മത്തി 9:27-34  

അന്ധര്‍ക്കു കാഴ്ച നല്‍കുന്നു

27ഈസാ അൽ മസീഹ് അവിടെ നിന്നു കടന്നുപോകുമ്പോള്‍, രണ്ട് അന്ധന്മാര്‍, ഇബ്നു ദാവൂദ്, ഞങ്ങളോട് റഹം തോന്നേണമേ എന്നു കരഞ്ഞപേക്ഷിച്ചുകൊണ്ട് ഈസാ അൽ മസീഹിനെ അനുഗമിച്ചു. 28ഈസാ അൽ മസീഹ് ഭവനത്തിലെത്തിയപ്പോള്‍ ആ അന്ധന്‍മാര്‍ അവന്റെ സമീപം ചെന്നു.ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? റബ്ബേ, അങ്ങേക്കു കഴിയും എന്ന് അവര്‍ മറുപടി പറഞ്ഞു. 29നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞു കൊണ്ട് ഈസാ അൽ മസീഹ് അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു. 30അവരുടെ കണ്ണുകള്‍ തുറന്നു. ഇത് ആരും അറിയാനിടയാകരുത് എന്ന് ഈസാ അൽ മസീഹ് അവരോടു കര്‍ശനമായി നിര്‍ദേശിച്ചു. 31എന്നാല്‍, അവര്‍ പോയി അവന്റെ കീര്‍ത്തി നാടെങ്ങും പരത്തി.

ഊമനെ സുഖമാക്കുന്നു

(ലൂക്കാ 11:14-15)

32അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ ശൈത്താൻ ബാധിതനായ ഒരു ഊമനെ ജനങ്ങള്‍ ഈസാ അൽ മസീഹിന്റെയടുക്കല്‍ കൊണ്ടുവന്നു. 33ഈസാ അൽ മസീഹ് ശൈത്താനെ പുറത്താക്കിയപ്പോള്‍ ആ ഊമന്‍ സംസാരിച്ചു. ജനങ്ങള്‍ അദ്ഭുതപ്പെട്ടു പറഞ്ഞു: ഇതു പോലൊരു സംഭവം ഇസ്രായേലില്‍ ഒരിക്കലും കണ്ടിട്ടില്ല. 34എന്നാല്‍, ഫരിസേയര്‍ പറഞ്ഞു: ഈസാ അൽ മസീഹ് ശൈത്താൻറെ തലവനെക്കൊണ്ടാണ് ശൈത്താനെ ബഹിഷ്‌കരിക്കുന്നത്.


മർക്കൊസ് 6:2-11  

2സാബത്തു ദിവസം സിനഗോഗില്‍ അദ്ദേഹം തഅലീം ആരംഭിച്ചു. അദ്ദേഹത്തിന്റെ തഅലീം കേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇദ്ദേഹത്തിനു ഇതെല്ലാം എവിടെനിന്ന്? ഇദ്ദേഹത്തിനു കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇദ്ദേഹത്തിന്‍െറ കരങ്ങള്‍വഴി സംഭവിക്കുന്നത്! 3ഇദ്ദേഹം മറിയത്തിന്റെ മകനും യാക്കൂബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇദ്ദേഹത്തിന്‍െറ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അദ്ദേഹത്തില്‍ ഇടറി.

4ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധു ജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും നബിമാർ അവമതിക്കപ്പെടുന്നില്ല. 5ഏതാനും രോഗികളുടെ മേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അത്ഭുതമൊന്നും അവിടെ ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. 6അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അദ്ദേഹം വിസ്മയിച്ചു.

