സൂറ അൽ-ദുമ്മാ അർസൽനാ (Deut) 14

വിലാപരീതി

14 1നിങ്ങളുടെ റബ്ബൂൽ ആലമീൻറെ മക്കളാണു നിങ്ങള്‍. മരിച്ചവരെ പ്രതി നിങ്ങളുടെ ശരീരം മുറിപ്പെടുത്തുകയോ ശിരസ്‌സിന്റെ മുന്‍ഭാഗം മുണ്‍ഡനം ചെയ്യുകയോ അരുത്. 2എന്തെന്നാല്‍, നിങ്ങളുടെ റബ്ബിന് പരിശുദ്ധമായൊരു ജനമാണു നിങ്ങള്‍. തന്റെ സ്വന്തം ജനമായിരിക്കാന്‍ വേണ്ടിയാണ് അവിടുന്നു ഭൂമുഖത്തുള്ള മറ്റെല്ലാ ജനതകളിലും നിന്നു നിങ്ങളെ പ്രത്യേകം തിരഞ്ഞെടുത്തത്.

ഹലാലായും ഹറാമായുമുള്ള മൃഗങ്ങള്‍

3ഹറാമായതൊന്നും ഭക്ഷിക്കരുത്. 4നിങ്ങള്‍ക്കു ഭക്ഷിക്കാവുന്ന മൃഗങ്ങള്‍ ഇവയാണ്: കാള, ചെമ്മരിയാട്, കോലാട്, 5പുള്ളിമാന്‍, കലമാന്‍, കടമാന്‍, കാട്ടാട്, ചെറുമാന്‍, കവരിമാന്‍, മലയാട്; 6ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ എല്ലാ മൃഗങ്ങളെയും ഭക്ഷിക്കാം. 7എന്നാല്‍ അയവിറക്കുന്നവയോ ഇരട്ടക്കുളമ്പുള്ളവയോ ആയ മൃഗങ്ങളില്‍ ഒട്ടകം, മുയല്‍, കുഴിമുയല്‍ എന്നിവയെ ഭക്ഷിക്കരുത്. അവ അയവിറക്കുന്നവയെങ്കിലും ഇരട്ടക്കുളമ്പില്ലാത്തതു കൊണ്ട് ഹറാമാണ്. 8പന്നി ഇരട്ടക്കുളമ്പുള്ളതാണെങ്കിലും അയവിറക്കാത്തതാകയാല്‍ ഹറാമാണ്. അതിന്റെ മാംസം ഭക്ഷിക്കുകയോ അതിന്റെ ശവം സ്പര്‍ശിക്കുകയോ അരുത്.

9ജല ജീവികളില്‍ ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കാം. 10എന്നാല്‍, ചിറകും ചെതുമ്പലും ഇല്ലാത്തവയെ ഭക്ഷിക്കരുത്. അവ ഹറാമാണ്.

11ശുദ്ധിയുള്ള എല്ലാ പക്ഷികളെയും ഭക്ഷിച്ചുകൊള്ളുവിന്‍. 12നിങ്ങള്‍ ഭക്ഷിക്കരുതാത്ത പക്ഷികള്‍ ഇവയാണ്: 13എല്ലാ തരത്തിലും പെട്ട കഴുകന്‍, ചെമ്പരുന്ത്, 14കരിമ്പരുന്ത്, ഗൃദ്ധ്രം, പ്രാപ്പിടിയന്‍, പരുന്ത്, കാക്ക, 15ഒട്ടകപ്പക്ഷി, രാനത്ത്, കടല്‍പ്പാത്ത, ചെങ്ങാലിപ്പരുന്ത്, 16മൂങ്ങ, കൂമന്‍, അരയന്നം, 17ഞാറപ്പക്ഷി, കരിങ്കഴുകന്‍, നീര്‍ക്കാക്ക, 18കൊക്ക്, എരണ്ട, കാട്ടുകോഴി, നരിച്ചീര്‍. 19ചിറകുള്ള പ്രാണികളെല്ലാം ഹറാമാണ്. അവ ഭക്ഷിക്കരുത്. 20ശുദ്ധിയുള്ള പറവകളെയെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കാം.

