അൽ-ആവിയാനി (ലേവ്യാ) 18

ലൈംഗികതയുടെ വിശുദ്ധി

18 1മഅബൂദായ റബ്ബ്ൽ ആലമീ മൂസായോട് അരുളിച്ചെയ്തു: 2യിസ്രായിലാഹ് ജനത്തോടു പറയുക, ഞാന്‍ നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീനാണ്. 3നിങ്ങള്‍ വസിച്ചിരുന്ന ഈജിപ്തു ദേശത്തെ ജനങ്ങളെപ്പോലെ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. ഞാന്‍ നിങ്ങളെ പ്രവേശിപ്പിക്കാനിരിക്കുന്ന കാനാന്‍ദേശത്തെ ആളുകളെപ്പോലെയും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. അവരുടെ ചട്ടങ്ങളനുസരിച്ചു നിങ്ങള്‍ വ്യാപരിക്കുകയുമരുത്. 4നിങ്ങള്‍ എന്റെ പ്രമാണങ്ങളും കല്‍പനകളുമനുസരിച്ചു വ്യാപരിക്കണം. 5നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ ഞാനാണ്. നിങ്ങള്‍ എന്റെ കല്‍പനകളും പ്രമാണങ്ങളും അനുസരിക്കുക. അവ അനുസരിക്കുന്നവന്‍ അതിനാല്‍ ജീവിക്കും. ഞാനാണ് റബ്ബ്ൽ ആലമീൻ.

6നിങ്ങളില്‍ ആരും തന്റെ രക്തബന്ധമുള്ളവരുടെ നഗ്‌നത അനാവൃതമാക്കാന്‍ അവരെ സമീപിക്കരുത്. ഞാനാണ് റബ്ബ്ൽ ആലമീൻ. 7നിന്റെ ഉമ്മാന്റെ നഗ്‌നത അനാവൃതമാക്കി നിന്റെ ബാപ്പാനെ അപമാനിക്കരുത്. അവള്‍ നിന്റെ ഉമ്മയായതു കൊണ്ടും അവളുടെ നഗ്‌നത അനാവൃതമാക്കരുത്. 8നിന്റെ പിതാവിന്റെ ബീവിയുടെ നഗ്‌നത നീ അനാവൃതമാക്കരുത്. അതു നിന്റെ പിതാവിന്റെ തന്നെ നഗ്‌നതയാണ്. 9നിന്റെ സഹോദരിയുടെ - നിന്റെ ബാപ്പാന്റെയോ ഉമ്മാന്റെയോ പുത്രിയുടെ, അവള്‍ സ്വദേശത്തോ അന്യദേശത്തോ ജനിച്ചവളാകട്ടെ - നഗ്‌നത അനാവൃതമാക്കരുത്. 10നിന്റെ മകന്റെ മകളുടെയോ മകളുടെ മകളുടെയോ നഗ്‌നത നീ അനാവൃതമാക്കരുത്. കാരണം, അവരുടെ നഗ്‌നത നിന്റെ തന്നെ നഗ്‌നതയാണ്. 11നിന്റെ ബാപ്പാന്റെ ബീവിയില്‍ അവനു ജനിച്ച മകള്‍ നിന്റെ സഹോദരിയാണ്; നീ അവളുടെ നഗ്‌നത അനാവൃത മാക്കരുത്. 12നിന്റെ ബാപ്പാന്റെ സഹോദരിയുടെ നഗ്‌നത നീ അനാവൃതമാക്കരുത്; അവള്‍ നിന്റെ ബാപ്പാന്റെ അടുത്ത ബന്ധുവാണ്. 13നിന്റെ ഉമ്മാന്റെ സഹോദരിയുടെ നഗ്‌നത നീ അനാവൃതമാക്കരുത്; അവള്‍ നിന്റെ ഉമ്മാന്റെ അടുത്ത ബന്ധുവാണ്. 14നിന്റെ പിതൃസഹോദരനെ അവന്റെ ബീവിയുടെ നഗ്‌നത അനാവൃതമാക്കി അപമാനിക്കരുത്. അവള്‍ നിന്റെ ബന്ധുവാണ്. 15നിന്റെ മരുമകളുടെ നഗ്‌നത നീ അനാവൃതമാക്കരുത്. കാരണം, അവള്‍ നിന്റെ പുത്രന്റെ ബീവിയാണ്. അവളുടെ നഗ്‌നത നീ അനാവൃതമാക്കരുത്. 16നിന്റെ സഹോദരന്റെ ബീവിയുടെ നഗ്‌നത നീ അനാവൃതമാക്കരുത്. അതു നിന്റെ സഹോദരന്റെ നഗ്‌നതയാണ്. 17ഒരു സ്ത്രീയുടെയും അവളുടെതന്നെ മകളുടെയും നഗ്‌നത നീ അനാവൃതമാക്കരുത്. അവളുടെ പുത്രന്റെയോ പുത്രിയുടെയോ മകളുടെ നഗ്‌നത നീ അനാവൃതമാക്കരുത്. അവര്‍ അവളുടെ അടുത്ത ബന്ധുവാണ്. അത് അധര്‍മമാണ്. 18ബീവി ജീവിച്ചിരിക്കുമ്പോള്‍ അവളുടെ സഹോദരിയുടെ നഗ്‌നത അനാവൃതമാക്കി അവളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടരുത് 19ആര്‍ത്തവം നിമിത്തം അശുദ്ധയായിരിക്കുന്ന സ്ത്രീയുടെ നഗ്‌നത നീ അനാവൃതമാക്കരുത്. 20നിന്റെ അയല്‍ക്കാരന്റെ ബീവിയോടുകൂടെ ശയിച്ച് അവള്‍ നിമിത്തം നീ അശുദ്ധനാകരുത്. 21നിന്റെ സന്തതികളില്‍ ഒന്നിനെയും മോളെക്കിനു ഖുർബാനിയര്‍പ്പിച്ച് മഅബൂദിന്റെ നാമത്തെ അശുദ്ധമാക്കരുത്. ഞാനാണ് റബ്ബ്ൽ ആലമീൻ. 22സ്ത്രീയോടുകൂടെയെന്നതു പോലെ പുരുഷനോടുകൂടെ നീ ലൈംഗീക ബന്ധത്തിൽ ഏർപ്പെടരുത്. അതു മ്ലേച്ഛതയാകുന്നു. 23സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് തന്നെത്തന്നെ അശുദ്ധമാക്കരുത്. അതു ലൈംഗികവൈകൃതമാണ്.