സാഹബാക്കളെ അയയ്ക്കുന്നു

(മത്തായി 10:5-15; ലൂക്കാ 9:1-6)

7അദ്ദേഹം ഗ്രാമപ്രദേശങ്ങളില്‍ ചുറ്റിസഞ്ചരിച്ച്, പഠിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹം തന്റെ പന്ത്രണ്ടുപേരെ അടുത്തു വിളിച്ച് രണ്ടുപേരെ വീതം അയയ്ക്കാന്‍ തുടങ്ങി. ബദ്റൂഹ്ക്കളുടെ മേല്‍ അവര്‍ക്ക് അധികാരവും കൊടുത്തു. അദ്ദേഹം കല്‍പിച്ചു:

8യാത്രയ്ക്കു വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ - കരുതരുത്. 9ചെരിപ്പു ധരിക്കാം, രണ്ട് ഉടുപ്പുകള്‍ ധരിക്കരുത്; 10അദ്ദേഹം തുടര്‍ന്നു: നിങ്ങള്‍ ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടില്‍ പ്രവേശിച്ചാല്‍, അവിടം വിട്ടു പോകുന്നതുവരെ ആ വീട്ടില്‍ താമസിക്കുവിന്‍. 11എവിടെയെങ്കിലും ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകള്‍ ശ്രവിക്കാതിരിക്കുകയോ ചെയ്താല്‍ അവിടെനിന്നു പുറപ്പെടുമ്പോള്‍ അവര്‍ക്കു സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍.


മർക്കൊസ് 6:30-56  

അപ്പം വര്‍ധിപ്പിക്കുന്നു

30അപ്പസ്‌തോലന്‍മാര്‍ ഈസാ അൽ മസീഹിൻറെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതും അറിയിച്ചു. 31അനേകം ആളുകള്‍ അവിടെ വരുകയും പോകുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും അവര്‍ക്ക് ഒഴിവു കിട്ടിയിരുന്നില്ല. അതിനാല്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഒരു വിജനസ്ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്രമിക്കാം.

32അവര്‍ വഞ്ചിയില്‍ കയറി ഒരു വിജനസ്ഥലത്തേക്കു പോയി. 33പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെയ്തു. എല്ലാ പട്ടണങ്ങളിലും നിന്ന് ജനങ്ങള്‍ കരവഴി ഓടി അവര്‍ക്കുമുമ്പേ അവിടെയെത്തി. 34ഈസാ അൽ മസീഹ് കരയ്ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അദ്ദേഹത്തിനു അനുകമ്പ തോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റം പോലെ ആയിരുന്നു. ഈസാ അൽ മസീഹ് അവർക്ക് പല കാര്യങ്ങളിലും തഅലീം കൊടുക്കാന്‍ തുടങ്ങി.

35നേരം വൈകിയപ്പോള്‍ സാഹബാക്കൾ അദ്ദേഹത്തിന്റെ അടുത്തു വന്നു പറഞ്ഞു: ഇത് ഒരു വിജന പ്രദേശമാണല്ലോ. സമയവും വൈകിയിരിക്കുന്നു. 36ചുറ്റുമുള്ള നാട്ടിന്‍ പുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന്, എന്തെങ്കിലും വാങ്ങി ഭക്ഷിക്കാന്‍ അവരെ പറഞ്ഞയയ്ക്കുക.

37അദ്ദേഹം പ്രതിവചിച്ചു: നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങള്‍ ചെന്ന്, ഇരുന്നൂറു ദനാറയ്ക്ക് അപ്പം വാങ്ങിക്കൊണ്ടുവന്ന് അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കട്ടെയോ?

38അദ്ദേഹം ചോദിച്ചു: നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്? ചെന്നുനോക്കുവിന്‍. അവര്‍ ചെന്നു നോക്കിയിട്ടു പറഞ്ഞു: അഞ്ച് അപ്പവും രണ്ടു മീനും.

