ലൂക്കാ 8  

ഈസാ അൽ മസീഹിനെ അനുഗമിച്ച സ്ത്രീകള്‍

8 1അതിനു ശേഷം ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും അള്ളാഹുവിന്റെ ഇൻജീൽ അറിയിക്കുകയും ചെയ്തു. പന്ത്രണ്ടു പേരും ഈസാ അൽ മസീഹിനോടു കൂടെ ഉണ്ടായിരുന്നു. 2ബദ്റൂഹ്കളില്‍ നിന്നും മറ്റു വ്യാധികളില്‍ നിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ബദ്റൂഹുക്കള്‍ വിട്ടുപോയവളും മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും 3ഹേറോദേസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ മാലുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു.

വിതക്കാരന്റെ ഉപമ

4പല പട്ടണങ്ങളിലും നിന്നു വന്നു കൂടിയ വലിയ ഒരു ജനക്കൂട്ടത്തോട് ഉപമയിലൂടെ ഈസാ അൽ മസീഹ് അരുളിച്ചെയ്തു: 5വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. വിതയ്ക്കുമ്പോള്‍ ചിലതു വഴിയരികില്‍ വീണു. ആളുകള്‍ അതു ചവിട്ടിക്കളയുകയും പക്ഷികള്‍ വന്നു തിന്നുകയും ചെയ്തു. 6ചിലതു പാറമേല്‍ വീണു. അതു മുളച്ചു വളര്‍ന്നെങ്കിലും നനവില്ലാതിരുന്നതു കൊണ്ട് ഉണങ്ങിപ്പോയി. 7ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ അതിനോടൊപ്പം വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. 8ചിലതു നല്ല നിലത്തു വീണു. അതു വളര്‍ന്നു നൂറുമേനി ഫലം പുറപ്പെടുവിച്ചു. തുടര്‍ന്ന് ഈസാ അൽ മസീഹ് സ്വരമുയര്‍ത്തിപ്പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ഉപമയുടെ വിശദീകരണം

9ഈ ഉപമയുടെ അര്‍ഥമെന്ത് എന്നു സാഹബാക്കൾ ഈസാ അൽ മസീഹിനോടു ചോദിച്ചു. 10ഈസാ അൽ മസീഹ് പറഞ്ഞു: ജന്നത്തിന്റെ രഹസ്യങ്ങള്‍ അറിയാന്‍ വരം ലഭിച്ചിരിക്കുന്നത് നിങ്ങള്‍ക്കാണ്. മററുള്ളവര്‍ക്കാകട്ടെ അവ ഉപമകളിലൂടെ നല്‍കപ്പെടുന്നു. അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്. 11ഉപമ ഇതാണ്: വിത്ത് കലാമാണ്. 12ചിലര്‍ കലാം ശ്രവിച്ചെങ്കിലും അവര്‍ വിശ്വസിക്കുകയോ രക്ഷപെടുകയോ ചെയ്യാതിരിക്കുവാന്‍ വേണ്ടി ശൈത്താൻ വന്ന് അവരുടെ ഹൃദയങ്ങളില്‍ നിന്ന് കലാം എടുത്തുകളയുന്നു. ഇവരാണ് വഴിയരികില്‍ വീണ വിത്ത്. 13പാറയില്‍ വീണത്, കലാം കേള്‍ക്കുമ്പോള്‍ സന്തോഷത്തോടെ അതു സ്വീകരിക്കുന്നവരാണ്. എങ്കിലും അവര്‍ക്കു വേരുകളില്ല. അവര്‍ കുറെ നാളത്തേക്കു വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങളുടെ സമയത്ത് അവര്‍ വീണുപോകുന്നു. 14മുള്ളുകളുടെ ഇടയില്‍ വീണത്, കലാം കേള്‍ക്കുന്നെങ്കിലും ജീവിത ക്ലേശങ്ങള്‍, സമ്പത്ത്, സുഖഭോഗങ്ങള്‍ എന്നിവ കലാമിനെ ഞെരുക്കിക്കളയുന്നതുകൊണ്ട് ഫലം പുറപ്പെടുവിക്കാത്തവരാണ്. 15നല്ല നിലത്തു വീണതോ, കലാം കേട്ട്, ഉത്കൃഷ്ടവും നിര്‍മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച് ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്.

ദീപം മറച്ചുവയ്ക്കരുത്

16ആരും ചിറാഗ് കൊളുത്തി പിഞ്ഞാണം കൊണ്ടു മൂടുകയോ കട്ടിലിനടിയില്‍ വയ്ക്കുകയോ ചെയ്യുന്നില്ല, മറിച്ച്, അകത്തു പ്രവേശിക്കുന്നവര്‍ക്ക് വെളിച്ചം കാണാന്‍ അത് പീഠത്തിന്‍മേല്‍ വയ്ക്കുന്നു. 17മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല. 18ആകയാല്‍, നിങ്ങള്‍ എപ്രകാരമാണു കേള്‍ക്കുന്നതെന്ന് സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, ഉള്ളവനു പിന്നെയും നല്‍കപ്പെടും; ഇല്ലാത്തവനില്‍ നിന്ന് ഉണ്ടെന്ന് അവന്‍ വിചാരിക്കുന്നതുകൂടെയും എടുക്കപ്പെടും.

