അൽ-ആവിയാനി (ലേവ്യാ) 8

ഇമാമിക അഭിഷേകം

8 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 2വസ്ത്രങ്ങള്‍, അഭിഷേകതൈലം, പാപപരിഹാര ഖുർബാനിക്കുള്ള കാള, രണ്ടു മുട്ടാടുകള്‍, ഒരുകുട്ടി പുളിപ്പില്ലാത്ത അപ്പം എന്നിവയോടുകൂടി ഹാറൂനെയും പുത്രന്‍മാരെയും കൊണ്ടുവരിക. 3ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ ജാമിയ്യായെ ഒന്നിച്ചുകൂട്ടുക. 4റബ്ബ്ൽ ആലമീൻ കല്‍പിച്ചതുപോലെ മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) ചെയ്തു. ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ ജാമിയ്യായെ ഒന്നിച്ചുകൂട്ടി.

5അപ്പോള്‍ മൂസാ ജാമിയ്യായോടു പറഞ്ഞു: ഇങ്ങനെ ചെയ്യണമെന്നാണ് റബ്ബ്ൽ ആലമീൻ കല്‍പിച്ചത്. 6അനന്തരം, മൂസാ ഹാറൂനെയും പുത്രന്‍മാരെയും മുന്‍പോട്ടു കൊണ്ടുവന്ന് അവരെ വെള്ളം കൊണ്ടു കഴുകി; 7ഹാറൂനെ കുപ്പായം അണിയിച്ച് അരപ്പട്ടകെട്ടി, മേലങ്കി ധരിപ്പിച്ചു. അതിനുമീതെ ഫൌവ്വാബാദ് അണിയിച്ചു. ഫൌവ്വാബാദിന്റെ വിദഗ്ദ്ധമായി നെയ്‌തെടുത്ത പട്ട അവന്റെ അരയില്‍ ചുറ്റി. 8പിന്നീട് ഉരസ്ത്രാണം ധരിപ്പിച്ചു. അതില്‍ ഉറീമും തുമ്മീമും നിക്‌ഷേപിച്ചു. 9തലപ്പാവു ധരിപ്പിച്ച് അതിന്റെ മുന്‍വശത്തായി റബ്ബ്ൽ ആലമീൻ കല്‍പിച്ചിരുന്നതു പോലെ വിശുദ്ധകിരീടമായ പൊന്‍തകിടു ചാര്‍ത്തി.

10അനന്തരം, അഭിഷേക തൈലമെടുത്ത് കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു വിശുദ്ധീകരിച്ച് അതില്‍നിന്നു കുറച്ചെടുത്ത് ഖുർബാനി പീഠത്തില്‍ ഏഴുപ്രാവശ്യം തളിച്ചു. 11ഖുർബാനിപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും ക്ഷാളനപാത്രവും അതിന്റെ ചുവടും അഭിഷേകം ചെയ്തു വിശുദ്ധീകരിച്ചു. 12പിന്നീട് ശിരസ്‌സില്‍ തൈലാഭിഷേകം ചെയ്ത് ഹാറൂനെ വിശുദ്ധീകരിച്ചു. 13റബ്ബ്ൽ ആലമീൻ കല്‍പിച്ചിരുന്നതു പോലെ മൂസാ ഹാറൂന്റെ പുത്രന്‍മാരെയും മുന്നോട്ടു കൊണ്ടുവന്ന് കുപ്പായമണിയിക്കുകയും അരപ്പട്ട കെട്ടുകയും തൊപ്പി ധരിപ്പിക്കുകയും ചെയ്തു.

