സൂറ അൽ-വജ്ഹ 49
യാഖൂബിന്‍റെ അനുഗ്രഹം
49 1യാഖൂബ് തന്‍റെ മക്കളെ വിളിച്ചു പറഞ്ഞു: എല്ലാവരും ഒന്നിച്ചു കൂടുവിന്‍. ഭാവിയില് നിങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്നു ഞാന്‍ പറയാം:
2യാഖൂബിന്‍റെ പുത്രന്‍മാരേ, ഒന്നിച്ചു കൂടി കേള്‍ക്കുവിന്‍. നിങ്ങളുടെ പിതാവായ യിസ്രായിലാഹിന്‍റെ വാക്കുകള് ശ്രദ്ധിക്കുവിന്‍.
3റൂബന്‍, നീ എന്‍റെ കടിഞ്ഞൂല്‍ പുത്രനാണ്; എന്‍റെ ശക്തിയും എന്‍റെ പൗരുഷത്തിന്‍റെ ആദ്യഫലവും.
4അഹങ്കാരത്തിലും ശക്തിയിലും നീ മുന്‍പന്‍ തന്നെ. വെള്ളം പോലെ അസ്ഥിരനായ നീ മുന്‍പനായി വാഴില്ല. എന്തെന്നാല്‍, നീ പിതാവിന്‍റെ കിടക്കയില്‍ കയറി അത് അശുദ്ധമാക്കി. എന്‍റെ ശയ്യയില്‍ കയറി, നീ എന്നെ ദ്രോഹിച്ചുവല്ലോ!
5ശിമയോനും ലേവിയും കൂടെപ്പിറപ്പുകളാണ്. അവരുടെ വാളുകള്‍ അക്രമത്തിന്‍റെ ആയുധങ്ങളാണ്.
6അവരുടെ ഗൂഢാലോചനകളില്‍ എന്‍റെ മനസ്‌സു പങ്കുകൊള്ളാതിരിക്കട്ടെ! അവരുടെ സമ്മേളനത്തില്‍ എന്‍റെ ആത്മാവു പങ്കുചേരാതിരിക്കട്ടെ! എന്തെന്നാല്‍, തങ്ങളുടെ കോപത്തില് അവര്‍ മനുഷ്യരെ കൊന്നു. ക്രൂരതയില്‍ അവര്‍ കാളകളുടെ കുതിഞരമ്പു വെട്ടി.
7അവരുടെ ഉഗ്രമായ കോപവും ക്രൂരമായ ക്രോധവും ശപിക്കപ്പെടട്ടെ! ഞാന്‍ അവരെ യാഖൂബില്‍ വിഭജിക്കും; യിസ്രായിലാഹിൽ ചിതറിക്കുകയും ചെയ്യും.
8യൂദാ, നിന്‍റെ സഹോദരന്മാര് നിന്നെ പുകഴ്ത്തും, നിന്‍റെ കൈ ശത്രുക്കളുടെ കഴുത്തില് പതിക്കും. നിന്‍റെ പിതാവിന്‍റെ പുത്രന്മാര് നിന്‍റെ മുന്‍പില്‍ കുമ്പിടും.
9യൂദാ ഒരു സിംഹക്കുട്ടിയാണ്. എന്‍റെ മകനേ, നീ ഇരയില്‍ നിന്നു മടങ്ങിയിരിക്കുന്നു. അവന്‍ ഒരു സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും പതുങ്ങിക്കിടന്നു വിശ്രമിക്കുന്നു. അവനെ ഉണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും?
10ചെങ്കോല്‍ യൂദായെ വിട്ടു പോകയില്ല; അതിന്റെ അവകാശി വന്നു ചേരുംവരെ അധികാര ദണ്‍ഡ് അവന്‍റെ സന്തതികളില്‍ നിന്നു നീങ്ങിപ്പോകയില്ല. ജനതകള് അവനെ അനുസരിക്കും.