ഈസാ അൽ മസീഹിൻറെ ഉമ്മയും സഹോദരരും

19ഈസാ അൽ മസീഹിൻറെ ഉമ്മയും സഹോദരരും അവനെ കാണാന്‍ വന്നു. എന്നാല്‍, ജനക്കൂട്ടം നിമിത്തം അവന്റെ അടുത്ത് എത്താന്‍ കഴിഞ്ഞില്ല. 20അങ്ങയുടെ ഉമ്മയും സഹോദരരും നിന്നെ കാണാന്‍ ആഗ്രഹിച്ച് പുറത്തു നില്‍ക്കുന്നു എന്ന് അവര്‍ ഈസാ അൽ മസീഹിനെ അറിയിച്ചു. 21ഈസാ അൽ മസീഹ് പറഞ്ഞു: അൽ കലാം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ ഉമ്മയും സഹോദരരും.

കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു

22ഒരു ദിവസം ഈസാ അൽ മസീഹും സാഹബാക്കളും വഞ്ചിയില്‍ കയറി. നമുക്ക് തടാകത്തിന്റെ മറുകരയ്ക്കു പോകാം എന്ന് ഈസാ അൽ മസീഹ് പറഞ്ഞു. അവര്‍ പുറപ്പെട്ടു. 23അവര്‍ തുഴഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഈസാ അൽ മസീഹ് ഉറങ്ങുകയായിരുന്നു. അപ്പോള്‍ തടാകത്തില്‍ കൊടുങ്കാറ്റുണ്ടായി. വഞ്ചിയില്‍ വെള്ളം കയറി, അവര്‍ അപകടത്തിലായി. 24അവര്‍ അടുത്തുവന്ന് ഉസ്താദ്, ഉസ്താദ്, ഞങ്ങള്‍ നശിക്കുന്നു എന്നുപറഞ്ഞ് ഈസാ അൽ മസീഹിനെ ഉണര്‍ത്തി. ഈസാ അൽ മസീഹ് എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു. അവ നിലച്ചു, ശാന്തതയുണ്ടായി. 25ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: നിങ്ങളുടെ വിശ്വാസം എവിടെ? അവര്‍ ഭയന്ന് അദ്ഭുതത്തോടെ അന്യോന്യം പറഞ്ഞു: ഇദ്ദേഹം ആരാണ്? കാറ്റിനോടും വെള്ളത്തോടും ഇദ്ദേഹം കല്‍പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നല്ലോ.