39പുല്‍ത്തകിടിയില്‍ കൂട്ടം കൂട്ടമായി ഇരിക്കാന്‍ അദ്ദേഹം ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. 40നൂറും അന്‍പതും വീതമുള്ള കൂട്ടങ്ങളായി അവര്‍ ഇരുന്നു. 41അദ്ദേഹം അഞ്ചപ്പവും രണ്ടു മീനും എടുത്ത് ജന്നത്തിലേക്കു നോക്കി, കൃതജ്ഞതാസ്‌തോത്രം ചെയ്ത് അപ്പം മുറിച്ചതിനുശേഷം ജനങ്ങള്‍ക്കു വിളമ്പാന്‍ സാഹബാക്കളെ ഏല്‍പിച്ചു. ആ രണ്ടു മീനും ഈസാ അൽ മസീഹ് എല്ലാവര്‍ക്കുമായി വിഭജിച്ചു. 42അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി. 43ബാക്കിവന്ന അപ്പക്കഷണങ്ങളും മീനും പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. 44അപ്പം ഭക്ഷിച്ചവര്‍ അയ്യായിരം പുരുഷന്‍മാരായിരുന്നു.

ഈസാ അൽ മസീഹ് വെള്ളത്തിനുമീതെ നടക്കുന്നു

(മത്തി 14:22-33; യഹിയ്യാ 6:15-21)

45ഈസാ അൽ മസീഹ് ജനക്കൂട്ടത്തെ പിരിച്ചു വിടുമ്പോഴേക്കും വഞ്ചിയില്‍ കയറി തനിക്കുമുമ്പേ മറുകരയിലുള്ള ബേത്‌സയ്ദായിലേക്കു പോകാന്‍ ഈസാ അൽ മസീഹ് സാഹബാക്കളെ നിര്‍ബന്ധിച്ചു. 46ആളുകളോടു യാത്ര പറഞ്ഞ ശേഷം അദ്ദേഹം ദുആ ഇരക്കാൻ മലയിലേക്കു പോയി.

47വൈകുന്നേരമായപ്പോള്‍ വഞ്ചി നടുക്കടലിലായിരുന്നു; അദ്ദേഹം തനിച്ചു കരയിലും. 48അവര്‍ വഞ്ചി തുഴഞ്ഞ് അവശരായി എന്ന് അദ്ദേഹം മനസ്‌സിലാക്കി. കാരണം, കാറ്റു പ്രതികൂലമായിരുന്നു. രാത്രിയുടെ നാലാം യാമത്തില്‍ ഈസാ അൽ മസീഹ് കടലിനു മീതേ നടന്ന് അവരുടെ അടുത്തെത്തി, അവരെ കടന്നുപോകാന്‍ ഭാവിച്ചു. 49ഈസാ അൽ മസീഹ് കടലിനു മീതേ നടക്കുന്നതുകണ്ട്, അത് ഒരു ഭൂതമായിരിക്കുമെന്നു കരുതി അവര്‍ നിലവിളിച്ചു. 50അവരെല്ലാവരും അദ്ദേഹത്തെ കണ്ടു പരിഭ്രമിച്ചുപോയി. ഉടനെ അദ്ദേഹം അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്; ഭയപ്പെടേണ്ടാ. 51അദ്ദേഹം വഞ്ചിയില്‍ കയറി. അപ്പോള്‍ കാറ്റു ശമിച്ചു. അവര്‍ ആശ്ചര്യഭരിതരായി. 52കാരണം, അപ്പത്തെക്കുറിച്ച് അവര്‍ ഗ്രഹിച്ചിരുന്നില്ല. അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നു.

ഗനേസറത്തിലെ അദ്ഭുതങ്ങള്‍

(മത്തായി 14:34-36)

53അവര്‍ കടല്‍ കടന്ന്, ഗനേസറത്തില്‍ എത്തി, വഞ്ചി കരയ്ക്കടുപ്പിച്ചു. 54കരയ്ക്കിറങ്ങിയപ്പോള്‍ത്തന്നെ ആളുകള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. 55അവര്‍ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന്, രോഗികളെ കിടക്കയിലെടുത്ത്, അദ്ദേഹം ഉണ്ടെന്നു കേട്ട സ്ഥലത്തേക്കു കൊണ്ടുവരാന്‍ തുടങ്ങി. 56ഗ്രാമങ്ങളിലോ, നഗരങ്ങളിലോ, നാട്ടിന്‍പുറങ്ങളിലോ അദ്ദേഹം ചെന്നിടത്തൊക്കെ, ആളുകള്‍ രോഗികളെ കൊണ്ടുവന്ന് പൊതുസ്ഥലങ്ങളില്‍ കിടത്തിയിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും സ്പര്‍ശിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ അപേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കയും ചെയ്തു.