14മൂസാ പാപപരിഹാര ഖുർബാനിക്കുള്ള കാളയെ കൊണ്ടുവന്നു. ഹാറൂനും പുത്രന്‍മാരും അതിന്റെ തലയില്‍ കൈകള്‍വച്ചു. 15മൂസാ അതിനെ കൊന്നു രക്തമെടുത്ത് അതില്‍ വിരല്‍ മുക്കി ഖുർബാനി പീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടി ഖുർബാനി പീഠം ശുദ്ധീകരിച്ചു. ബാക്കി രക്തം ഖുർബാനി പീഠത്തിന്റെ ചുവട്ടിലൊഴിച്ചു; അങ്ങനെ ഖുർബാനിപീഠം ശുദ്ധിചെയ്ത് പരിഹാര കര്‍മത്തിനു സജ്ജമാക്കി. 16ആന്തരികാവയവങ്ങളിന്‍ മേലുണ്ടായിരുന്ന മേദസ്‌സു മുഴുവനും കരളിന്‍ മേലുണ്ടായിരുന്ന നെയ്‌വലയും ഇരുവൃക്കകളും അവയുടെ മേദസ്‌സുമെടുത്ത് ഖുർബാനി പീഠത്തില്‍വച്ചു ദഹിപ്പിച്ചു. 17എന്നാല്‍, കാളയെ - അതിന്റെ തോല്‍, മാംസം, ചാണകം എന്നിവ - റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചിരുന്നതു പോലെ കൂടാരത്തിനു വെളിയില്‍ വച്ചാണ് ദഹിപ്പിച്ചത്.

18ദഹനഖുർബാനിക്കുള്ള മുട്ടാടിനെ അവന്‍ കൊണ്ടുവന്നു. ഹാറൂനും പുത്രന്‍മാരും അതിന്റെ തലയില്‍ കൈകള്‍വച്ചു. 19മൂസാ അതിനെ കൊന്ന് രക്തം ഖുർബാനിപീഠത്തിനു ചുറ്റും ഒഴിച്ചു. 20അതിനെ കഷണങ്ങളായി മുറിച്ച് തലയും കഷണങ്ങളും മേദസ്‌സും ദഹിപ്പിച്ചു. 21റബ്ബ്ൽ ആലമീൻ കല്‍പിച്ചിരുന്നതു പോലെ മൂസാ അതിന്റെ ആന്തരികാവയവങ്ങളും കാലുകളും വെള്ളത്തില്‍ കഴുകി, അതിനെ മുഴുവനും അവിടുത്തേക്കു പ്രീതിജനകമായ സൗരഭ്യം നല്‍കുന്ന ദഹന ഖുർബാനിയായി ഖുർബാനിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.

22അവന്‍ മറ്റേ മുട്ടാടിനെ - ഇമാമികാഭിഷേകത്തിന്റെ മുട്ടാടിനെ - കൊണ്ടുവന്നു. ഹാറൂനും പുത്രന്‍മാരും അതിന്റെ തലയില്‍ കൈകള്‍വച്ചു. 23മൂസാ അതിനെ കൊന്ന് കുറെരക്തമെടുത്ത് ഹാറൂന്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിന്റെ പെരുവിരലിലും പുരട്ടി. 24പിന്നീട് ഹാറൂന്റെ പുത്രന്‍മാരെ അടുക്കല്‍ വരുത്തി കുറച്ചു രക്തം ഓരോരുത്തരുടെയും വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ള വിരലിലും വലത്തുകാലിന്റെ പെരുവിരലിലും പുരട്ടി. ശേഷിച്ച രക്തം ഖുർബാനിപീഠത്തിനുചുറ്റും ഒഴിച്ചു. 25കൊഴുത്തവാലും ആന്തരികാവയവങ്ങളിന്‍മേലുള്ള മേദസ്‌സും കരളിന്‍മേലുള്ള നെയ്‌വലയും ഇരുവൃക്കകളും അവയുടെ മേദസ്‌സും വലത്തെ കുറകും എടുത്തു. 26റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ പുളിപ്പില്ലാത്ത അപ്പമിരിക്കുന്ന കുട്ടയില്‍ നിന്ന് ഒരപ്പവും എണ്ണചേര്‍ത്ത ഒരപ്പവും ഒരടയുമെടുത്ത് മേദസ്‌സിന്‍മേലും വലത്തെ കുറകിന്‍മേലും വച്ചു. 27ഇവയെല്ലാം അവന്‍ ഹാറൂന്റെയും പുത്രന്‍മാരുടെയും കൈകളില്‍വച്ച് റബ്ബ്ൽ ആലമീന്റെ മുമ്പില്‍ നീരാജനം ചെയ്തു. 28അനന്തരം, മൂസാ അവ അവരുടെ കൈകളില്‍ നിന്നെടുത്ത് ഖുർബാനി പീഠത്തിന്‍മേല്‍ ദഹന ഖുർബാനിവസ്തുക്കളോടൊപ്പം വച്ചു ദഹിപ്പിച്ചു. അഭിഷേക ഖുർബാനിയായി റബ്ബ്ൽ ആലമീനു പ്രീതികരമായ സൗരഭ്യമായി അര്‍പ്പിച്ച ദഹനഖുർബാനിയാണിത്. 29മൂസാ അതിന്റെ നെഞ്ച് റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ നീരാജനം ചെയ്തു. റബ്ബ്ൽ ആലമീൻ കല്‍പിച്ചതുപോലെ അഭിഷേക ഖുർബാനിയാടില്‍നിന്ന് മൂസായ്ക്കുള്ള ഓഹരിയായിരുന്നു അത്.