ശൈത്താൻ ബാധിതനെ സുഖപ്പെടുത്തുന്നു

26അതിനുശേഷം അവര്‍ ഗലീലിക്ക് എതിരേയുള്ള ഗരസേനരുടെ നാട്ടില്‍ എത്തിച്ചേര്‍ന്നു. 27ഈസാ അൽ മസീഹ് കരയ്ക്കിറങ്ങിയപ്പോള്‍ ശൈത്താൻ ബാധയുള്ള ഒരുവന്‍ ആ പട്ടണത്തില്‍ നിന്ന് ഈസാ അൽ മസീഹിനെ സമീപിച്ചു. വളരെ കാലമായി അവന്‍ വസ്ത്രം ധരിക്കാറില്ലായിരുന്നു. വീട്ടിലല്ല, ഖബറിസ്ഥാനിലാണ് അവന്‍ കഴിഞ്ഞുകൂടിയിരുന്നത്. 28ഈസാ അൽ മസീഹിനെ കണ്ടപ്പോള്‍ അവന്‍ നിലവിളിച്ചു കൊണ്ട് ഈസാ അൽ മസീഹിൻറെ മുമ്പില്‍ വീണ് ഉറക്കെപ്പറഞ്ഞു: യിശൂആ, അത്യുന്നതനായ ഇബ്നുള്ളാ, നീ എന്തിന് എന്റെ കാര്യത്തില്‍ ഇടപെടുന്നു? എന്നെ പീഡിപ്പിക്കരുതെന്ന് ഞാന്‍ അങ്ങയോടപേക്ഷിക്കുന്നു. 29എന്തെന്നാല്‍, അവനില്‍ നിന്നു പുറത്തു പോകാന്‍ ബദ്റൂഹിനോട്നോട് ഈസാ അൽ മസീഹ് കല്‍പിച്ചു. പലപ്പോഴും ബദ്റൂഹ് അവനെ പിടികൂടിയിരുന്നു. ചങ്ങലകളും കാല്‍വിലങ്ങുകളുംകൊണ്ടു ബന്ധിച്ചാണ് അവനെ സൂക്ഷിച്ചിരുന്നത്. എന്നാല്‍, അവന്‍ അതെല്ലാം തകര്‍ക്കുകയും വിജനസ്ഥലത്തേക്കു ശൈത്താൻ അവനെകൊണ്ടുപോവുകയും ചെയ്യുമായിരുന്നു. 30ഈസാ അൽ മസീഹ് അവനോട് നിന്റെ പേരെന്ത് എന്നു ചോദിച്ചു. ലെഗിയോണ്‍ എന്ന് അവന്‍ പറഞ്ഞു. എന്തെന്നാല്‍, അനേകം ബദ്റൂഹുകൾ അവനില്‍ പ്രവേശിച്ചിരുന്നു. 31നരകത്തിലേക്കു പോകാന്‍ തങ്ങളോടു കല്‍പിക്കരുതെന്ന് ആ ശൈത്താന്മാർ ഈസാ അൽ മസീഹിനോടു യാചിച്ചു. 32വലിയ ഒരു പന്നിക്കൂട്ടം കുന്നിന്‍ പുറത്തു മേയുന്നുണ്ടായിരുന്നു. ആ പന്നികളെ ആവേശിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നു സൈത്താന്മാർ അപേക്ഷിച്ചു. ഈസാ അൽ മസീഹ് അനുവദിച്ചു. 33അപ്പോള്‍ അവ ആ മനുഷ്യനെ വിട്ട് പന്നികളില്‍ പ്രവേശിച്ചു. പന്നികള്‍ കിഴുക്കാംതൂക്കായ തീരത്തിലൂടെ തടാകത്തിലേക്കു പാഞ്ഞുചെന്ന് മുങ്ങിച്ചത്തു.

34പന്നികളെ മേയിച്ചുകൊണ്ടിരുന്നവര്‍ ഈ സംഭവം കണ്ട് ഓടിച്ചെന്ന് പട്ടണത്തിലും ഗ്രാമപ്രദേശങ്ങളിലും വിവരം അറിയിച്ചു. 35സംഭവിച്ചതെന്തെന്നു കാണാന്‍ ജനങ്ങള്‍ പുറപ്പെട്ട് ഈസാ അൽ മസീഹിൻറെ അടുത്തുവന്നു. ഇബിലീസുബാധയില്‍ നിന്നു വിമോചിതനായ ആ മനുഷ്യന്‍ വസ്ത്രം ധരിച്ച് സുബോധത്തോടെ ഈസാ അൽ മസീഹിൻറെ കാല്‍ക്കല്‍ ഇരിക്കുന്നതുകണ്ട് അവര്‍ക്കു ഭയമായി. 36ഇബിലീസു ബാധിതന്‍ എങ്ങനെ സുഖപ്പെട്ടു എന്ന് അതുകണ്ട ആളുകള്‍ അവരെ അറിയിച്ചു. 37തങ്ങളെ വിട്ടുപോകണമെന്ന് ഗരസേനരുടെ സമീപ പ്രദേശങ്ങളിലെ ജനങ്ങളെല്ലാവരും ഈസാ അൽ മസീഹിനോട് അപേക്ഷിച്ചു. കാരണം, അവര്‍ വളരെയേറെ ഭയന്നിരുന്നു. നബി വഞ്ചിയില്‍ കയറി മടങ്ങിപ്പോന്നു. 38ഇബിലീസു ബാധയൊഴിഞ്ഞ ആ മനുഷ്യന്‍ അവന്റെ കൂടെയായിരിക്കാന്‍ അനുവാദം ചോദിച്ചു. എന്നാല്‍, അവനെ തിരിച്ചയച്ചുകൊണ്ടു ഈസാ അൽ മസീഹ് പറഞ്ഞു: 39നീ വീട്ടിലേക്കു തിരിച്ചു പോയി റബ്ബ് നിനക്കു ചെയ്തതെന്തെന്ന് അറിയിക്കുക. അവന്‍ പോയി ഈസാ അൽ മസീഹ് തനിക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ പട്ടണം മുഴുവന്‍ പ്രസിദ്ധമാക്കി.

