സൂറ അൽ-വജ്ഹ 32
യാഖൂബ് തിരിച്ചുവരുന്നു
32 1യാഖൂബ് യാത്ര തുടര്‍ന്നു. അള്ളാഹുവിൻറെ മലക്കുകൾ വഴിക്കു വച്ച് അവനെ കണ്ടുമുട്ടി. 2അവരെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: ഇതു അള്ളാഹുവിൻറെ സൈന്യമാണ്. ആ സ്ഥലത്തിന് അവന്‍ മഹനായിം എന്നു പേരിട്ടു.
3യാഖൂബ് ഏദോം നാട്ടില് സെയിര്‍ ദേശത്തു പാര്‍ത്തിരുന്ന സഹോദരനായ യീസേരുവിൻറെ അടുത്തേക്കു തനിക്കു മുന്‍പേ ദൂതന്‍മാരെ അയച്ചു. 4അവന്‍ അവരെ ചുമതലപ്പെടുത്തി: എന്റെ യജമാനനായ യീസേരുവിനോടു നിങ്ങള്‍ ഇങ്ങനെ പറയണം, അങ്ങയുടെ ദാസനായ യാഖൂബ് പറയുന്നു: ഇതുവരെ ഞാന്‍ ലാബാന്റെ കൂടെ പാര്‍ക്കുകയായിരുന്നു. 5എനിക്കു കാളകളും കഴുതകളും ആടുകളും വേലക്കാരും വേലക്കാരികളുമുണ്ട്. അങ്ങേക്ക് എന്നോടു ദയ തോന്നണം. അതിനാണു ഞാന്‍ അങ്ങയുടെ അടുത്ത് ആളയച്ചു പറയുന്നത്.
6ദൂതന്മാര് തിരിച്ചു വന്നു യാഖൂബിനോടു പറഞ്ഞു: ഞങ്ങള്‍ അങ്ങയുടെ സഹോദരനായ യീസേരുവിൻറെയടുക്കല്‍ച്ചെന്നു. അവന്‍ നാനൂറ് ആളുകളുടെ അകമ്പടിയോടെ അങ്ങയെ കാണാന് വരുന്നുണ്ട്. 7യാഖൂബ് വളരെയധികം ഭയപ്പെട്ട് അസ്വസ്ഥനായി. തന്റെ കൂടെയുണ്ടായിരുന്ന ആളുകളെയും ആടുമാടുകളെയും ഒട്ടകങ്ങളെയും എല്ലാം അവന്‍ രണ്ടു ഗണമായി തിരിച്ചു. 8യീസേരു വന്ന് ഒരു ഗണത്തെ നശിപ്പിക്കുന്ന പക്ഷം മറ്റേ ഗണത്തിന് ഓടി രക്ഷപ്പെടാമല്ലോ എന്നവന്‍ ചിന്തിച്ചു.
