സൂറ അൽ-യിശായ്യാ 5

יְשַׁעְיָהוּ (Yeshayahu)

കര്‍ത്താവിന്റെ മുന്തിരിത്തോപ്പ്

5 1എന്റെ പ്രിയനുവേണ്ടി, അവനു തന്റെ മുന്തിരിത്തോട്ടത്തിനു നേരേയുള്ള സ്‌നേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഞാന്‍ ഒരു ഗാനം ആലപിക്കട്ടെ. വളരെ ഫലപുഷ്ടിയുള്ള കുന്നില്‍ എന്റെ പ്രിയന് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.

2അവന്‍ അതു കിളച്ചു കല്ലുകള്‍ നീക്കി വിശിഷ്ടമായ മുന്തിരിച്ചെടികള്‍ നട്ടുപിടിപ്പിച്ചു; അതിന്റെ മധ്യത്തില്‍ അവന്‍ ഒരു കാവല്‍മാടം പണിതു; മുന്തിരിച്ചക്കു കുഴിച്ചിടുകയും ചെയ്തു. അത് വിശിഷ്ടമായ മുന്തിരിപ്പഴം നല്‍കുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതു പുറപ്പെടുവിച്ചതു കാട്ടുമുന്തിരിപ്പഴമാണ്.

3ജറുസലെം നിവാസികളേ, യൂദായില്‍ വസിക്കുന്നവരേ, എന്നെയും എന്റെ മുന്തിരിത്തോട്ടത്തെയും കുറിച്ച് നിങ്ങള്‍തന്നെ വിധി പറയുവിന്‍.

4എന്റെ മുന്തിരിത്തോട്ടത്തിനു വേണ്ടി ഞാന്‍ ചെയ്തതിലേറെ എന്താണ് ചെയ്യേണ്ടിയിരുന്നത്? ഞാന്‍ നല്ല മുന്തിരി അതില്‍ നിന്നു പ്രതീക്ഷിച്ചപ്പോള്‍ എന്തുകൊണ്ടാണ് അതു കാട്ടുമുന്തിരിപ്പഴം പുറപ്പെടുവിച്ചത്?

5ഈ മുന്തിരിത്തോപ്പിനോടു ഞാന്‍ എന്തു ചെയ്യുമെന്ന് ഇപ്പോള്‍ പറയാം. ഞാന്‍ അതിന്റെ വേലി പൊളിച്ചുകളഞ്ഞ് നാശത്തിനു വിട്ടുകൊടുക്കും. അതിന്റെ മതിലുകള്‍ ഞാന്‍ ഇടിച്ചു തകര്‍ക്കും. തോട്ടം ചവിട്ടി മെതിക്കപ്പെടും.

6ഞാന്‍ അതിനെ ശൂന്യമാക്കും; അതിനെ വെട്ടിയൊരുക്കുകയോ അതിന്റെ ചുവടു കിളയ്ക്കുകയോ ചെയ്യുകയില്ല. അവിടെ മുള്‍ച്ചെടികളും മുള്ളുകളും വളരും. അതിന്‍മേല്‍ മഴ വര്‍ഷിക്കരുതെന്നു ഞാന്‍ മേഘങ്ങളോട് ആജ്ഞാപിക്കും.

7സൈന്യങ്ങളുടെ കര്‍ത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രായേല്‍ ഭവനമാണ്. യൂദാജനമാണ്, അവിടുന്ന് ആനന്ദം കൊള്ളുന്ന കൃഷി. നീതിക്കുവേണ്ടി അവിടുന്ന് കാത്തിരുന്നു. ഫലമോ രക്തച്ചൊരിച്ചില്‍ മാത്രം! ധര്‍മനിഷ്ഠയ്ക്കു പകരം നീതി നിഷേധിക്കപ്പെട്ടവരുടെ നിലവിളി!

അധര്‍മികള്‍ക്കു ദുരിതം

8മറ്റാര്‍ക്കും വസിക്കാന്‍ ഇടം കിട്ടാത്തവിധം വീടോടു വീടുചേര്‍ത്ത്, വയലോടു വയല്‍ചേര്‍ത്ത്, അതിന്റെ മധ്യത്തില്‍ തനിച്ചുവസിക്കുന്നവര്‍ക്കു ദുരിതം!