30അനന്തരം, മൂസാ കുറച്ച് അഭിഷേകതൈലവും ഖുർബാനി പീഠത്തിന്‍മേലുള്ള രക്തവുമെടുത്ത് ഹാറൂന്റെയും അവന്റെ വസ്ത്രങ്ങളുടെയുംമേലും, പുത്രന്‍മാരുടെയും അവരുടെ വസ്തങ്ങളുടെയുംമേലും തളിച്ചു. അങ്ങനെ മൂസാ ഹാറൂനെയും അവന്റെ വസ്ത്രങ്ങളെയും പുത്രന്‍മാരെയും അവരുടെ വസ്ത്രങ്ങളെയും വിശുദ്ധീകരിച്ചു.

31മൂസാ ഹാറൂനോടും പുത്രന്‍മാരോടും പറഞ്ഞു: ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍വച്ച് മാംസം വേവിക്കണം. ഞാന്‍ കല്‍പിച്ചിട്ടുള്ളതനുസരിച്ച് അതും അഭിഷേ കകാഴ്ചകളുടെ കുട്ടയിലുള്ള അപ്പവും ഹാറൂനും പുത്രന്‍മാരും അവിടെവച്ചു ഭക്ഷിക്കണം. 32ശേഷിക്കുന്ന അപ്പവും മാംസവും തീയില്‍ ദഹിപ്പിക്കണം. 33അഭിഷേകത്തിന്റെ ദിവസങ്ങള്‍ തീരുന്നതുവരെ ഏഴു ദിവസത്തേക്കു ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍നിന്നു പുറത്തുപോകരുത്. എന്തെന്നാല്‍, അഭിഷേകത്തിന് ഏഴുദിവസം വേണം. 34ഇന്നു ചെയ്തത് റബ്ബ്ൽ ആലമീന്റെ കല്‍പനയനുസരിച്ച് നിങ്ങളുടെ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടിയാണ്. 35ആകയാല്‍, റബ്ബ്ൽ ആലമീന്റെ കല്‍പനകള്‍ കാത്തുകൊണ്ട് ഏഴുദിവസം രാവും പകലും നിങ്ങള്‍ ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ കഴിയുവിന്‍. അല്ലെങ്കില്‍, നിങ്ങള്‍ മരിക്കും. എന്തെന്നാല്‍, ഇങ്ങനെയാണ് റബ്ബ്ൽ ആലമീൻ എന്നോടു കല്‍പിച്ചിരിക്കുന്നത്. 36മൂസാവഴി റബ്ബ്ൽ ആലമീൻ കല്‍പിച്ചിരുന്നതെല്ലാം ഹാറൂനും പുത്രന്‍മാരും നിറവേറ്റി.


Footnotes