ലൂക്കാ 7:11-17  

നായിനിലെ വിധവയുടെ മകനെ പുനര്‍ജീവിപ്പിക്കുന്നു

11അതിനു ശേഷം ഈസാ അൽ മസീഹ് നായിന്‍ എന്ന പട്ടണത്തിലേക്കു പോയി. സാഹബാക്കളും വലിയ ഒരു ജനക്കൂട്ടവും ഈസാ അൽ മസീഹിനെ അനുഗമിച്ചു. 12അവന്‍ നഗര കവാടത്തിനടുത്തെത്തിയപ്പോള്‍, മയ്യത്ത് ചുമന്നു കൊണ്ട് ചിലര്‍ വരുന്നതു കണ്ടു. ഒരു വിധവയുടെ ഏക പുത്രനായിരുന്നു അവന്‍ . പട്ടണത്തില്‍ നിന്ന് വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു. 13അവളെക്കണ്ട് മനസ്‌സലിഞ്ഞ് ഈസാ അൽ മസീഹ്: കരയേണ്ടാ. 14ഈസാ അൽ മസീഹ് മുന്നോട്ടു വന്ന് ശവമഞ്ചത്തിന്‍മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അപ്പോള്‍ അവന്‍ പറഞ്ഞു:യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക. 15മയ്യത്തായവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി. ഈസാ അൽ മസീഹ് അവനെ ഉമ്മയ്ക്ക് ഏല്‍പിച്ചു കൊടുത്തു 16എല്ലാവരും ഭയപ്പെട്ടു. അവര്‍ അള്ളാഹുവിനെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ഒരു വലിയ മുഹ്ജിസാത്താ നമ്മുടെ ഇടയില്‍ ഉദയംചെയ്തിരിക്കുന്നു. അള്ളാഹു തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു. 17ഈസാ അൽ മസീഹിനെപ്പറ്റിയുള്ള ഈ വാര്‍ത്ത യൂദയാ മുഴുവനിലും പരിസരങ്ങളിലും പരന്നു.


മത്തി 16:13-20  

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം

13ഈസാ അൽ മസീഹ് കേസറിയാ ഫിലിപ്പി പ്രദേശത്ത് എത്തിയപ്പോള്‍ സാഹബാക്കളോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്? 14അവര്‍ പറഞ്ഞു: ചിലര്‍ യഹ്യാ നബി (അ) എന്നും മറ്റു ചിലര്‍ ഇല്ല്യാസ് നബി (അ) എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ നബിമാരിലൊരുവന്‍ എന്നും പറയുന്നു. 15ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? 16ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ഇലാഹിൻറെ പുത്രനായ അൽ മസീഹ്. 17ഈസാ അൽ മസീഹ് അവനോട് അരുളിച്ചെയ്തു: ഇബ്നു ശിമയോൻ, നീ ഭാഗ്യവാന്‍! മാംസ രക്തങ്ങളല്ല, ജന്നത്തിന്‍റെ ഉടയോനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. 18ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ മർക്കസ് ഞാന്‍ സ്ഥാപിക്കും. ജഹന്നത്തിൻറെ കവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. 19ആസ്മാനി ബാദ്ശാഹത്തിൻറെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ദുനിയാവിൽ കെട്ടുന്നതെല്ലാം ജന്നത്തിലും കെട്ടപ്പെട്ടിരിക്കും; നീ ദുനിയാവിൽ അഴിക്കുന്നതെല്ലാം ജന്നത്തിലും അഴിക്കപ്പെട്ടിരിക്കും. 20അനന്തരം ഈസാ അൽ മസീഹ്, താന്‍ ക്രിസ്തുവാണെന്ന് ആരോടും പറയരുതെന്നു സാഹബാക്കളോടു കല്‍പിച്ചു.