9അവന്‍ ഇങ്ങനെ ദുആ ഇരന്നു: എന്റെ പിതാക്കന്മാരായ ഇബ്രാഹീമിൻറെയും ഇഷഹാഖിൻറെയും മഅബൂദ്, നിന്റെ നാട്ടിലേക്കും നിന്റെ ചാര്‍ച്ചക്കാരുടെ അടുത്തേക്കും തിരിയെപ്പോകുക, ഞാന്‍ നിനക്കു നന്മ ചെയ്യും എന്ന് അരുളിച്ചെയ്ത യാ റബ്ബുൽ ആലമീൻ, 10അങ്ങ് ഈ ദാസനോടു കാണിച്ച കാരുണ്യത്തിനും വിശ്വസ്തതയ്ക്കും ഞാന്‍ ഒട്ടും അര്‍ഹനല്ല. കേവലം ഒരു വടിയുമായിട്ടാണ് ഞാന്‍ ഉർദൂൻ നദി കടന്നത്. ഇപ്പോഴിതാ ഞാന്‍ രണ്ടു ഗണമായി വര്‍ധിച്ചിരിക്കുന്നു. 11എന്റെ സഹോദരനായ യീസേരുവിൻറെ കൈയില് നിന്ന് എന്നെ രക്ഷിക്കണമെന്ന് ഞാന്‍ അങ്ങയോടു ദുആ ഇരക്കുന്നു. അവന്‍ വന്ന് എന്നെയും കുഞ്ഞുങ്ങളെയും ഉമ്മമാരെയും നശിപ്പിച്ചേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. 12നിനക്കു നന്മ ചെയ്തു നിന്റെ സന്തതികളെ കടല്ത്തീരത്തെ മണല്‍ത്തരി പോലെ എണ്ണാനാവാത്ത വിധം വര്‍ധിപ്പിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
13അന്നു രാത്രി അവന്‍ അവിടെ താവളമടിച്ചു. തന്റെ പക്കലുള്ളവയില്‍ നിന്ന് അവന്‍ സഹോദരനായ യീസേരുവിന് ഒരു സമ്മാനമൊരുക്കി. 14ഇരുനൂറു പെണ്‍ കോലാടും ഇരുപതു ആണ്‍ കോലാടും, ഇരുന്നൂറു പെണ്ണാടും, ഇരുപതു മുട്ടാടും, 15കറവയുള്ള മുപ്പത് ഒട്ടകം, അവയുടെ കിടാക്കള്‍, നാല്പതു പശു, പത്തു കാള, ഇരുപതു പെണ്‍ കഴുത, പത്ത് ആണ്‍ കഴുത എന്നിവയെ അവന്‍ മാറ്റി നിര്‍ത്തി. 16ഈ ഓരോ കൂട്ടത്തെയും വേറെ വേറെ തന്റെ ഭൃത്യന്‍മാരെ ഏല്‍പിച്ചിട്ട് യാഖൂബ് അവരോടു പറഞ്ഞു: എനിക്കു മുന്‍പേ പോവുക. കൂട്ടങ്ങള്‍ തമ്മില്‍ അല്പം അകലമുണ്ടായിരിക്കണം. 17ഏറ്റവും മുന്‍പേ പോയവനെ അവന്‍ ചുമതലതപ്പെടുത്തി: എന്റെ സഹോദരന് യീസേരു നിങ്ങളെ കണ്ടു മുട്ടുമ്പോള്‍, നിങ്ങള്‍ ആരുടെ ആളുകളാണ്? നിങ്ങള്‍ എവിടെ പോകുന്നു? ഇതൊക്കെ ആരുടേതാണ്? എന്നു ചോദിക്കും. 18നിങ്ങള്‍ ഇപ്രകാരം മറുപടി പറയണം, ഇവ അങ്ങയുടെ ദാസനായ യാഖൂബിന്റേതാണ്. യജമാനനായ യീസേരുവിനുള്ള ഉപഹാരമാണിത്. അവന്‍ ഞങ്ങളുടെ പിന്നാലെയുണ്ട്. 19രണ്ടാമനെയും മൂന്നാമനെയും കൂട്ടങ്ങളെ നടത്തിയിരുന്ന എല്ലാവരെയും അവന്‍ ഇതുതന്നെ പറഞ്ഞേല്‍പിച്ചു. 20യീസേരുവിനെ കാണുമ്പോള്‍ നിങ്ങളെല്ലാവരും ഇതുതന്നെ പറയണം. അങ്ങയുടെ ദാസനായ യാഖൂബ് തൊട്ടു പുറകെയുണ്ട് എന്നും പറയണം. അവന്‍ ഇപ്രകാരം ചിന്തിച്ചു: ഞാന്‍ മുന്‍കൂട്ടി അയച്ചിരിക്കുന്ന സമ്മാനം കൊണ്ട് എനിക്ക് അവനെ പ്രീതിപ്പെടുത്താനാവും. അതു കഴിഞ്ഞ് ഞാന്‍ അവനെ നേരില്‍ക്കാണും; അവന്‍ എന്നെ സ്വീകരിച്ചേക്കും. 21അതിനാല്‍, സമ്മാനം മുന്‍കൂട്ടി അയച്ചിട്ട് അവന്‍ അന്നു രാത്രി കൂടാരത്തില് തങ്ങി.