11അവന്‍ തന്‍റെ കഴുതയെ മുന്തിരിവള്ളിയിലും കഴുതക്കുട്ടിയെ വിശിഷ്ടമായ മുന്തിരിച്ചെടിയിലും കെട്ടിയിടും; തന്‍റെ ഉടുപ്പു വീഞ്ഞിലും മേലങ്കി മുന്തിരിച്ചാറിലും കഴുകും.
12അവന്‍റെ കണ്ണുകള് വീഞ്ഞിനെക്കാള്‍ ചെമന്നും പല്ലുകള്‍ പാലിനെക്കാള്‍ വെളുത്തുമിരിക്കും.
13സെബുലൂണാകട്ടെ കടല് തീരത്തു വസിക്കും. അവന്‍ കപ്പലുകള്‍ക്ക് അഭയ കേന്ദ്രമായിരിക്കും. സീദോനായിരിക്കും അവന്‍റെ അതിര്‍ത്തി.
14ഇസ്‌സാക്കര്‍ ഒരു കരുത്തുറ്റ കഴുതയാണ്. അവന്‍ ചുമടുകള്‍ക്കിടയില്‍ കിടക്കുന്നു.
15വിശ്രമസ്ഥലം നല്ലതെന്നും ദേശം മനോഹരമെന്നും അവന്‍ കണ്ടു. അതുകൊണ്ട് അവന്‍ ചുമടു കയറ്റാന്‍ ചുമല്‍ കുനിച്ചു കൊടുത്തു; കൂലിവേലചെയ്യുന്ന ഒരു ദാസനായിത്തീര്‍ന്നു.
16യിസ്രായിലാഹിലെ മറ്റു ഗോത്രങ്ങളെപ്പോലെ ദാന്‍ സ്വന്തം ജനങ്ങള്‍ക്കു ന്യായം നടത്തിക്കൊടുക്കും.
17ദാന്‍ വഴിവക്കിലെ സര്‍പ്പവും പാതയിലെ അണലിയുമായിരിക്കും. അവന്‍ കുതിരയുടെ കുതികാലില്‍ കടിക്കും. കുതിരക്കാരന്‍ മലര്‍ന്നു വീഴുകയും ചെയ്യും.
18യാ റബ്ബുൽ ആലമീൻ, ഞാന്‍ അങ്ങയുടെ രക്ഷ കാത്തിരിക്കുന്നു.
19ഗാദിനെ കവര്‍ച്ചക്കാര്‍ ആക്രമിക്കും. എന്നാല്‍, അവന്‍ അവരെ തോല്‍പിച്ചോടിക്കും.
20ആഷേറിന്‍റെ ആഹാരം സമ്പന്നമായിരിക്കും. അവന്‍ രാജകീയ വിഭവങ്ങള്‍ പ്രദാനം ചെയ്യും.
21സ്വച്ഛന്ദം ചരിക്കുന്ന ഒരു പേടമാനാണു നഫ്താലി. അവന്‍ മൃദുല വാക്കുകള് പൊഴിക്കുന്നു.
22നീരുറവയ്ക്കരികേ നില്‍ക്കുന്ന ഫലസമൃദ്ധമായ വൃക്ഷമാണു യൂസുഫ്. അതിന്റെ ശാഖകള്‍ മതിലിനു മീതേ പടര്‍ന്നു നില്‍ക്കുന്നു.
23വില്ലാളികള്‍ അവനെ കഠിനമായി വേദനിപ്പിച്ചു. അവര്‍ അവനു നേരേ അമ്പെയ്യുകയും അവനെ ഞെരുക്കുകയും ചെയ്തു.
24എന്നാല്‍, അവന്‍റെ വില്ല് ഉറച്ചുനിന്നു. യാഖൂബിന്‍റെ മഅബൂദ് അള്ളാ- യിസ്രായിലാഹിന്‍റെ പാറയായ ഇടയന്‍ - തന്‍റെ കൈകള് കൊണ്ട് അവന്‍റെ കൈകളെ ശക്തിപ്പെടുത്തി.