മർക്കൊസ് 9:2-37  

ഈസാ അൽ മസീഹ് രൂപാന്തരപ്പെടുന്നു

2ആറു ദിവസം കഴിഞ്ഞ്, പത്രോസ്, യാക്കോബ്, യഹിയ്യാ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഈസാ അൽ മസീഹ് ഒരു ഉയര്‍ന്ന മലയിലേക്കു പോയി. ഈസാ അൽ മസീഹ് അവരുടെ മുമ്പില്‍ വച്ചു രൂപാന്തരപ്പെട്ടു. 3ഈസാ അൽ മസീഹിന്റെ വസ്ത്രങ്ങള്‍ ഭൂമിയിലെ ഏതൊരു അലക്കുകാരനും വെളുപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ വെണ്‍മയും തിളക്കവുമുള്ളവയായി. 4ഇല്ല്യാസ് നബി (അ) മൂസാ നബി (അ) എന്നിവർ പ്രത്യക്ഷപ്പെട്ട് ഈസാ അൽ മസീഹിനോടു സംസാരിച്ചുകൊണ്ടിരുന്നു. 5അപ്പോള്‍, പത്രോസ് ഈസാ അൽ മസീഹിനോടു പറഞ്ഞു: ഉസ്താദ്, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം: ഒന്ന് അങ്ങേക്ക്, ഒന്ന് മൂസാ നബി (അ) ക്ക്, ഒന്ന് ഇല്ല്യാസ് നബി (അ) ക്ക്. 6എന്താണ് പറയേണ്ടതെന്ന് അവന് അറിഞ്ഞുകൂടായിരുന്നു. അവര്‍ അത്രയ്ക്ക് ഭയപ്പെട്ടിരുന്നു. 7അപ്പോള്‍ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍ നിന്ന് ഒരു സ്വരം പുറപ്പെട്ടു: ഇദ്ദേഹം എന്റെ പ്രിയപുത്രന്‍; ഇദ്ദേഹത്തിന്‍െറ വാക്കു ശ്രവിക്കുവിന്‍. 8അവര്‍ ചുറ്റുംനോക്കി ഈസാ അൽ മസീഹിനെയല്ലാതെ മറ്റാരെയും തങ്ങളോടു കൂടെ അവര്‍ കണ്ടില്ല.

9അവര്‍ കണ്ട കാര്യങ്ങള്‍ മനുഷ്യ പുത്രന്‍ ഖബറില്‍ നിന്ന് ഉയിര്‍ക്കുന്നതുവരെ ആരോടും പറയരുതെന്ന്, മലയില്‍ നിന്നിറങ്ങിപ്പോരുമ്പോള്‍ ഈസാ അൽ മസീഹ് അവരോടു കല്‍പിച്ചു. 10ഖബറില്‍ നിന്ന് ഉയിര്‍ക്കുകയെന്നത് എന്താണെന്നു ചിന്തിച്ചുകൊണ്ട് അവര്‍ ഈ വചനം രഹസ്യമായി സൂക്ഷിച്ചു. 11അവര്‍ ഈസാ അൽ മസീഹിനോടു ചോദിച്ചു: ഇല്ല്യാസ് നബി (അ) ആദ്യം വരണമെന്ന് ഉലമാക്കൾ പറയുന്നത് എന്തുകൊണ്ടാണ്? 12ഈസാ അൽ മസീഹ് പറഞ്ഞു: ഇല്ല്യാസ് നബി (അ) ആദ്യമേ വന്ന് എല്ലാം പുനഃസ്ഥാപിക്കും. മനുഷ്യപുത്രന്‍ വളരെ പീഡകള്‍ സഹിക്കുകയും നിന്ദനങ്ങള്‍ ഏല്‍ക്കുകയും ചെയ്യണമെന്ന് എഴുതപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്? 13ഞാന്‍ നിങ്ങളോടു പറയുന്നു: ഇല്ല്യാസ് നബി (അ) വന്നു കഴിഞ്ഞു. അവനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതു പോലെ തന്നെ, തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം അവര്‍ അവനോടു ചെയ്തു.

