മർക്കൊസ് 5:1-20  

ഇബിലീസ് ബാധിതനെ സുഖപ്പെടുത്തുന്നു

(മത്തായി 8:28-34; ലൂക്കാ 8:26-39)

5 1അവര്‍ കടലിന്റെ മറുകരയില്‍ ഗെരസേനറുടെ നാട്ടിലെത്തി. 2ഈസാ അൽ മസീഹ് വഞ്ചിയില്‍ നിന്ന് ഇറങ്ങിയ ഉടനെ, ബദ്റൂഹ് ബാധിച്ച ഒരുവന്‍ ഖബർസ്ഥാനില്‍ നിന്ന് എതിരേ വന്നു. 3ഖബർസ്ഥാനില്‍ പാർത്തിരുന്ന അവനെ ചങ്ങല കൊണ്ടു പോലും ബന്ധിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല. 4പലപ്പോഴും അവനെ കാല്‍വിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിരുന്നെങ്കിലും, അവന്‍ ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുകയും കാല്‍ വിലങ്ങുകള്‍ തകര്‍ത്തുകളയുകയും ചെയ്തിരുന്നു. അവനെ ഒതുക്കി നിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. 5രാപകല്‍ അവന്‍ കല്ലറകള്‍ക്കിടയിലും മലകളിലും ആയിരുന്നു. അവന്‍ അലറിവിളിക്കുകയും കല്ലുകൊണ്ടു തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു. 6അകലെവച്ചു തന്നെ അവന്‍ ഈസാ അൽ മസീഹിനെക്കണ്ട്, ഓടിവന്ന് ഈസാ അൽ മസീഹിന് സുജൂദ് ചെയ്തു. 7ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് അവന്‍ പറഞ്ഞു: റബ്ബിൽ ആലമായ തമ്പുരാനേ, ഈസാ അൽ മസീഹ്, അങ്ങ് എന്റെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു? റബ്ബിനെക്കൊണ്ട് ആണയിട്ട് ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു: അങ്ങ് എന്നെ പീഡിപ്പിക്കരുതേ! 8കാരണം, ബദ്റൂഹേ, ആ മനുഷ്യനില്‍ നിന്നു പുറത്തുവരൂ എന്ന്ഈസാ അൽ മസീഹ് ആജ്ഞാപിച്ചിരുന്നു. 9നിന്റെ പേരെന്താണ്? ഈസാ അൽ മസീഹ് ചോദിച്ചു. അവന്‍ പറഞ്ഞു: എന്റെ പേര് ലെഗിയോണ്‍; ഞങ്ങള്‍ അനേകം പേരുണ്ട്. 10തങ്ങളെ ആ നാട്ടില്‍നിന്നു പുറത്താക്കരുതേ എന്ന് അവന്‍ കേണപേക്ഷിച്ചു. 11വലിയ ഒരു പന്നിക്കൂട്ടം മലയരികില്‍ മേയുന്നുണ്ടായിരുന്നു. 12ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കുക, ഞങ്ങള്‍ അവയില്‍ പ്രവേശിച്ചുകൊള്ളട്ടെ എന്ന് അവര്‍ അപേക്ഷിച്ചു. 13ഈസാ അൽ മസീഹ് അനുവാദം നല്‍കി. ബദ്റൂഹുകൾ പുറത്തുവന്ന്, പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചു. ഏകദേശം രണ്ടായിരം പന്നികളുണ്ടായിരുന്നു. അവ കിഴുക്കാം തൂക്കായ തീരത്തിലൂടെ പാഞ്ഞുചെന്ന് കടലില്‍ മുങ്ങിച്ചത്തു.

14പന്നികളെ മേയിച്ചുകൊണ്ടിരുന്നവര്‍ ഓടിപ്പോയി നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും വിവരമറിയിച്ചു. സംഭവിച്ചതെന്തെന്നു കാണാന്‍ ജനങ്ങള്‍ വന്നുകൂടി. 15അവര്‍ ഈസാ അൽ മസീഹിൻറെ അടുത്തെത്തി, ലെഗിയോന്‍ ആവേശിച്ചിരുന്ന ബദ്റൂഹ്ബാധിതന്‍ വസ്ത്രം ധരിച്ച്, സുബോധത്തോടെ അവിടെയിരിക്കുന്നതു കണ്ടു. അവര്‍ ഭയപ്പെട്ടു. 16ശൈത്താൻ ബാധിതനും പന്നികള്‍ക്കും സംഭവിച്ചതു കണ്ടവര്‍ അക്കാര്യങ്ങള്‍ ജനങ്ങളോടു പറഞ്ഞു. 17തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് അവര്‍ ഈസാ അൽ മസീഹിനോട് അപേക്ഷിച്ചു. 18അവര്‍ വഞ്ചിയില്‍ കയറാന്‍ തുടങ്ങിയപ്പോള്‍, ശൈത്താൻ ബാധിച്ചിരുന്ന മനുഷ്യന്‍ ഈസാ അൽ മസീഹിനോടു കൂടെ പോകുന്നതിന് അനുവാദം ചോദിച്ചു. 19എന്നാല്‍, ഈസാ അൽ മസീഹ് അനുവദിച്ചില്ല. ഈസാ അൽ മസീഹ് പറഞ്ഞു: നീ വീട്ടില്‍ സ്വന്തക്കാരുടെ അടുത്തേക്കു പോവുക. റബ്ബ് നിനക്കുവേണ്ടി എന്തെല്ലാം പ്രവര്‍ത്തിച്ചു വെന്നും എങ്ങനെ നിന്നോടു റഹം കാണിച്ചുവെന്നും അവരെ അറിയിക്കുക. 20അവന്‍ പോയി, ഈസാ അൽ മസീഹ് തനിക്കു വേണ്ടി എന്തെല്ലാം ചെയ്‌തെന്ന് ദെക്കാപ്പോളിസില്‍ പ്രഘോഷിക്കാന്‍ തുടങ്ങി. ജനങ്ങള്‍ അത്ഭുതപ്പെട്ടു.