സൂറ അൽ-വജ്ഹ 47

യാഖൂബ് ഗോഷെനില്‍

47 1യൂസുഫ് ഫിർഔന്‍റെ അടുത്തുചെന്നു പറഞ്ഞു: കാനാന്‍ ദേശത്തു നിന്ന് എന്‍റെ പിതാവും സഹോദരന്‍മാരും വന്നിട്ടുണ്ട്. അവരുടെ ആടുമാടുകളും അവര്‍ക്കുള്ള സകലതും കൂടെ കൊണ്ടു വന്നിട്ടുണ്ട്. അവരിപ്പോള്‍ ഗോഷെന്‍ ദേശത്താണ്. 2തന്‍റെ സഹോദരന്‍മാരില്‍ അഞ്ചുപേരെ അവന്‍ ഫിർഔന്‍റെ മുന്‍പില്‍ കൊണ്ടുചെന്നു. 3അവന്‍റെ സഹോദരന്‍മാരോടു ഫിർഔന്‍ ചോദിച്ചു: നിങ്ങളുടെ തൊഴില്‍ എന്താണ്? അവര്‍ പറഞ്ഞു: അങ്ങയുടെ ദാസര്‍ ഇടയന്‍മാരാണ്; ഞങ്ങളുടെ പിതാക്കന്‍മാരും അങ്ങനെയായിരുന്നു. 4അവര്‍ തുടര്‍ന്നു പറഞ്ഞു: ഇവിടെ താമസിക്കാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. കാനാന്‍ദേശത്തു ക്ഷാമം രൂക്ഷമായതുകൊണ്ട് അങ്ങയുടെ ദാസരുടെ കാലികള്‍ക്ക് അവിടെ തീറ്റിയില്ല. ദയചെയ്തു ഗോഷെന്‍ ദേശത്തു താമസിക്കാന്‍ ഞങ്ങളെ അനുവദിക്കണം. 5അപ്പോള്‍ ഫിർഔന്‍ യൂസുഫിനോടു പറഞ്ഞു: നിന്‍റെ പിതാവും സഹോദരന്‍മാരും നിന്‍റെയടുത്തേക്കു വന്നിരിക്കുന്നു. 6ഈജിപ്തു ദേശം മുഴുവനും നിനക്കധീനമാണ്. നാട്ടില്‍ ഏറ്റവും നല്ല സ്ഥലത്തു നിന്‍റെ പിതാവിനെയും സഹോദരന്‍മാരെയും പാര്‍പ്പിക്കുക. അവര്‍ ഗോഷെന്‍ ദേശത്തു താമസിക്കട്ടെ. അവരില്‍ കാര്യശേഷിയുള്ളവരെ നിനക്കറിയാമെങ്കില്‍ എന്‍റെ കാലികളെ അവരെ ഭരമേല്‍പിക്കുക.

7അതിനുശേഷം യൂസുഫ് തന്‍റെ പിതാവായ യാഖൂബിനെ ഫിർഔന്‍റെ മുന്‍പില്‍ കൊണ്ടു ചെന്നു. 8യാഖൂബ് ഫിർഔനെ അനുഗ്രഹിച്ചു. നിങ്ങള്‍ക്കു വയസ്‌സെത്രയായി? ഫിർഔന്‍ ചോദിച്ചു. 9എന്‍റെ ദേശാന്തര വാസകാലം നൂറ്റിമുപ്പതു വര്‍ഷമായിരിക്കുന്നു. അത് ഹ്രസ്വവും കഷ്ടപ്പാടുകള്‍ നിറഞ്ഞതുമായിരുന്നു. എന്‍റെ പിതാക്കന്‍മാരുടെ ദേശാന്തര വാസകാലത്തോളം ആയിട്ടില്ല അത്. 10ഫിർഔനെ അനുഗ്രഹിച്ചതിനുശേഷം യാഖൂബ് അവന്‍റെ അടുത്തുനിന്നു പോയി. 11ഫിർഔന്‍ കല്‍പിച്ചതു പോലെ യൂസുഫ് തന്‍റെ പിതാവിനും സഹോദരന്‍മാര്‍ക്കും ഈജിപ്തിലെ ഒരു ദേശം, അവകാശമായി നല്‍കി, അവരെ അവിടെ പാര്‍പ്പിച്ചു. നാട്ടിലെ ഏറ്റവും നല്ല ദേശമായ റമ്‌സേസ് ആണ് അവന്‍ അവര്‍ക്കു കൊടുത്തത്. 12യൂസുഫ് തന്‍റെ പിതാവിനും സഹോദരന്‍മാര്‍ക്കും പിതാവിന്‍റെ വീട്ടുകാര്‍ക്കുമെല്ലാം അംഗസംഖ്യയനുസരിച്ച് ആഹാരം കൊടുത്തു പോന്നു.