ശൈത്താൻ ബാധിച്ച ബാലനെ സുഖപ്പെടുത്തുന്നു

(മത്തി 17:14-21; ലൂക്കാ 9:37-43)

14ഈസാ അൽ മസീഹ് സാഹബാക്കളുടെ അടുത്ത് എത്തിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടം അവരുടെ ചുറ്റും കൂടിയിരിക്കുന്നതും ഉലമാക്കൾ അവരോടു തര്‍ക്കിച്ചു കൊണ്ടിരിക്കുന്നതും കണ്ടു. 15ഈസാ അൽ മസീഹ് കണ്ടയുടനെ ജനക്കൂട്ടം മുഴുവന്‍ വിസ്മയഭരിതരായി ഓടിക്കൂടി ഈസാ അൽ മസീഹ് അഭിവാദനംചെയ്തു. 16ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: നിങ്ങള്‍ എന്താണ് അവരുമായി തര്‍ക്കിക്കുന്നത്? 17ജനക്കൂട്ടത്തില്‍ ഒരാള്‍ മറുപടി പറഞ്ഞു: ഉസ്താദ്, ഞാന്‍ എന്റെ മകനെ അങ്ങയുടെ അടുത്തു കൊണ്ടുവന്നിട്ടുണ്ട്. മൂകനായ ഒരു റൂഹ് അവനെ ആവേശിച്ചിരിക്കുന്നു. 18അത് എവിടെവച്ച് അവനെ പിടികൂടിയാലും അവനെ നിലം പതിപ്പിക്കുന്നു. അപ്പോള്‍ അവന്‍ പല്ലുകടിക്കുകയും നുരയും പതയും പുറപ്പെടുവിക്കുകയും മരവിച്ചു പോവുകയും ചെയ്യുന്നു. അതിനെ ബഹിഷ്‌കരിക്കാന്‍ അങ്ങയുടെ സാഹബാക്കളോട് ഞാന്‍ അപേക്ഷിച്ചു; അവര്‍ക്കു കഴിഞ്ഞില്ല. 19ഈസാ അൽ മസീഹ് അവരോടു പ്രതിവചിച്ചു: വിശ്വാസമില്ലാത്ത തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടു കൂടെയുണ്ടായിരിക്കും? എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരൂ. 20അവര്‍ അവനെ ഈസാ അൽ മസീഹിന്റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ടയുടനെ റൂഹ് കുട്ടിയെ തള്ളിയിട്ടു. അവന്‍ നിലത്തു വീണ് ഉരുളുകയും അവന്റെ വായിലൂടെ നുരയും പതയും പുറപ്പെടുകയും ചെയ്തു. 21ഈസാ അൽ മസീഹ് അവന്റെ പിതാവിനോടു ചോദിച്ചു: ഇതു തുടങ്ങിയിട്ട് എത്ര കാലമായി? അവന്‍ പറഞ്ഞു: കുഞ്ഞു നാൾ മുതല്‍. 22പലപ്പോഴും അത് അവനെ നശിപ്പിക്കാന്‍ വേണ്ടി തീയിലും വെള്ളത്തിലും വീഴ്ത്തിയിട്ടുണ്ട്. എന്തെങ്കിലും ചെയ്യാന്‍ അങ്ങേക്കു കഴിയുമെങ്കില്‍ ഞങ്ങളുടെ മേല്‍ കരുണ തോന്നി ഞങ്ങളെ സഹായിക്കണമേ! 23ഈസാ അൽ മസീഹ് പറഞ്ഞു: കഴിയുമെങ്കിലെന്നോ! ഈമാനുണ്ടെങ്കിൽ എല്ലാക്കാര്യങ്ങളും സാധിക്കും. 24ഉടനെ കുട്ടിയുടെ ബാപ്പ വിളിച്ചു പറഞ്ഞു: ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ! 25ജനങ്ങള്‍ ഓടിക്കൂടുന്നതു കണ്ട് ഈസാ അൽ മസീഹ് ബദ്റൂഹിനെ ശകാരിച്ചു: മൂകനും ബധിരനുമായ റൂഹേ, നിന്നോടു ഞാന്‍ ആജ്ഞാപിക്കുന്നു, അവനില്‍ നിന്നു പുറത്തു പോവുക. ഇനിയൊരിക്കലും അവനില്‍ പ്രവേശിക്കരുത്. 26അപ്പോള്‍ അവനെ ശക്തിയായി നിലത്തു തള്ളിയിടുകയും ഉച്ചത്തില്‍ നിലവിളിക്കുകയും ചെയ്തുകൊണ്ട് അതു പുറത്തു പോയി. ബാലന്‍ മരിച്ചവനെപ്പോലെയായി. അവന്‍ മരിച്ചു പോയി എന്നു പലരും പറഞ്ഞു. 27ഈസാ അൽ മസീഹ് അവനെ കൈയ്ക്കു പിടിച്ചുയര്‍ത്തി; അവന്‍ എഴുന്നേറ്റിരുന്നു. 28ഈസാ അൽ മസീഹ് വീട്ടിലെത്തിയപ്പോള്‍ സാഹബാക്കൾ സ്വകാര്യമായി ചോദിച്ചു: എന്തുകൊണ്ടാണ് അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെ പോയത്? 29ഈസാ അൽ മസീഹ് പറഞ്ഞു: ദുആ ഇരന്നല്ലാതെ മറ്റൊന്നു കൊണ്ടും ഈ വര്‍ഗം പുറത്തു പോവുകയില്ല.

