സൂറ അൽ-വജ്ഹ 14

ലൂത്തിനെ രക്ഷിക്കുന്നു

14 1ഷീനാര്‍ രാജാവായ അംറാഫേല്‍, എല്ലാസര്‍ രാജാവായ അരിയോക്ക്, ഏലാം രാജാവായ കെദോര്‍ലാവോമര്‍, ഗോയീം രാജാവായ തിദാല്‍ എന്നിവര്‍, 2തങ്ങളുടെ ഭരണകാലത്ത് സാദൂം രാജാവായ ബേറാ, ഗൊമോറാ രാജാവായ ബീര്‍ഷ, അദ്മാ രാജാവായ ഷീനാബ്, സെബോയീം രാജാവായ ഷെമെബര്‍, ബേല, അതായത് സോവാര്‍ രാജാവ് എന്നിവരോടു യുദ്ധം ചെയ്തു. 3ഇവര്‍ സിദ്ദിം താഴ്‌വരയില്‍ അണിനിരന്നു. അതിപ്പോള്‍ ഉപ്പുകടലാണ്. 4ഇവര്‍ പന്ത്രണ്ടു വര്‍ഷം കെദോര്‍ലാവോമറിനു കീഴടങ്ങിക്കഴിയുകയായിരുന്നു. എന്നാല്‍, പതിമ്മൂന്നാം വര്‍ഷം അവര്‍ അവനെതിരേ പ്രക്‌ഷോഭം കൂട്ടി. 5പതിന്നാലാം വര്‍ഷം കെദോര്‍ലാവോമറും കൂടെയുണ്ടായിരുന്ന രാജാക്കന്‍മാരും ചെന്ന് അഷ് തെരോത്ത് കര്‍ണ്ണായിമില്‍ റഫായിമുകളെയും, ഹാമില്‍ സൂസിമുകളെയും, ഷാവെ കിരിയാത്തായിമില്‍ എമീമുകളെയും, 6സെയിര്‍ മലകളില്‍ ഹോര്യരെയും അടിച്ചമര്‍ത്തി. അവര്‍ മരുഭൂമിയുടെ അതിര്‍ത്തിയിലുള്ള ഏല്‍പാരാന്‍ വരെയെത്തി. 7അവര്‍ പിന്തിരിഞ്ഞ് എന്‍മിഷ്പാത്തില്‍, അതായത്, കാദെഷില്‍ ചെന്ന് അമലേക്യരുടെ നാടു കീഴടക്കി. ഹസസോന്‍ താമാറില്‍ പാര്‍ത്തിരുന്ന അമോര്യരെയും തോല്‍പിച്ചു.

8അപ്പോള്‍ സാദൂം, ഗൊമോറാ, അദ്മാ, സെബോയിം, ബേല, അതായത്, സോവാര്‍ എന്നിവിടങ്ങളിലെ രാജാക്കന്‍മാര്‍ സിദ്ദിം താഴ്‌വരയില്‍, 9ഏലാം രാജാവായ കെദോര്‍ലാവോമര്‍, ഗോയീം രാജാവായ തിദാല്‍, ഷീനാര്‍ രാജാവായ അംറാഫേല്‍, എല്ലാസര്‍ രാജാവായ അരിയോക്ക് എന്നിവര്‍ക്കെതിരേ യുദ്ധത്തിനായി അണിനിരന്നു - നാലു രാജാക്കന്‍മാര്‍ അഞ്ചുപേര്‍ക്കെതിരേ. 10സിദ്ദിം താഴ്‌വര നിറയെ ചെളിക്കുണ്ടുകളായിരുന്നു. സാദൂമിലെയും ഗൊമോറായിലെയും രാജാക്കന്‍മാര്‍ പിന്തിരിഞ്ഞോടിയപ്പോള്‍ ഈ കുഴികളില്‍ വീണു. 11ശേഷിച്ചവര്‍ മലയിലേക്ക് ഓടിപ്പോയി. സാദൂമിലെയും ഗൊമോറായിലെയും സര്‍വസമ്പത്തും ഭക്ഷണസാധനങ്ങളും കവര്‍ന്നുകൊണ്ടു ശത്രുക്കള്‍ സ്ഥലംവിട്ടു. 12സാദൂമിൽ പാര്‍ത്തിരുന്ന അബ്രാമിന്റെ സഹോദര പുത്രനായ ലൂത്തിനെയും അവന്റെ സ്വത്തുക്കളോടൊപ്പം അവര്‍ പിടിച്ചുകൊണ്ടുപോയി.

