിച്ച് അവനെതിരായി പലതും പറഞ്ഞു.

ന്യായാധിപസംഘത്തിന്റെ മുമ്പാകെ

66പ്രഭാതമായപ്പോള്‍ പുരോഹിത പ്രമുഖന്‍മാരും നിയമജ്ഞരും ഉള്‍പ്പെടുന്ന ജന പ്രമാണികളുടെ സംഘം സമ്മേളിച്ചു. അവര്‍ ഈസാ അൽ മസീഹിനെ തങ്ങളുടെ സംഘത്തിലേക്ക് കൊണ്ടുവന്നു പറഞ്ഞു: 67നീ അൽ മസീഹാണെങ്കില്‍ അതു ഞങ്ങളോടു പറയുക. ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. 68ഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ ഉത്തരം തരുകയുമില്ല. 69ഇപ്പോള്‍ മുതല്‍ മനുഷ്യപുത്രന്‍ അള്ളാഹുവിൻറെ ഖുദ്റത്തിന് വലത്തുവശത്ത് ഇരിക്കും. 70അവരെല്ലാവരുംകൂടെ ചോദിച്ചു: അങ്ങനെയെങ്കില്‍, നീ അള്ളാഹുവിൻറെ മകനാണോ? ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങള്‍ തന്നെ പറയുന്നല്ലോ, ഞാന്‍ ആണെന്ന്. 71അവര്‍ പറഞ്ഞു: ഇനി നമുക്കുവേറെ സാക്ഷ്യം എന്തിന്? അവന്റെ നാവില്‍നിന്നുതന്നെ നാം അതുകേട്ടു കഴിഞ്ഞു.


Footnotes