ലൂക്കാ 1:26-38  

ഈസാ അൽ മസീഹിൻറെ ജനനത്തെക്കുറിച്ച്അറിയിപ്പ്

26ആറാംമാസം ജിബ്രീല്‍ മലക്ക് ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, 27ദാവൂദ് നബി (അ) വംശത്തില്‍പ്പെട്ട യൂസുഫ് എന്നു പേരായ പുരുഷനുമായി നിക്കാഹ് ഉറപ്പിച്ചിരുന്ന കന്യകയുടെ അടുത്തേക്ക്, അള്ളാഹുവിനാല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം ബീവി (റ) എന്നായിരുന്നു. 28മലക്ക് അവളുടെ അടുത്തുവന്നു പറഞ്ഞു. ഫദുലുൽ ഇലാഹ് നിറഞ്ഞവളേ! സ്വസ്തി, അള്ളാഹു നിന്നോടുകൂടെ! 29ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്‍റെ അര്‍ഥം എന്ന് അവള്‍ ചിന്തിച്ചു. 30മലക്ക് അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; അള്ളാഹുവിന്‍റെ സന്നിധിയില്‍ നീ ഫദുലുൽ ഇലാഹ് കണ്ടെത്തിയിരിക്കുന്നു. 31നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് ഈസാ എന്ന് പേരിടണം. 32അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവൂദ് നബി (അ) ന്‍റെ സിംഹാസനം സ്രഷ്ടാവായ നാഥന്‍ അവനു കൊടുക്കും. 33യാക്കൂബ് നബി (അ) ന്‍റെ ഭവനത്തിന്‍ മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.

34മറിയം ബീവി (റ) മലക്കിനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.

35മല്ക്ക് മറുപടി പറഞ്ഞു: റൂഹുല്‍ ഖുദ്ദൂസ് നിന്‍റെ മേല്‍ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ഇബ്നുള്ള എന്നു വിളിക്കപ്പെടും. 36ഇതാ, നിന്‍റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. 37അള്ളാഹുവിന് ഒന്നും അസാധ്യമല്ല. 38മറിയം പറഞ്ഞു: ഇതാ, അള്ളാഹുവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ മലക്ക് അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.


ലൂക്കാ 2:1-20  

ഈസാ അൽ മസീഹിന്‍റെ ജനനം

2 1അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറില്‍നിന്ന് കല്‍പന പുറപ്പെട്ടു. 2ക്വിരിനിയോസ് സിറിയായില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ആദ്യത്തെ ഈ പേരെഴുത്തു നടന്നു. 3പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്കുപോയി. 4യൂസുഫ് ദാവൂദ് നബി (അ) ന്‍റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍ , 5പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവൂദ് നബി (അ) ന്‍റെ പട്ടണമായ ബേത്ലെഹെമിലേക്ക് ഗര്‍ഭിണിയായ ബീവി മറിയത്തോടുകൂടെ പോയി. 6അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവ സമയമടുത്തു. അവള്‍ തന്‍റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു. 7അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല.

ആട്ടിടയന്‍മാര്‍ക്കു ലഭിച്ച സന്ദേശം

8ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്‍മാര്‍ ഉണ്ടായിരുന്നു. 9അള്ളാഹുവിന്‍റെ മലക്ക് അവരുടെ അടുത്തെത്തി. അള്ളാഹുവിന്‍െറ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു. അവര്‍ വളരെ ഭയപ്പെട്ടു. 10മലക്ക് അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. 11ദാവൂദ് നബി (അ) ന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, ഈസാ അൽ മസീഹ്, ഇന്നു ജനിച്ചിരിക്കുന്നു. 12ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. 13പെട്ടെന്ന്, ജന്നത്തിലെ സൈന്യത്തിന്‍റെ ഒരു വ്യൂഹം ആ മലക്കിനോടുകൂടെ പ്രത്യക്ഷപ്പെട്ട് ഇലാഹിനെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: 14അത്യുന്നതങ്ങളില്‍ അള്ളാഹുവിനു മഹത്വം! ഭൂമിയില്‍ ഫദുലുൽ ഇലാഹ് ലഭിച്ചവര്‍ക്കു സമാധാനം! 15മലക്കുകള്‍ അവരെ വിട്ട്, ജന്നത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്‍മാര്‍ പരസ്പരം പറഞ്ഞു: നമുക്ക് ബേത്ലെഹെം വരെ പോകാം. പടച്ചോന്‍ നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം. 16അവര്‍ അതിവേഗം പോയി മറിയം ബീവി (റ) ത്തെയും യൂസുഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു. 17അനന്തരം, ശിശുവിനെക്കുറിച്ച് തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു. 18അതു കേട്ടവരെല്ലാം ഇടയന്‍മാര്‍ തങ്ങളോടു പറഞ്ഞ സംഗതികളെക്കുറിച്ച് അദ്ഭുതപ്പെട്ടു. 19മറിയം ബീവി (റ) ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. 20തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേള്‍ക്കുകയുംചെയ്ത സകല കാര്യങ്ങളെയും കുറിച്ച് അള്ളാഹുവിനു ഇബാദത്ത് ചെയ്യുകയും ദിക്റ് ചൊല്ലുകയും ചെയ്തുകൊണ്ട് ആ ഇടയന്‍മാര്‍ തിരിച്ചുപോയി.