സൂറ അൽ-യിശായ്യാ 1

יְשַׁעְיָהוּ (Yeshayahu)

ജനത്തിന്റെ അതിക്രമങ്ങള്‍

1 1ആമോസിന്റെ പുത്രനായ ഏശയ്യായ്ക്ക്, യൂദാരാജാക്കന്‍മാരായ ഉസിയാ, യോഥാം, ആഹാസ്, ഹെസക്കിയ എന്നിവരുടെ കാലത്ത് യൂദായെയും ജറുസലെമിനെയും കുറിച്ചുണ്ടായ ദര്‍ശനം.

2ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കല ഹിച്ചു.

3കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്‌സിലാക്കുന്നില്ല.

4തിന്മ നിറഞ്ഞരാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്‌കര്‍മികളുടെ സന്തതി, ദുര്‍മാര്‍ഗികളായ മക്കള്‍! അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു. അവര്‍ എന്നില്‍ നിന്നു തീര്‍ത്തും അകന്നുപോയി.

5ഇനിയും നിങ്ങളെ പ്രഹരിക്കണമോ? എന്തേ നിങ്ങള്‍ തിന്‍മയില്‍ത്തന്നെതുടരുന്നു? നിങ്ങളുടെ ശിരസ്‌സു മുഴുവന്‍ വ്രണമാണ്. ഹൃദയം തളര്‍ന്നുപോയിരിക്കുന്നു.

6ഉള്ളങ്കാല്‍ മുതല്‍ ഉച്ചിവരെ ക്ഷതമേല്‍ക്കാത്ത ഒരിടവും ഇല്ല. ചതവുകളും വ്രണങ്ങളും രക്തമൊലിക്കുന്ന മുറിവുകളും മാത്രം! അവയെ കഴുകി വൃത്തിയാക്കുകയോ വച്ചുകെട്ടുകയോ ആശ്വാസത്തിനു തൈലം പുരട്ടുകയോ ചെയ്തിട്ടില്ല.

7നിങ്ങളുടെ രാജ്യം ശൂന്യമായി. നിങ്ങളുടെ നഗരങ്ങള്‍ കത്തിനശിച്ചു. നിങ്ങള്‍ നോക്കിനില്‍ക്കേവിദേശീയര്‍ നിങ്ങളുടെ ദേശം വിഴുങ്ങിക്കള ഞ്ഞു. വിദേശികള്‍ നശിപ്പിച്ചതുപോലെ അതു നിര്‍ജനമായിരിക്കുന്നു.

8മുന്തിരിത്തോപ്പിലെ കുടില്‍പോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും ആക്രമിക്കപ്പെട്ട നഗരം പോലെയും സീയോന്‍പുത്രി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.

9സൈന്യങ്ങളുടെ കര്‍ത്താവ് നമ്മില്‍ ഏതാനും പേരെ അവശേഷിപ്പിച്ചില്ലായിരുന്നെങ്കില്‍ നാം സോദോംപോലെ ആകുമായിരുന്നു; ഗൊമോറാപോലെയും ആയിത്തീരുമായിരുന്നു.

10സോദോമിന്റെ അധിപതികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്റെ പ്രബോധനങ്ങള്‍ശ്രദ്ധിക്കുവിന്‍.

11കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ നിരവധിയായ ബലികള്‍ എനിക്കെന്തിന്? മുട്ടാടുകളെക്കൊണ്ടുള്ള ദഹനബലികളും കൊഴുത്ത മൃഗങ്ങളുടെ മേദസ്‌സും എനിക്കു മതിയായി. കാളകളുടെയോ ആട്ടിന്‍കുട്ടികളുടെയോ മുട്ടാടിന്റെ യോ രക്തം കൊണ്ടു ഞാന്‍ പ്രസാദിക്കുകയില്ല.

12എന്റെ സന്നിധിയില്‍ വരാന്‍, എന്റെ അങ്കണത്തില്‍ കാലുകുത്താന്‍, ഇവ വേണമെന്ന് ആരു നിങ്ങളോടു പറഞ്ഞു?

13വ്യര്‍ഥമായ കാഴ്ചകള്‍ ഇനിമേല്‍ അര്‍പ്പിക്കരുത്. ധൂപം എനിക്കു മ്ലേഛവസ്തുവാണ്. നിങ്ങളുടെ അമാവാസിയും സാബത്തും സമ്മേളനങ്ങളും! നിങ്ങളുടെ അനീതി നിറഞ്ഞഉത്‌സവങ്ങള്‍ എനിക്കു സഹിക്കാനാവില്ല.

14നിങ്ങളുടെ അമാവാസികളും ഉത്‌സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുസ്‌സഹമായിത്തീര്‍ന്നിരിക്കുന്നു.