9സൈന്യങ്ങളുടെ കര്‍ത്താവ് ശപഥം ചെയ്യുന്നത് ഞാന്‍ കേട്ടു: അനേകം മന്ദിരങ്ങള്‍ നിര്‍ജനമാകും. മനോഹരമായ മാളികകള്‍ വസിക്കാന്‍ ആളില്ലാതെ ശൂന്യമായി കിടക്കും.

10പത്തേക്കര്‍ മുന്തിരിത്തോട്ടത്തില്‍നിന്ന് ഒരു ബത്ത് വീഞ്ഞും ഒരു ഹോമര്‍ വിത്തില്‍നിന്ന് ഒരു ഏഫാ ധാന്യവും മാത്രം വിളവു ലഭിക്കും.

11ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!

12അവരുടെ ഉത്‌സവങ്ങളില്‍ വീണയും കിന്നരവും തപ്പും കുഴലും വീര്യമേറിയ വീഞ്ഞും ഉണ്ട്. എന്നാല്‍, അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികളെക്കുറിച്ചു ചിന്തിക്കുകയോ അവിടുത്തെ കരവേലകളെ നോക്കുകയോ ചെയ്യുന്നില്ല.

13എന്റെ ജനം അജ്ഞതനിമിത്തം അടിമത്തത്തിലേക്കു നീങ്ങുന്നു; അവരുടെ പ്രഭുക്കന്‍മാര്‍ വിശപ്പുകൊണ്ടു മരിക്കുകയും അനേകര്‍ ദാഹാര്‍ത്തരായിക്കഴിയുകയും ചെയ്യുന്നു.

14അതിനാല്‍, പാതാളത്തിന്റെ ആര്‍ത്തി വര്‍ധിച്ചിരിക്കുന്നു. സീമാതീതമായി അതു വായ് പിളര്‍ന്നിരിക്കുന്നു. ജറുസലെമിലെ കുലീനരും സാധാരണരും അവിടുത്തെ വലിയ ആള്‍ക്കൂട്ടവും അവളില്‍ അഭിമാനം കൊള്ളുന്നവരും അതില്‍ പതിക്കുന്നു.

15മനുഷ്യനു തലകുനിക്കാന്‍ ഇടവന്നു. മര്‍ത്ത്യര്‍ അവമാനിതരായി. അഹങ്കാരികള്‍ ലജ്ജിതരായി.

16സൈന്യങ്ങളുടെ കര്‍ത്താവ് നീതിയില്‍ ഉയര്‍ന്നു നില്‍ക്കുന്നു; പരിശുദ്ധനായ ദൈവം നീതിനിഷ്ഠയിലൂടെ തന്റെ പരിശുദ്ധി വെളിപ്പെടുത്തുന്നു.

17അപ്പോള്‍ കുഞ്ഞാടുകള്‍ മേച്ചില്‍പുറങ്ങളിലെന്നപോലെ അവിടെമേഞ്ഞുനടക്കും. കൊഴുത്ത മൃഗങ്ങളുംആട്ടിന്‍കുട്ടികളും അവിടത്തെനഷ്ടാവശിഷ്ടങ്ങള്‍ക്കിടയില്‍ മേയും.

18നുണയുടെ കയറുകൊണ്ട് അകൃത്യത്തെ വലിച്ചിഴയ്ക്കുന്നവനു ദുരിതം! പാപത്തെ കയറുകെട്ടി വലിക്കുന്നവനു ദുരിതം!

19കര്‍ത്താവ് വേഗം തന്റെ പ്രവൃത്തി നിറവേറ്റട്ടെ, നമുക്കു കാണാമല്ലോ; ഇസ്രായേലിന്റെ പരിശുദ്ധനായവന്റെ ലക്ഷ്യം ആ സന്നമാകട്ടെ, അതു നമുക്ക് അറിയാമല്ലോ എന്ന് അവര്‍ പറയുന്നു.

20തിന്‍മയെ നന്‍മയെന്നും നന്‍മയെ തിന്‍മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!