യാഖൂബിൻറെ മല്‍പിടിത്തം
22ആ രാത്രി തന്നെ യാഖൂബ് തന്റെ രണ്ടു ബീവിമാരെയും രണ്ടു പരിചാരികമാരെയും പതിനൊന്നു മക്കളെയും കൂട്ടിക്കൊണ്ട് യാബോക്ക് എന്ന കടവു കടന്നു; അവരെ അവന്‍ പുഴയ്ക്കക്കരെ കടത്തിവിട്ടു. 23തന്റെ സമ്പാദ്യം മുഴുവന്‍ അക്കരെയെത്തിച്ചു. 24യാഖൂബ് മാത്രം ഇക്കരെ നിന്നു. അവിടെവച്ച് ഒരാള്‍ നേരം പുലരുന്നതു വരെ അവനുമായി മല്‍പ്പിടിത്തം നടത്തി. 25കീഴടക്കാന് സാധ്യമല്ലെന്നു കണ്ടപ്പോള്‍ അവന്‍ യാഖൂബിൻറെ അരക്കെട്ടില്‍ തട്ടി. മല്‍പ്പിടിത്തത്തിനിടയില്‍ യാഖൂബിൻറെ തുട അരക്കെട്ടില്‍ നിന്നു തെറ്റി. 26അവന്‍ പറഞ്ഞു: നേരം പുലരുകയാണ്. ഞാന്‍ പോകട്ടെ. യാഖൂബ് മറുപടി പറഞ്ഞു: എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടുകയില്ല. 27അവന്‍ ചോദിച്ചു: നിന്റെ പേരെന്താണ്? യാഖൂബ്, അവന്‍ മറുപടി പറഞ്ഞു. 28അപ്പോള്‍ അവന്‍ പറഞ്ഞു: ഇനിമേല്‍ നീ യാഖൂബ് എന്നല്ല, യിസ്രായിലാഹ് എന്നുവിളിക്കപ്പെടും. കാരണം, യിലാഹിനോടും മനുഷ്യരോടും നീ മല്ലിട്ടു ജയിച്ചിരിക്കുന്നു. 29യാഖൂബ് അവനോടു പറഞ്ഞു: അങ്ങയുടെ പേര് എന്നോടു പറയണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. എന്തിനാണ് എന്റെ പേരറിയുന്നത്? അവന്‍ ചോദിച്ചു. അവിടെവച്ച് അവന്‍ യാഖൂബിനെ അനുഗ്രഹിച്ചു. 30അള്ളാഹുവിനെ ഞാന്‍ മുഖത്തോടു മുഖം കണ്ടു. എന്നിട്ടും ഞാന്‍ ജീവനോടെ ഇരിക്കുന്നല്ലോ എന്നു പറഞ്ഞു കൊണ്ട് യാഖൂബ് ആ സ്ഥലത്തിനു ബൈത്തു വജ്ജു-ഇലാഹി (പെനുവേൽ) എന്നുപേരിട്ടു. 31അവന്‍ ബൈത്തു വജ്ജു-ഇലാഹി (പെനുവേൽ) കടന്നപ്പോഴേക്കും സൂര്യനുദിച്ചു. ഉളുക്കു നിമിത്തം അവന്‍ ഞൊണ്ടുന്നുണ്ടായിരുന്നു. 32അവിടുന്ന് യാഖൂബിൻറെ അരക്കെട്ടില്‍ തട്ടിയതു കൊണ്ട് തുടയും അരയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്‌നായു യിസ്രായിലാഹ്യർ ഇന്നും ഭക്ഷിക്കാറില്ല.