രക്തസ്രാവക്കാരി സുഖംപ്രാപിക്കുന്നു; ജായ്‌റോസിന്റെ മകളെ പുനര്‍ജീവിപ്പിക്കുന്നു

40ഈസാ അൽ മസീഹ് തിരിച്ചുവന്നപ്പോള്‍ ജനക്കൂട്ടം ഈസാ അൽ മസീഹിനെ സ്വാഗതം ചെയ്തു. 41എല്ലാവരും ഈസാ അൽ മസീഹിനെ കാത്തിരിക്കുകയായിരുന്നു. അപ്പോള്‍, സിനഗോഗിലെ ഒരധികാരിയായ ജായ്‌റോസ് ഈസാ അൽ മസീഹിന്റെ കാല്‍ക്കല്‍ വീണ്, തന്റെ വീട്ടിലേക്കുചെല്ലണമെന്ന് അപേക്ഷിച്ചു. 42പന്ത്രണ്ടു വയസ്‌സോളം പ്രായമുള്ള അവന്റെ ഏക പുത്രി ആസന്ന മരണയായിരുന്നു.

ഈസാ അൽ മസീഹ് പോകുമ്പോള്‍ ജനങ്ങള്‍ ചുറ്റും കൂടി ഈസാ അൽ മസീഹിനെ തിക്കിയിരുന്നു.

43അപ്പോള്‍, പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുണ്ടായിരുന്നവളും ആര്‍ക്കും സുഖപ്പെടുത്താന്‍ കഴിയാതിരുന്നവളുമായ ഒരു സ്ത്രീ 44പിന്നിലൂടെവന്ന് ഈസാ അൽ മസീഹിൻറെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. 45ഈസാ അൽ മസീഹ് ചോദിച്ചു: ആരാണ് എന്നെ സ്പര്‍ശിച്ചത്? ആരും മിണ്ടിയില്ല. അപ്പോള്‍ പത്രോസ് പറഞ്ഞു: ഉസ്താദ്, ജനക്കൂട്ടം ചുറ്റുംകൂടി അങ്ങയെ തിക്കുകയാണല്ലോ. 46ഈസാ അൽ മസീഹ് പറഞ്ഞു: ആരോ എന്നെ സ്പര്‍ശിച്ചു. എന്നില്‍നിന്നു ശക്തി നിര്‍ഗമിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു. 47മറയ്ക്കാന്‍ സാധിക്കില്ലെന്നു കണ്ടപ്പോള്‍ അവള്‍ വിറയലോടെ വന്ന് ഈസാ അൽ മസീഹിൻറെ കാല്‍ക്കല്‍വീണ്, താന്‍ അവനെ എന്തിനു സ്പര്‍ശിച്ചു എന്നും എങ്ങനെ പെട്ടെന്നു സുഖമാക്കപ്പെട്ടു എന്നും എല്ലാ ജനങ്ങളുടെയും മുമ്പാകെ പ്രസ്താവിച്ചു. 48ഈസാ അൽ മസീഹ് അവളോടു പറഞ്ഞു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക.

49ഈസാ അൽ മസീഹ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, സിനഗോഗധികാരിയുടെ വീട്ടില്‍ നിന്ന് ഒരാള്‍ വന്നു പറഞ്ഞു: നിന്റെ മകള്‍ മരിച്ചുപോയി; ഉസ്താദിനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ടാ. 50ഈസാ അൽ മസീഹ് ഇതുകേട്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുക മാത്രം ചെയ്യുക, അവള്‍ സുഖം പ്രാപിക്കും. 51ഈസാ അൽ മസീഹ് വീട്ടിലെത്തിയപ്പോള്‍ തന്നോടുകൂടി അകത്തു പ്രവേശിക്കാന്‍ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും പെണ്‍കുട്ടിയുടെ പിതാവിനെയും മാതാവിനെയും അല്ലാതെ മറ്റാരെയും അനുവദിച്ചില്ല. 52എല്ലാവരും കരയുകയും അവളെക്കുറിച്ചു വിലപിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഈസാ അൽ മസീഹ് പറഞ്ഞു: കരയേണ്ടാ, അവള്‍ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്. 53എന്നാല്‍, അവള്‍ മരിച്ചു കഴിഞ്ഞു എന്നറിഞ്ഞിരുന്നതു കൊണ്ട് അവര്‍ ഈസാ അൽ മസീഹിനെ പരിഹസിച്ചു. 54ഈസാ അൽ മസീഹ് അവളുടെ കൈയ്ക്കു പിടിച്ച് അവളെ വിളിച്ചു കൊണ്ടു പറഞ്ഞു: ബാലികേ, എഴുന്നേല്‍ക്കുക. 55അപ്പോള്‍ അവളുടെ ജീവന്‍ തിരിച്ചുവന്നു. ഉടനെ അവള്‍ എഴുന്നേറ്റിരുന്നു. അവള്‍ക്ക് ആഹാരം കൊടുക്കാന്‍ ഈസാ അൽ മസീഹ് നിര്‍ദേശിച്ചു. 56അവളുടെ ഉമ്മയും ബാപ്പയും വിസ്മയിച്ചു. “സംഭവിച്ചതു ആരോടും പറയരുതു” എന്നു കലിമത്തുള്ള ഈസാ അൽ മസീഹ് അവരോടു കല്പിച്ചു.


Footnotes