21തന്നെത്തന്നെ ജ്ഞാനിയെന്നും സൂക്ഷ്മബുദ്ധിയെന്നും കരുതുന്നവനു ദുരിതം!

22വീഞ്ഞുകുടിക്കുന്നതില്‍ വീരന്‍മാരും വിവിധതരം മദ്യം കൂട്ടിക്കലര്‍ത്തുന്നതില്‍ വിരുതന്‍മാരും ആയവര്‍ക്കു ദുരിതം!

23കൈക്കൂലി വാങ്ങി കുറ്റവാളിയെ മോചിപ്പിക്കുകയും നിരപരാധര്‍ക്കു നീതി നിഷേധിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!

24തീനാളത്തില്‍ വൈക്കോല്‍ത്തുരുമ്പുപോലെ, അഗ്‌നിജ്വാലയില്‍ ഉണക്കപ്പുല്ലുപോലെ, അവരുടെ വേരു ജീര്‍ണിക്കും; അവരുടെ പുഷ്പങ്ങള്‍ പൊടിപോലെ പറന്നുപോകും. കാരണം, അവര്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ നിയമത്തെനിരസിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനായവന്റെ വചനത്തെനിന്ദിക്കുകയും ചെയ്തു.

25അവിടുത്തെ ജനത്തിനെതിരായി കര്‍ത്താവിന്റെ കോപം ജ്വലിച്ചു. അവിടുന്ന് കരമുയര്‍ത്തി അവരെ പ്രഹരിച്ചു. പര്‍വതങ്ങള്‍ പ്രകമ്പനംകൊണ്ടു. അവരുടെ മൃതശരീരങ്ങള്‍ തെരുവീഥികളില്‍ മാലിന്യംപോലെ കിടന്നു. എന്നിട്ടും അവിടുത്തെ കോപം ശമിച്ചിട്ടില്ല. അവിടുത്തെ കരം ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്നു.

26വിദൂരസ്ഥമായ ഒരു ജനതയ്ക്ക് അവിടുന്ന് ഒരു അടയാളം കാണിക്കും. ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് അവരെ ചൂളംവിളിച്ചുവരുത്തും. ഇതാ, അതിവേഗം അവര്‍ വരുന്നു.

27ആരും ക്ഷീണിച്ചിട്ടില്ല; ആരുടെയും കാലിടറുന്നില്ല. ഒരുവനും ഉറക്കംതൂങ്ങുകയോ ഉറങ്ങുകയോ ചെയ്യുന്നില്ല. ആരുടെയും അര ക്കച്ച അയഞ്ഞുപോവുകയോ ചെരിപ്പിന്റെ വള്ളി പൊട്ടുകയോ ചെയ്യുന്നില്ല.

28അവരുടെ അസ്ത്രങ്ങള്‍ മൂര്‍ച്ചയുള്ളതാണ്. അവരുടെ വില്ലു കുലച്ചിരിക്കുന്നു. അവരുടെ കുതിരകളുടെ കുളമ്പുകള്‍ തീക്കല്ലുപോലെയും അവരുടെ രഥചക്രങ്ങള്‍ ചുഴലിക്കാറ്റുപോലെയുമാണ്.

29അവരുടെ ഗര്‍ജനം സിംഹത്തിന്‍േറ തുപോലെയാണ്.യുവസിംഹങ്ങളെപ്പോലെ അവര്‍ അലറുന്നു. അവര്‍ മുരളുകയും ഇരപിടിച്ചു വലിച്ചുകൊണ്ടുപോവുകയും ചെയ്യുന്നു. ആര്‍ക്കും രക്ഷപെടുത്താന്‍ സാധിക്കുകയില്ല.

30അന്ന് അവര്‍ അതിനെനോക്കി കടലിന്റെ ഇരമ്പല്‍പോലെ മുരളും. ആരെങ്കിലും ദേശത്തേക്കു നോക്കിയാല്‍ അവിടെ അന്ധകാരവും അസ്വസ്ഥതയും ആയിരിക്കും. കാര്‍മേഘങ്ങള്‍ പ്രകാശത്തെ വിഴുങ്ങിക്കളയും.