പീഡാനുഭവവും ഉത്ഥാനവും-രണ്ടാം പ്രവചനം

(മത്തി 17:22-23; ലൂക്കാ 9:43-45)

30അവര്‍ അവിടെ നിന്നു യാത്രതിരിച്ചു ഗലീലിയിലൂടെ കടന്നുപോയി. ഇക്കാര്യം ആരും അറിയരുതെന്ന് ഈസാ അൽ മസീഹ് ആഗ്രഹിച്ചു. കാരണം, ഈസാ അൽ മസീഹ് സാഹബാക്കളെ തഅലീം കൊടുക്കുകയായിരുന്നു. 31ഈസാ അൽ മസീഹ് പറഞ്ഞു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടുകയും അവര്‍ അവനെ വധിക്കുകയും ചെയ്യും. അവന്‍ വധിക്കപ്പെട്ടു മൂന്നു ദിവസം കഴിയുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. 32ഈ വചനം അവര്‍ക്കു മനസ്‌സിലായില്ല. എങ്കിലും, ഈസാ അൽ മസീഹ് ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.

അള്ളാഹുവിൻറെ രാജ്യത്തിലെ വലിയവന്‍

(മത്തി 18:1-5; ലൂക്കാ 9:46-48)

33അവര്‍ പിന്നീട് കഫര്‍ണാമില്‍ എത്തി, ഈസാ അൽ മസീഹ് വീട്ടിലായിരിക്കുമ്പോള്‍ അവരോടു ചോദിച്ചു: വഴിയില്‍വച്ച് എന്തിനെക്കുറിച്ചാണു നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നത്? 34അവര്‍ നിശ്ശബ്ദരായിരുന്നതേയുള്ളു. കാരണം, തങ്ങളില്‍ ആരാണു വലിയവന്‍ എന്നതിനെക്കുറിച്ചാണ് വഴിയില്‍വച്ച് അവര്‍ തര്‍ക്കിച്ചത്. 35ഈസാ അൽ മസീഹ് ഇരുന്നിട്ടു പന്ത്രണ്ടു പേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം. 36ഈസാ അൽ മസീഹ് ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളില്‍ വഹിച്ചു കൊണ്ടു പറഞ്ഞു: 37ഇതു പോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്.