സൂറ അൽ-യൂസാആ 23

യൂസാആ വിടവാങ്ങുന്നു

23 1ചുറ്റുമുള്ള ശത്രുക്കളെയെല്ലാം കീഴടക്കി റബ്ബ്ൽ ആലമീൻ യിസ്രായിലാഹിന് സ്വസ്ഥത നല്‍കി. അങ്ങനെ ഏറെക്കാലം കഴിഞ്ഞു. യൂസാആ വൃദ്ധനായി. 2അവന്‍ യിസ്രായിലാഹ് ജനത്തെയും അവരുടെ ശ്രേഷ്ഠന്‍മാരെയും തലവന്‍മാരെയും ന്യായാധിപന്‍മാരെയും സ്ഥാനികളെയും വിളിച്ചുവരുത്തി പറഞ്ഞു: ഞാന്‍ ഇതാ വൃദ്ധനായി. 3ജനതകളോട് നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ എന്താണ് ചെയ്തതെന്നു നിങ്ങള്‍ കണ്ടുകഴിഞ്ഞു; അവിടുന്നു തന്നെയാണല്ലോ നിങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്തത്. 4ഉർദൂന്‍ മുതല്‍ പടിഞ്ഞാറ് മഹാസമുദ്രം വരെ ഞാന്‍ പിടിച്ചടക്കിയതും കീഴടങ്ങാതെ അവശേഷിക്കുന്നതുമായ എല്ലാ ദേശങ്ങളും നിങ്ങളുടെ ഗോത്രങ്ങള്‍ക്ക് അവകാശമായി ഞാന്‍ വിഭജിച്ചു തന്നിരിക്കുന്നു. 5നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ ശത്രുക്കളെ നിങ്ങളുടെ മുന്‍പില്‍നിന്നു നിര്‍മാര്‍ജനം ചെയ്യും. അവിടുന്ന് വാഗ്ദാനം ചെയ്തനുസരിച്ച് അവരുടെ ദേശം നിങ്ങള്‍ കൈവശപ്പെടുത്തും. 6ആകയാല്‍, മൂസായുടെ തൌറാത്തില്‍ എഴുതിയിരിക്കുന്നതെല്ലാം വിശ്വസ്തതയോടെ അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍; അതില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്. 7ഇവിടെ നിങ്ങളുടെ ഇടയില്‍ അവശേഷിച്ചിരിക്കുന്നവരുമായി 8കൂടിക്കലരുകയോ അവരുടെ ദേവന്‍മാരുടെ നാമം ഉച്ചരിക്കുകയോ അവരെക്കൊണ്ട് ആണയിടുകയോ അവരെ സേവിക്കുകയോ നമസ്‌കരിക്കുകയോ ചെയ്യാതിരിക്കുന്നതിനും നിങ്ങള്‍ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീനോടു വിശ്വസ്തത പാലിക്കുന്നതിനും വേണ്ടിയാണ് ഇത്. 9പ്രബലരും ശക്തരുമായ ജനങ്ങളെ റബ്ബ്ൽ ആലമീൻ നിങ്ങളുടെ മുന്‍പില്‍ നിന്നു നിര്‍മാര്‍ജനം ചെയ്തു. ഇതുവരെ ഒരുവനും നിങ്ങളോട് എതിര്‍ത്തു നില്‍ക്കാന്‍ സാധിച്ചിട്ടില്ല. 10നിങ്ങളില്‍ ഒരാള്‍ ആയിരം പേരെ തുരത്തുന്നു. കാരണം, നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്നതുപോലെ മഅബൂദായ റബ്ബ്ൽ ആലമീൻ തന്നെയാണ് നിങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്യുന്നത്. 11അതുകൊണ്ട് നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീനെ സ്‌നേഹിക്കുന്നതില്‍ നിങ്ങള്‍ ഉത്‌സുകരായിരിക്കണം. 12എന്നാല്‍, ഇക്കാര്യം വിസ്മരിച്ച് 13നിങ്ങളുടെ ഇടയില്‍ അവശേഷിച്ചിരിക്കുന്ന ഈ ജനങ്ങളുമായി ഇടപഴകുകയോ അവരുടെ സ്ത്രീകളെ നിഖാഹ്ചെയ്യുകയോ നിങ്ങളുടെ സ്ത്രീകളെ അവര്‍ക്കു നിഖാഹ് ചെയ്തു കൊടുക്കുകയോ ചെയ്യുന്നെങ്കില്‍, നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ ഈ ജനങ്ങളെ നിങ്ങളുടെ ഇടയില്‍ നിന്നു മേലില്‍ നിര്‍മാര്‍ജനം ചെയ്യുകയില്ലെന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ഈ വിശിഷ്ട ദേശത്തുനിന്ന് നിങ്ങള്‍ വിച്‌ഛേദിക്കപ്പെടുന്നതു വരെ അവര്‍ നിങ്ങള്‍ക്ക് കെണിയും കുടുക്കും മുതുകില്‍ ചാട്ടയും കണ്ണില്‍ മുള്ളും ആയിരിക്കും.

14ഇതാ, സകലമര്‍ത്യരും പോകേണ്ട വഴിയേ എനിക്കും പോകാറായിരിക്കുന്നു. നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തിട്ടുള്ള വിശിഷ്ടമായ കാര്യങ്ങളില്‍ ഒന്നുപോലും സഫലമാകാതിരുന്നിട്ടില്ലെന്ന് നിങ്ങള്‍ക്കു പൂര്‍ണമായി അറിയാമല്ലോ. നിങ്ങള്‍ക്കുവേണ്ടി എല്ലാം നിറവേറി. ഒന്നും വിഫലമായിട്ടില്ല. 15നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ വാഗ്ദാനങ്ങള്‍ നിറവേറ്റിയതുപോലെ തന്റെ ഭീഷണിയും നിറവേറ്റും. 16നിങ്ങള്‍ അവിടുത്തെ ഉടമ്പടി ലംഘിച്ച് അന്യദേവന്‍മാരെ സേവിച്ചാല്‍ അവിടുത്തെ കോപം നിങ്ങളുടെമേല്‍ ജ്വലിക്കും. നിങ്ങളുടെമേല്‍ സകല തിന്‍മകളും വരുത്തി താന്‍ നല്‍കിയ വിശിഷ്ട ദേശത്തു നിന്ന് അവിടുന്ന് നിങ്ങളെ നിര്‍മാര്‍ജനം ചെയ്യും.