ലൂക്കാ 24:36-53
ഈസാ അൽ മസീഹ് സാഹബാക്കള്‍ക്കു പ്രത്യക്ഷനാകുന്നു
36അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഈസാ അൽ മസീഹ് അവരുടെ മധ്യേ പ്രത്യക്ഷനായി അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ക്കു സമാധാനം! അവര്‍ ഭയന്നു വിറച്ചു. 37ഭൂതത്തെയാണ് കാണുന്നത് എന്ന് അവര്‍ വിചാരിച്ചു. 38ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: നിങ്ങള്‍ അസ്വസ്ഥരാകുന്നതെന്തിന്? നിങ്ങളുടെ മനസ്സില്‍ ചോദ്യങ്ങള്‍ ഉയരുന്നതും എന്തിന്? 39എന്‍റെ കൈകളും കാലുകളും കണ്ട് ഇതു ഞാന്‍ തന്നെയാണെന്നു മനസ്സിലാക്കുവിന്‍. 40എന്നെ സ്പര്‍ശിച്ചു നോക്കുവിന്‍. എനിക്കുള്ളതു പോലെ മാംസവും അസ്ഥികളും ഭൂതത്തിന് ഇല്ലല്ലോ. 41എന്നിട്ടും അവര്‍ സന്തോഷാധിക്യത്താല്‍ അവിശ്വസിക്കുകയും അദ്ഭുതപ്പെടുകയും ചെയ്തപ്പോള്‍ അവന്‍ അവരോടുചോദിച്ചു: ഇവിടെ ഭക്ഷിക്കാന്‍ എന്തെങ്കിലുമുണ്ടോ? 42ഒരു കഷണം വറുത്ത മീന്‍ അവര്‍ അവനു കൊടുത്തു. 43ഈസാ അൽ മസീഹ് അതെടുത്ത് അവരുടെ മുമ്പില്‍വച്ചു ഭക്ഷിച്ചു.
44ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: മൂസാനബി (അ) ന്‍റെ തൗറാത്തിലും നബിമാരുടെ കിത്താബുകളിലും സബൂറിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ. 45കിത്താബുകള്‍ ഗ്രഹിക്കാന്‍ തക്കവിധം അവരുടെ മനസ്സ് ഈസാ അൽ മസീഹ് തുറന്നു. 46ഈസാ അൽ മസീഹ് പറഞ്ഞു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഈസാ അല്‍ മസിഹ് കഷ്ടം സഹിക്കുകയും മൂന്നാം ദിവസം മയ്യത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യണം; 47പാപമോചനത്തിനുള്ള അനുതാപം ഈസാ അൽ മസീഹിൻറെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് ദുനിയാവിലെല്ലാം പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. 48നിങ്ങള്‍ ഇവയ്ക്കു സാക്ഷികളാണ്. 49ഇതാ, എന്‍റെ പിതാവിന്‍റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്ക്കുന്നു. ഉന്നതത്തില്‍ നിന്നു ശക്തി ധരിക്കുന്നതു വരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍.
ഈസാ അൽ മസീഹിന്‍റെ ജന്നത്ത് പ്രവേശനം
50ഈസാ അൽ മസീഹ് അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടു പോയി; കൈകള്‍ ഉയര്‍ത്തി അവര്‍ക്ക് ബര്‍ക്കത്തുകള്‍ നല്‍കി. 51ബര്‍ക്കത്തുകള്‍ നല്‍കികൊണ്ടിരിക്കേ ഈസാ അൽ മസീഹ് അവരില്‍നിന്നു മറയുകയും ജന്നത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു. 52അവര്‍ ഈസാ അൽ മസീഹിന് ഇബാദത് ചെയ്തു; അത്യന്തം ആനന്ദത്തോടെ ജറുസലെമിലേക്കു മടങ്ങി. 53അവര്‍ അള്ളാഹുവിന് ഇബാദത് ചെയ്തു കൊണ്ട് സദാസമയവും ബൈത്തുള്ളയില്‍ കഴിഞ്ഞുകൂടി.