13രക്ഷപെട്ട ഒരുവന്‍ വന്നു ഇബ്രാനിയായ അബ്രാമിനെ വിവരമറിയിച്ചു. താനുമായി സഖ്യത്തിലായിരുന്ന എഷ്‌ക്കോലിന്റെയും ആനെറിന്റെയും സഹോദരനായ മാമ്രേ എന്ന അമോര്യന്റെ ഓക്കുമരത്തോപ്പിനടുത്താണ് അബ്രാം താമസിച്ചിരുന്നത്. 14സഹോദരന്‍ തടവുകാരനാക്കപ്പെട്ടെന്നു കേട്ടപ്പോള്‍ തന്റെ വീട്ടില്‍ത്തന്നെ ജനിച്ചു വളര്‍ന്നവരും പയറ്റിത്തെളിഞ്ഞവരുമായ മുന്നൂറ്റിപ്പതിനെട്ടു പേരോടൊപ്പം അബ്രാം ദാന്‍വരെ അവരെ പിന്തുടര്‍ന്നു. 15രാത്രി അവന്‍ തന്റെ ആളുകളെ പല ഗണങ്ങളായി തിരിച്ച്, ശത്രുക്കളെ ആക്രമിച്ചു തോല്‍പിച്ച്, ദമാസ്‌ക്കസിനു വടക്കുള്ള ഹോബാ വരെ ഓടിച്ചു. അവന്‍ സമ്പത്തൊക്കെയും വീണ്ടെടുത്തു. 16ചാര്‍ച്ചക്കാരനായ ലൂത്തിനെയും അവന്റെ വസ്തുവകകളെയും സ്ത്രീകളെയും ജനങ്ങളെയും തിരികെ കൊണ്ടുവന്നു.

മെല്‍ക്കിസെദെക്ക്

17കെദോര്‍ലാവോമറെയും കൂടെയുണ്ടായിരുന്ന രാജാക്കന്‍മാരെയും തോല്‍പിച്ചു മടങ്ങിവന്ന അബ്രാമിനെ എതിരേല്‍ക്കാന്‍ സോദോം രാജാവ്, രാജാവിന്റെ താഴ്‌വര എന്നറിയപ്പെടുന്ന ഷാവെ താഴ്‌വരയിലേക്കു ചെന്നു. 18സാലെം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ മഅബൂദിൻറെ ഇമാമായിരുന്നു അവന്‍. 19അവന്‍ അബ്രാമിനെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു: ജന്നത്തിന്റെയും ദുനിയാവിൻറെയും നാഥനായ അത്യുന്നത മഅബൂദിൻറെ കൃപാകടാക്ഷം നിന്റെ മേലുണ്ടാകട്ടെ! 20ശത്രുക്കളെ നിന്റെ കൈയിലേല്‍പിച്ച അത്യുന്നതനായ മഅബൂദ് അനുഗൃഹീതന്‍. അബ്രാം എല്ലാറ്റിന്റെയും ദശാംശം അവനുകൊടുത്തു. 21സാദൂം രാജാവ് അബ്രാമിനോടു പറഞ്ഞു: ആളുകളെ എനിക്കു വിട്ടുതരുക, സമ്പത്തെല്ലാം നീ എടുത്തുകൊള്ളുക. 22അബ്രാം സാദൂം രാജാവിനോടു പറഞ്ഞു: ഞാന്‍ റബ്ബുൽ ആലമീൻറെ മുമ്പില്‍, ജന്നത്തിന്റെയും ദുനിയാവിൻറെയും സ്രഷ്ടാവായ അത്യുന്നത മഅബൂദിൻറെ മുമ്പില്‍, ശപഥം ചെയ്യുന്നു: 23നിങ്ങളുടേതായ ഒരു ചരടോ ചെരുപ്പിന്റെ വാറോ ഒന്നും തന്നെ ഞാന്‍ എടുക്കുകയില്ല. ഞാന്‍ അബ്രാമിനെ സമ്പന്നനാക്കി എന്നു നിങ്ങള്‍ പറയരുതല്ലോ. 24യുവാക്കള്‍ ഭക്ഷിച്ചതും എന്റെ കൂടെ വന്നവരുടെ പങ്കും മാത്രമേ എനിക്കുവേണ്ടൂ. ആനറും എഷ്‌ക്കോലും മാമ്രേയും തങ്ങളുടെ പങ്ക് എടുത്തുകൊള്ളട്ടെ.