3 യഹിയ്യാ 1  

അഭിവാദനം

1 1ജാമിയ്യാ ശ്രേഷ്ഠനായ ഞാന്‍ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഗായൂസിന് എഴുതുന്നത്:

2വാത്‌സല്യ ഭാജനമേ, നിന്റെ റൂഹ് ക്‌ഷേമ സ്ഥിതിയിലായിരിക്കുന്നതു പോലെ തന്നെ, എല്ലാകാര്യങ്ങളിലും നിനക്ക് ഐശ്വര്യമുണ്ടാകട്ടെ എന്നും നീ ആരോഗ്യവാനായിരിക്കട്ടെ എന്നും ഞാന്‍ ദുആ ഇരക്കുന്നു. 3നീ സത്യമനുസരിച്ചാണു ജീവിക്കുന്നത് എന്ന് സഹോദരന്‍മാര്‍ വന്നു നിന്റെ സത്യത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു. 4എന്റെ മക്കള്‍ സത്യത്തിലാണു ജീവിക്കുന്നത് എന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കുണ്ടാകാനില്ല.

പ്രശംസയും ശാസനവും

5വാത്‌സല്യ ഭാജനമേ, നീ സഹോദരര്‍ക്കു വേണ്ടി, പ്രത്യേകിച്ച്, അപരിചിതര്‍ക്കു വേണ്ടി ചെയ്യുന്നതെല്ലാം ദീനി ഈമാനു യോജിച്ച പ്രവൃത്തികളാണ്. 6അവര്‍ ജാമിയ്യാകളുടെ മുമ്പാകെ നിന്റെ സ്‌നേഹത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തി. അള്ളാഹുവിനു പ്രീതികരമായവിധം നീ അവരെ യാത്രയാക്കുന്നതു നന്നായിരിക്കും. 7കാരണം, അവിടുത്തെ നാമത്തെ പ്രതിയാണ് അവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഖാഫിറുകളുടെ ഇടയില്‍ നിന്ന് അവര്‍ ഒരു സഹായവും സ്വീകരിച്ചിട്ടില്ല. 8ആകയാല്‍, നാം സത്യത്തില്‍ സഹപ്രവര്‍ത്തകരായിരിക്കേണ്ടതിന് ഇപ്രകാരമുള്ളവരെ സ്വീകരിച്ചു സംരക്ഷിക്കേണ്ടിയിരിക്കുന്നു.

9ഞാന്‍ ചില കാര്യങ്ങള്‍ ജാമിയ്യായ്‌ക്കെഴുതിയിരുന്നു. എന്നാല്‍, പ്രഥമസ്ഥാനം മോഹിക്കുന്ന ദിയോത്രെഫെസ് ഞങ്ങളുടെ അധികാരത്തെ അംഗീകരിക്കുന്നില്ല. 10അതിനാല്‍, ഞാന്‍ വന്നാല്‍ അവന്റെ ചെയ്തികളെപ്പറ്റി അവനെ അനുസ്മരിപ്പിക്കും. അവന്‍ ഞങ്ങള്‍ക്കെതിരേ ദുഷിച്ചു സംസാരിക്കുന്നു. അതുകൊണ്ടും തൃപ്തനാകാതെ സഹോദരരെ അവന്‍ നിരസിക്കുന്നു. തന്നെയുമല്ല, അവരെ സ്വീകരിക്കാന്‍ തയ്യാറാകുന്നവരെ അവന്‍ തടയുകയും ജാമിയ്യായില്‍നിന്നു പുറത്താക്കുകയും ചെയ്യുന്നു.

11വാത്‌സല്യ ഭാജനമേ, തിന്‍മയെ അനുകരിക്കരുത്; നന്‍മയെ അനുകരിക്കുക. നന്‍മ പ്രവര്‍ത്തിക്കുന്നവന്‍ അള്ളാഹുവിന്റെ സ്വന്തമാണ്. തിന്‍മ പ്രവര്‍ത്തിക്കുന്നവനാകട്ടെ അള്ളാഹുവിനെ കണ്ടിട്ടേയില്ല. 12ദെമേത്രിയോസിന് എല്ലാവരിലും നിന്ന്, സത്യത്തില്‍ നിന്നുതന്നെയും, സാക്ഷ്യം ലഭിച്ചിരിക്കുന്നു. ഞങ്ങളും അവനു സാക്ഷ്യം നല്‍കുന്നു. ഞങ്ങളുടെ സാക്ഷ്യം സത്യമാണെന്നു നിനക്കറിയാം.

13എനിക്കു വളരെയധികം കാര്യങ്ങള്‍ എഴുതാനുണ്ട്. എന്നാല്‍, അതെല്ലാം തൂലികയും മഷിയും കൊണ്ടു നിനക്കെഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 14താമസിയാതെ നിന്നെ കാണാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ മുഖാഭിമുഖം നമുക്കു സംസാരിക്കാം.

15നിനക്കു സമാധാനം. സ്‌നേഹിതന്‍മാര്‍ നിന്നെ അഭിവാദനം ചെയ്യുന്നു. എല്ലാ സ്‌നേഹിതരെയും പ്രത്യേകം പ്രത്യേകം അഭിവാദനം അറിയിക്കുക.