25നിന്‍റെ പിതാവിന്‍റെ റബ്ബ് നിനക്കു തുണയായിരിക്കും. സര്‍വശക്തനായ അള്ളാ നിന്നെ അനുഗ്രഹിക്കും. മുകളിലുള്ള ആകാശത്തിന്‍റെയും കീഴിലുള്ള ആഴത്തിന്‍റെയും ഉദരത്തിന്‍റെയും മാറിടത്തിന്‍റെയും അനുഗ്രഹങ്ങള് നിനക്കുണ്ടാവട്ടെ!
26നിന്‍റെ പിതാവിന്‍റെ അനുഗ്രഹങ്ങള് നിത്യപര്‍വതങ്ങളുടെ ഔദാര്യത്തെക്കാളും ശാശ്വത ഗിരികളുടെ അനുഗ്രഹങ്ങളെക്കാളും ശക്തങ്ങളാണ്. അവ യൂസുഫിന്‍റെ ശിരസ്സില്, തന്‍റെ സഹോദരരില് നിന്നു വേര്‍പെട്ടിരുന്നവന്‍റെ മൂര്‍ധാവില്‍ വര്‍ഷിക്കപ്പെടട്ടെ.
27ആര്‍ത്തിയുള്ള ഒരു ചെന്നായാണു ബഞ്ചമിന്. അവന്‍ രാവിലെ ഇരവിഴുങ്ങുകയും വൈകുന്നേരം കവര്ച്ച മുതല്‍ പങ്കിടുകയും ചെയ്യും.
28ഇവരാണ് യിസ്രായിലാഹിലെ പന്ത്രണ്ടു ഗോത്രങ്ങള്. അവരുടെ പിതാവ് അവരോടു പറഞ്ഞതാണിത്. അവന്‍ എല്ലാവരെയും അനുഗ്രഹിച്ചു. ഓരോരുത്തര്‍ക്കും ചേര്‍ന്ന വിധത്തിലാണ് അവരെ അനുഗ്രഹിച്ചത്.
യാഖൂബിന്‍റെ വഫാത്ത്
29യാഖൂബ് അവരോടാവശ്യപ്പെട്ടു: ഞാന്‍ എന്‍റെ ആളുകളോടു ചേരുകയായി. ഹിത്യനായ എഫ്രോണിന്‍റെ വയലിലുള്ള ഗുഹയില് എന്‍റെ പിതാക്കന്‍മാരുടെയടുത്ത് എന്നെയും അടക്കുക. 30മാമ്രേക്കു കിഴക്ക് കാനാന്‍ ദേശത്തുള്ള മക്‌പെലായിലെ വയലിലാണ് ആ ഗുഹ. ഖബർസ്ഥാനു വേണ്ടി ഹിത്യനായ എഫ്രോണില്‍ നിന്ന് ഇബ്രാഹീം അവകാശമായി വാങ്ങിയതാണ് ആ വയലും ഗുഹയും. 31ഇബ്രാഹീമിനെയും ബീവി സാറായെയും അവിടെയാണ് അവര്‍ ഖബറടക്കം ചെയ്തത്. അവിടെത്തന്നെയാണ് ഇസഹാക്കിനെയും ബീവി റബേക്കയെയും ഖബറടക്കിയത്. ഞാന്‍ ലെയായെ ഖബറടക്കിയതും അവിടെത്തന്നെ. 32വയലും അതിലുള്ള ഗുഹയും ഹിത്യരുടെ കൈയില് നിന്നാണു വാങ്ങിയത്. 33തനിക്കു പറയാനുണ്ടായിരുന്നതു പറഞ്ഞു തീര്‍ന്നപ്പോള്‍ യാഖൂബ് കിടക്കയിലേക്കു ചാഞ്ഞു. അവന്‍ അന്ത്യശ്വാസം വലിച്ച് വഫാത്തായി തന്‍റെ ജനത്തോടു ചേര്‍ന്നു.