24ഇവയിലൊന്നുകൊണ്ടും നിങ്ങള്‍ അശുദ്ധരാകരുത്. ഞാന്‍ നിങ്ങളുടെ മുന്‍പില്‍നിന്ന് അകറ്റിക്കളയുന്ന ജനതകള്‍ ഇവമൂലം തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു. 25ആ ദേശവും അശുദ്ധമായിരിക്കുന്നു. അതിന്റെ അകൃത്യത്തിന് ഞാന്‍ അതിനെ ശിക്ഷിക്കും. അത് അതിലെ നിവാസികളെ പുറന്തള്ളുകയും ചെയ്യും. 26നിങ്ങളും നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശീയരും എന്റെ കല്‍പനകളും പ്രമാണങ്ങളും പാലിക്കുകയും ഇത്തരം മ്ലേച്ഛമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കുകയും വേണം. 27നിങ്ങള്‍ക്കുമുന്‍പ് ഈ നാട്ടില്‍ വസിച്ചിരുന്നവര്‍ ഈവിധം മ്ലേച്ഛതകള്‍ കൊണ്ട് നാട് മലിനമാക്കി. 28ആകയാല്‍, ഈദേശം നിങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന വരെ പുറന്തള്ളിയതു പോലെ അതിനെ അശുദ്ധമാക്കുക വഴി നിങ്ങളെയും പുറന്തള്ളാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. 29ഇത്തരം മ്ലേച്ഛ പ്രവൃത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം. 30നിങ്ങള്‍ക്കു മുന്‍പു നടമാടിയിരുന്ന ഈ മ്ലേച്ഛതകളില്‍ വ്യാപരിച്ച് നിങ്ങളെത്തന്നെ അശുദ്ധരാക്കരുത് എന്ന എന്റെ കല്‍പന അനുസരിക്കുവിന്‍. ഞാനാണ് നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ.