യഹിയ്യാ 6

അപ്പം വര്‍ധിപ്പിക്കുന്നു

(മത്തായി 14:13-21; മര്‍ക്കോസ് 6:30-44; ലൂക്കാ 9:10-17)

6 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് തിബേരിയാസ് എന്നുകൂടി വിളിക്കപ്പെടുന്ന ഗലീലിക്കടലിന്റെ മറുകരയിലേക്കു പോയി. 2വലിയ ഒരു ജനക്കൂട്ടം അവനെ അനുഗമിച്ചു. കാരണം, രോഗികളില്‍ അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ അവര്‍ കണ്ടിരുന്നു. 3ഈസാ അൽ മസീഹ് മലയിലേക്കു കയറി സാഹബാക്കളോടു കൂടെ അവിടെയിരുന്നു. 4യൂദരുടെ ഖുർബാനി പെരുനാള്‍ അടുത്തിരുന്നു. 5ഈസാ അൽ മസീഹ് കണ്ണുകളുയര്‍ത്തി ഒരു വലിയ ജനകൂട്ടം തന്റെ അടുത്തേക്കു വരുന്നതു കണ്ടു. അവന്‍ പീലിപ്പോസിനോടു ചോദിച്ചു: ഇവര്‍ക്കു ഭക്ഷിക്കുവാന്‍ നാം എവിടെ നിന്ന് അപ്പം വാങ്ങും? 6അവനെ പരീക്ഷിക്കാനാണ് ഈസാ അൽ മസീഹ് ഇങ്ങനെ ചോദിച്ചത്. എന്തു ചെയ്യണമെന്ന് ഈസാ അൽ മസീഹ് നേരത്തെ മനസ്‌സില്‍ കരുതിയിരുന്നു. 7പീലിപ്പോസ് മറുപടി പറഞ്ഞു: ഓരോരുത്തര്‍ക്കും അല്‍പം വീതം കൊടുക്കുവാന്‍ ഇരുനൂറു ദനാറയ്ക്കുള്ള അപ്പം പോലും തികയുകയില്ല. 8സാഹബാക്കളിലൊരുവനും ശിമയോന്‍ പത്രോസിന്റെ സഹോദരനുമായ അന്ത്രയോസ് അവനോടു പറഞ്ഞു: 9അഞ്ചു ബാര്‍ലിയപ്പവും രണ്ടു മീനും കൈവശമുള്ള ഒരു കുട്ടി ഇവിടെയുണ്ട്. എന്നാല്‍, ഇത്രയും പേര്‍ക്ക് അതെന്തുണ്ട്? 10ഈസാ അൽ മസീഹ് പറഞ്ഞു: ആളുകളെയെല്ലാം ഭക്ഷണത്തിനിരുത്തുവിന്‍. ആ സ്ഥലത്തു പുല്ലു തഴച്ചു വളര്‍ന്നിരുന്നു. അയ്യായിരത്തോളം വരുന്ന പുരുഷന്‍മാര്‍ അവിടെ ഇരുന്നു. 11അനന്തരം ഈസാ അൽ മസീഹ് അപ്പമെടുത്ത് കൃതജ്ഞതാ സ്‌തോത്രം ചെയ്ത് അവര്‍ക്കു വിതരണം ചെയ്തു; അതു പോലെ തന്നെ മീനും വേണ്ടത്ര നല്‍കി. 12അവര്‍ ഭക്ഷിച്ചു തൃപ്തരായപ്പോള്‍ അവന്‍ സാഹബാക്കളോടു പറഞ്ഞു: ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങളെല്ലാം ശേഖരിക്കുവിന്‍. 13അഞ്ചു ബാര്‍ലിയപ്പത്തില്‍ നിന്നു ജനങ്ങള്‍ ഭക്ഷിച്ചതിനു ശേഷം മിച്ചം വന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. അവന്‍ പ്രവര്‍ത്തിച്ച അടയാളം കണ്ട ജനങ്ങള്‍ പറഞ്ഞു: 14ലോകത്തിലേക്കു വരാനിരുന്ന നബി സത്യമായും ഇവനാണ്.

15അവര്‍ വന്നു തന്നെ ബാദ്ഷായാക്കാന്‍ വേണ്ടി ബലമായി പിടിച്ചു കൊണ്ടു പോകാന്‍ ഭാവിക്കുന്നു എന്നു മനസ്‌സിലാക്കിയ ഈസാ അൽ മസീഹ് വീണ്ടും തനിയെ മലമുകളിലേക്കു പിന്‍മാറി.

വെള്ളത്തിനുമീതേ നടക്കുന്നു

16വൈകുന്നേരമായപ്പോള്‍ അവന്റെ സാഹബാക്കൾ കടല്‍ക്കരയിലേക്കു പോയി. 17അവര്‍ ഒരു തോണിയില്‍ കയറി കടലിനക്കരെ കഫര്‍ണാമിലേക്കു പുറപ്പെട്ടു. അപ്പോള്‍ നേരം ഇരുട്ടിത്തുടങ്ങി; ഈസാ അൽ മസീഹ് അവരുടെ അടുക്കലെത്തിയിരുന്നുമില്ല. 18ശക്തിയേറിയ കാറ്റടിച്ചിരുന്നതു കൊണ്ട് കടല്‍ ക്‌ഷോഭിച്ചു. 19ഇരുപത്തഞ്ചോ മുപ്പതോ സ്താദിയോണ്‍ ദൂരം തണ്ടു വലിച്ചു കഴിഞ്ഞപ്പോള്‍ ഈസാ അൽ മസീഹ് കടലിനു മീതേ നടന്ന് തോണിയെ സമീപിക്കുന്നതു കണ്ട് അവര്‍ ഭയപ്പെട്ടു. 20അവന്‍ അവരോടു പറഞ്ഞു: ഞാനാണ്; ഭയപ്പെടേണ്ടാ. 21അവനെ വള്ളത്തില്‍ കയറ്റാന്‍ അവരാഗ്രഹിച്ചു. പെട്ടെന്ന് തോണി അവര്‍ ലക്ഷ്യം വച്ചിരുന്ന കരയ്ക്ക് അടുത്തു.

22അവിടെ ഒരു തോണി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും സാഹബാക്കളോടൊപ്പം ഈസാ അൽ മസീഹ് അതില്‍ കയറിയിരുന്നില്ല എന്നും സാഹബാക്കൾ തനിയേ ആണു പോയതെന്നും കടലിന്റെ മറുകരെ നിന്ന ആളുകള്‍ പിറ്റെ ദിവസം മനസ്‌സിലാക്കി. 23റബ്ബ് കൃതജ്ഞതാ സ്‌തോത്രം ചെയ്തു നല്‍കിയ അപ്പം ജനങ്ങള്‍ ഭക്ഷിച്ച ആ സ്ഥലത്തിനടുത്തേക്കു തിബേരിയാസില്‍ നിന്നു മറ്റു തോണികള്‍ വന്നു. 24ഈസാ അൽ മസീഹഹോ സാഹബാക്കളോ അവിടെയില്ലെന്നു കണ്ടപ്പോള്‍ ജനക്കൂട്ടം തോണികളില്‍ കയറി ഈസാ അൽ മസീഹിനെത്തിരക്കി കഫര്‍ണാമിലെത്തി.

ജീവന്റെ അപ്പം

25ഈസാ അൽ മസീഹിനെ കടലിന്റെ മറുകരയില്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ചോദിച്ചു: ഉസ്താദ്, അങ്ങ് എപ്പോള്‍ ഇവിടെയെത്തി? 26ഈസാ അൽ മസീഹ് പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതു കൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതു കൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്. 27നശ്വരമായ അപ്പത്തിനു വേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യ ജീവന്റെ അനശ്വരമായ അപ്പത്തിനു വേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന തഅലാ അവന്റെ മേല്‍ അംഗീകാര മുദ്രവച്ചിരിക്കുന്നു. 28അപ്പോള്‍ അവര്‍ ചോദിച്ചു: അള്ളാഹുവിൻറെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം? 29ഈസാ അൽ മസീഹ് മറുപടി പറഞ്ഞു: ഇതാണു അള്ളാഹുവിൻറെ ഇഷ്ടമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന് അയച്ചവനില്‍ ഈമാൻ വെക്കുക. 30അപ്പോള്‍ അവര്‍ ചോദിച്ചു: ഞങ്ങള്‍ കണ്ട് നിന്നിൽ ഈമാനാക്കേണ്ടതിന് എന്തടയാളമാണു നീ ചെയ്യുക? എന്താണു നീ പ്രവര്‍ത്തിക്കുക? 31അവിടുന്ന് അവര്‍ക്കു ഭക്ഷിക്കുവാന്‍ ജന്നത്തില്‍ നിന്ന് അപ്പം കൊടുത്തു എന്നെഴുതപ്പെട്ടിരിക്കുന്നതു പോലെ, ഞങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു. 32ഈസാ അൽ മസീഹ് മറുപടി പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മൂസാ നബി (അ) അല്ല നിങ്ങള്‍ക്ക് ജന്നത്തില്‍ നിന്ന് അപ്പം തന്നത്; എന്റെ പിതാവാണ് ജന്നത്തില്‍ നിന്ന് നിങ്ങള്‍ക്കു യഥാര്‍ഥമായ അപ്പം തരുന്നത്. 33എന്തെന്നാല്‍, അള്ളാഹുവിന്റെ അപ്പം ജന്നത്തില്‍നിന്നിറങ്ങിവന്ന് ലോകത്തിനു ജീവന്‍ നല്‍കുന്നതത്രേ. 34അപ്പോള്‍ അവര്‍ അവനോട് അപേക്ഷിച്ചു: റബ്ബേ, ഈ അപ്പം ഞങ്ങള്‍ക്ക് എപ്പോഴും നല്‍കണമേ.

35ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല. 36എന്നാല്‍, നിങ്ങള്‍ എന്നെക്കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. 37പിതാവ് എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല. 38ഞാന്‍ ജന്നത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്. 39അവിടുന്ന് എനിക്കു നല്‍കിയവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്ടപ്പെടുത്താതെ, അന്ത്യ ദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്റെ ഇഷ്ടം. 40പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യ ദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും.

41ജന്നത്തില്‍ നിന്ന് ഇറങ്ങിവന്ന അപ്പം ഞാനാണ് എന്ന് അവന്‍ പറഞ്ഞതിനാല്‍ യൂദര്‍ അവനെതിരേ പിറുപിറുത്തു. 42അവര്‍ പറഞ്ഞു: ഇവന്‍ യൂസഫിന്റെ മകനായ ഈസായല്ലേ? ഇവന്റെ ഉപ്പാനെയും ഉമ്മാനെയും നമുക്കറിഞ്ഞു കൂടെ? പിന്നെയെങ്ങനെയാണ്, ഞാന്‍ ജന്നത്തില്‍ നിന്നിറങ്ങി വന്നിരിക്കുന്നു എന്ന് ഇവന്‍ പറയുന്നത്? 43ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: നിങ്ങള്‍ പരസ്പരം പിറുപിറുക്കേണ്ടതില്ല. 44എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും. 45അവരെല്ലാവരും അള്ളാഹുവിനാൽ തഅലീം നൽകപ്പെട്ടവരാകും എന്ന് മുഹ്ജിസാത്തു ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. പിതാവില്‍ നിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്തവരെല്ലാം എന്റെ അടുക്കല്‍ വരുന്നു. 46ആരെങ്കിലും പിതാവിനെ കണ്ടിട്ടുണ്ട് എന്നല്ല ഇതിനര്‍ഥം. അള്ളാഹുവില്‍ നിന്നുള്ളവന്‍ മാത്രമേ അള്ളാഹു സുബ്ഹാന തഅലായെ കണ്ടിട്ടുള്ളു. 47സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈമാൻ വെക്കുന്നവനു നിത്യജീവനുണ്ട്. 48ഞാന്‍ ജീവന്റെ അപ്പമാണ്. 49നിങ്ങളുടെ പിതാക്കന്‍മാര്‍ മരുഭൂമിയില്‍ വച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവര്‍ വഫാത്തായി. 50ഇതാകട്ടെ, മനുഷ്യന്‍ ഭക്ഷിക്കുന്നതിനു വേണ്ടി സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന്‍ വഫാത്താകുകയില്ല. 51ജന്നത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്.

52ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു. 53ഈസാ അൽ മസീഹ് പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. 54എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. 55എന്തെന്നാല്‍, എന്റെ ശരീരംയഥാര്‍ഥ ഭക്ഷണമാണ്. എന്റെ രക്തംയഥാര്‍ഥ പാനീയവുമാണ്. 56എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. 57ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും. 58ഇതു ജന്നത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്‍മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും. 59കഫര്‍ണാമിലെ പള്ളിയിൽ തഅലീം കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് അവന്‍ ഇതു പറഞ്ഞത്.

നിത്യജീവന്റെ വചസ്‌സുകള്‍

60ഇതുകേട്ട് അവന്റെ സാഹബാക്കളില്‍ പലരും പറഞ്ഞു: ഈ കലാം കഠിനമാണ്. ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും? 61തന്റെ സാഹബാക്കൾ പിറുപിറുക്കുന്നു എന്നു മനസ്‌സിലാക്കി ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ച വരുത്തുന്നുവോ? 62അങ്ങനെയെങ്കില്‍ മനുഷ്യപുത്രന്‍ ആദ്യം ആയിരുന്നിടത്തേക്ക് ആരോഹണം ചെയ്യുന്നതു നിങ്ങള്‍ കണ്ടാലോ? 63റൂഹുൽ ഖുദ്ദൂസാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ റൂഹും ജീവനുമാണ്. 64എന്നാല്‍, ഈമാനുള്ളവരായി നിങ്ങളില്‍ ചിലരുണ്ട്. അവര്‍ ആരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ ആരെന്നും ആദ്യം മുതലേ അവന്‍ അറിഞ്ഞിരുന്നു. 65അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവില്‍ നിന്നു വരം ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്.

66ഇതിനുശേഷം അവന്റെ സാഹബാക്കളില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെ കൂടെ നടന്നില്ല. 67ഈസാ അൽ മസീഹ് പന്ത്രണ്ടു പേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ? 68ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു: റബ്ബേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ കലാം നിന്റെ പക്കലുണ്ട്. 69നീയാണു അള്ളാഹുവിൻറെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു. 70ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: നിങ്ങള്‍ പന്ത്രണ്ടു പേരെ ഞാന്‍ തിരഞ്ഞെടുത്തില്ലേ? എന്നാല്‍ നിങ്ങളില്‍ ഒരുവന്‍ ഇബിലീസാണ്. 71അവന്‍ ഇതു പറഞ്ഞത് ശിമയോന്‍ സ്‌കറിയോത്തായുടെ മകനായ യൂദാസിനെക്കുറിച്ചാണ്. എന്തെന്നാല്‍, പന്ത്രണ്ടു പേരിലൊരുവനായ അവനാണ് ഈസാ അൽ മസീഹിനെ ഒറ്റിക്കൊടുക്കാനിരുന്നത്.


Footnotes