21തനിയെ ചത്ത ഒന്നിനെയും ഭക്ഷിക്കരുത്. അതു നിങ്ങളുടെ പട്ടണത്തില്‍ താമസിക്കാന്‍ വരുന്ന അന്യനു ഭക്ഷിക്കാന്‍ കൊടുക്കുകയോ ഏതെങ്കിലും പരദേശിക്കു വില്‍ക്കുകയോ ചെയ്യുക. എന്തെന്നാല്‍, നിങ്ങള്‍ നിങ്ങളുടെ റബ്ബുൽ ആലമീന് വിശുദ്ധ ജനമത്രേ. ആട്ടിന്‍കുട്ടിയെ അതിന്റെ തള്ളയുടെ പാലില്‍ പാകംചെയ്യരുത്.

സക്കാത്ത്

22വര്‍ഷംതോറും നിന്റെ വയലിലെ സകല ഫലങ്ങളുടെയും പത്തിൽ ഒന്ന് മാറ്റി വയ്ക്കണം. 23നിന്റെ റബ്ബുൽ ആലമീന് തന്റെ നാമം സ്ഥാപിക്കുന്നതിനു തിരഞ്ഞെടുക്കുന്ന സ്ഥലത്ത് അവിടുത്തെ മുന്നില്‍വച്ചു നിന്റെ ധാന്യങ്ങളുടെയും വീഞ്ഞിന്റെയും എണ്ണയുടെയും പത്തിൽ ഒന്ന് ആടുമാടുകളുടെ കടിഞ്ഞൂലും നീ ഭക്ഷിക്കണം. നീ അവിടുത്തെ സദാ ഭയപ്പെടാന്‍ പഠിക്കുന്നതിനു വേണ്ടിയാണിത്. 24റബ്ബുൽ ആലമീന് തന്റെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം നിനക്കു ദശാംശം കൊണ്ടുപോകാന്‍ സാധിക്കാത്തത്ര ദൂരെയാണെങ്കില്‍, നീ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുമ്പോള്‍, 25ആ ഫലങ്ങള്‍ വിറ്റു പണമാക്കി അവിടുന്ന് തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്തേക്കു പോകണം. 26അവിടെവച്ച് ആ പണം കൊണ്ടു നിനക്ക് ഇഷ്ടമുള്ള കാളയോ ആടുകളോ വീഞ്ഞോ ശക്തിയുള്ള ലഹരിപാനീയമോ മറ്റെന്തെങ്കിലുമോ വാങ്ങാം. നിന്റെ റബ്ബുൽ ആലമീന് മുന്‍പില്‍വച്ചു ഭക്ഷിച്ചു നീയും നിന്റെ കുടുംബാംഗങ്ങളും ആഹ്ളാദിക്കുവിന്‍. 27നിന്റെ പട്ടണത്തില്‍ താമസിക്കുന്ന ലേവ്യരെ അവഗണിക്കരുത്. എന്തെന്നാല്‍, നിനക്കുള്ളതു പോലെ ഓഹരിയോ അവകാശമോ അവര്‍ക്കില്ല.

28ഓരോ മൂന്നാം വര്‍ഷത്തിന്റെയും അവസാനം ആ കൊല്ലം നിനക്കു ലഭിച്ച ഫലങ്ങളുടെയെല്ലാം പത്തിൽ ഒന്ന് കൊണ്ടുവന്നു നിന്റെ പട്ടണത്തില്‍ സൂക്ഷിക്കണം. 29നിന്റെ പട്ടണത്തില്‍ താമസിക്കുന്ന, നിനക്കുള്ളതു പോലെ ഓഹരിയും അവകാശവുമില്ലാത്ത, ലേവ്യരും പരദേശികളും അനാഥരും വിധവകളും വന്ന് അവ ഭക്ഷിച്ചു തൃപ്തിയടയട്ടെ. അപ്പോള്‍ നിന്റെ റബ്ബുൽ ആലമീന് എല്ലാ പ്രവൃത്തികളിലും നിന്നെ അനുഗ്രഹിക്കും.