15നിങ്ങള്‍ കരങ്ങളുയര്‍ത്തുമ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്നു മുഖം മറയ്ക്കും. നിങ്ങള്‍ എത്ര പ്രാര്‍ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല. നിങ്ങളുടെ കരങ്ങള്‍ രക്തപങ്കിലമാണ്.

16നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ ദുഷ്‌കര്‍മങ്ങള്‍ എന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളയുവിന്‍. നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍.

17നന്‍മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍. നീതി അന്വേഷിക്കുവിന്‍. മര്‍ദനം അവസാനിപ്പിക്കുവിന്‍. അനാഥരോടു നീതി ചെയ്യുവിന്‍. വിധവകള്‍ക്കു വേണ്ടി വാദിക്കുവിന്‍.

18കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും.

19അനുസരിക്കാന്‍ സന്നദ്ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും.

20അനുസരിക്കാതെ ധിക്കാരം തുടര്‍ന്നാല്‍ വാളിനിരയായിത്തീരും; കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു.

21വിശ്വസ്തനഗരം വേശ്യയായിത്തീര്‍ന്നതെങ്ങനെ? നീതിയും ധര്‍മവും കുടികൊണ്ടിരുന്ന അവളില്‍ ഇന്നു കൊലപാതകികളാണ് വസിക്കുന്നത്.

22നിന്റെ വെള്ളി കിട്ടമായി മാറിയിരിക്കുന്നു. നിന്റെ വീഞ്ഞില്‍ വെള്ളം കലര്‍ത്തിയിരിക്കുന്നു.

23നിന്റെ പ്രഭുക്കന്‍മാര്‍ കലഹപ്രിയരാണ്. അവര്‍ കള്ളന്‍മാരോടു കൂട്ടുചേരുന്നു. സകലരും കോഴ കൊതിക്കുന്നു; സമ്മാനത്തിന്റെ പിന്നാലെ പായുന്നു. അവര്‍ അനാഥരുടെ പക്ഷത്ത് നില്‍ക്കുകയോ വിധവകളുടെ അവകാശം പരിഗണിക്കുകയോ ചെയ്യുന്നില്ല.

24അതിനാല്‍, സൈന്യങ്ങളുടെ കര്‍ത്താവ്, ഇസ്രായേലിന്റെ ശക്തനായവന്‍, അരുളിച്ചെയ്യുന്നു: എന്റെ ക്രോധം എന്റെ ശത്രുക്കളുടെ മേല്‍ ഞാന്‍ ചൊരിയും. എന്റെ വൈരികളോടു ഞാന്‍ തന്നെ പ്രതികാരം ചെയ്യും.

25ഞാന്‍ എന്റെ കരം നിനക്കെതിരായി ഉയര്‍ത്തും. ചൂളയില്‍ എന്നപോലെ ഉരുക്കി നിന്നെ ശുദ്ധിചെയ്യും. നിന്നില്‍ കലര്‍ന്നിരിക്കുന്ന വിലകെട്ട ലോഹം ഞാന്‍ നീക്കിക്കളയും.

26ആദിയിലെന്നപോലെ നിന്റെ ന്യായാധിപന്‍മാരെയും ഉപദേശകന്‍മാരെയും ഞാന്‍ പുനഃസ്ഥാപിക്കും. നീതിയുടെ നഗരമെന്ന്, വിശ്വസ്തനഗരമെന്ന്, നീ വിളിക്കപ്പെടും.

27സീയോന്‍ നീതികൊണ്ട് വീണ്ടെടുക്കപ്പെടും; അവിടെ അനുതപിക്കുന്ന എല്ലാവരും ധര്‍മനിഷ്ഠകൊണ്ടും.

28എന്നാല്‍, കലഹപ്രിയരും പാപികളും ഒന്നടങ്കം നശിക്കും. കര്‍ത്താവിനെ പരിത്യജിക്കുന്നവര്‍ നിശ്‌ശേഷം ഇല്ലാതാകും.

29നിങ്ങള്‍ക്ക് ആനന്ദംപകര്‍ന്ന കരുവേലകമരങ്ങള്‍ നിങ്ങളെ ലജ്ജിപ്പിക്കും. നിങ്ങള്‍ തിരഞ്ഞെടുത്ത ഉദ്യാനങ്ങളെക്കുറിച്ചു നിങ്ങള്‍ ലജ്ജിതരാകും.

30നിങ്ങള്‍ ഇലകൊഴിഞ്ഞകരുവേ ലകവൃക്ഷംപോലെയും വെള്ളമില്ലാത്ത ഉദ്യാനം പോലെയും ആകും.

31ബലവാന്‍ ചണനാരുപോലെയും അവന്റെ പ്രവൃത്തികള്‍ തീപ്പൊരിപോലെയും ആയിത്തീരും. രണ്ടും ഒന്നിച്ചു കത്തിനശിക്കും. അഗ്‌നി ശമിപ്പിക്കാന്‍ ആരും ഉണ്ടാവുകയില്ല.