ക്ഷാമം രൂക്ഷമാകുന്നു

13ഒരു ദേശത്തും ആഹാരം കിട്ടാനില്ലായിരുന്നു. ക്ഷാമം അത്ര രൂക്ഷമായി. ഈജിപ്തും കാനാന്‍ ദേശവും ക്ഷാമം മൂലം കഷ്ടപ്പെട്ടു. 14ഈജിപ്തിലെയും കാനാന്‍ ദേശത്തിലെയും പണം മുഴുവന്‍ ആളുകള്‍ വാങ്ങിയ ധാന്യത്തിന്‍റെ വിലയായി യൂസുഫ് ശേഖരിച്ചു; അതു ഫിർഔന്‍റെ ഭവനത്തിലെത്തിച്ചു. 15ഈജിപ്തിലും കാനാനിലുമുള്ള പണമൊക്കെയും തീര്‍ന്നപ്പോള്‍ ഈജിപ്തുകാര്‍ യൂസുഫിന്‍റെയടുത്തു വന്നു പറഞ്ഞു: ഞങ്ങള്‍ക്ക് ആഹാരം തരുക. അങ്ങയുടെ മുന്‍പില്‍ക്കിടന്നു ഞങ്ങള്‍ മരിക്കാന്‍ ഇടയാക്കരുത്. ഞങ്ങളുടെ പണമെല്ലാം തീര്‍ന്നുപോയി. 16യൂസുഫ് പറഞ്ഞു: പണം തീര്‍ന്നെങ്കില്‍ കന്നുകാലികളെ തരുക; കാലികള്‍ക്കു പകരമായി ഞാന്‍ ആഹാരം തരാം. 17തങ്ങളുടെ കന്നുകാലികളെ അവര്‍ യൂസുഫിന്‍റെയടുത്തു കൊണ്ടു വന്നു. കുതിരകള്‍ക്കും ആടുമാടുകള്‍ക്കും കഴുതകള്‍ക്കും പകരമായി അവന്‍ അവര്‍ക്ക് ആഹാരം കൊടുത്തു. അവന്‍ അവരുടെ കന്നുകാലികള്‍ക്കെല്ലാം പകരമായി അവര്‍ക്ക് ഒരുവര്‍ഷത്തേക്ക് ആഹാരം നല്‍കി. 18അടുത്ത വര്‍ഷം അവര്‍ യൂസുഫിന്‍റെയടുത്തു ചെന്നു പറഞ്ഞു: പണം തീര്‍ന്ന കാര്യം യജമാനനില്‍ നിന്നു ഞങ്ങള്‍ ഒളിച്ചുവയ്ക്കുന്നില്ല. ഞങ്ങളുടെ കന്നുകാലികളും അങ്ങയുടേതായി; ഞങ്ങളുടെ ദേഹവും നിലവുമല്ലാതെ ഞങ്ങള്‍ക്കിനി ഒന്നും ബാക്കിയില്ലെന്ന് അങ്ങേക്കു കാണാമല്ലോ. 19ഞങ്ങളും ഞങ്ങളുടെ നിലവും അങ്ങയുടെ കണ്‍മുന്‍പില്‍ നശിക്കാതിരിക്കാന്‍ ഞങ്ങളെയും നിലത്തെയും വാങ്ങി പകരം ഞങ്ങള്‍ക്ക് ആഹാരം തരുക. ഞങ്ങളും നിലവും ഫിർഔന് അടിമകളായിരുന്നുകൊള്ളാം. ഞങ്ങള്‍ മരിച്ചുപോകാതിരിക്കാനും നിലം ശൂന്യമാകാതിരിക്കാനും വേണ്ടി ഞങ്ങള്‍ക്കു ധാന്യം നല്‍കുക.

20അതുകൊണ്ട് യൂസുഫ് ഈജിപ്തിലെ നിലം മുഴുവന്‍ ഫിർഔനു വേണ്ടി വാങ്ങി. ക്ഷാമം വളരെ കഠിനമായിത്തീര്‍ന്നതിനാല്‍ ഈജിപ്തുകാരെല്ലാവരും തങ്ങളുടെ നിലം വിറ്റു. അങ്ങനെ നിലമെല്ലാം ഫിർഔൻറേതായി. 21ഈജിപ്തിന്‍റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയുള്ള സകലരും അടിമകളായി. 22പുരോഹിതന്‍മാരുടെ നിലം മാത്രം അവന്‍ വാങ്ങിയില്ല. ഇമാംമാര്‍ക്ക് ഉപജീവനത്തിനായി ഫിർഔന്‍ ഒരു വിഹിതം നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍, അവര്‍ തങ്ങളുടെ നിലം വിറ്റില്ല.

23യൂസുഫ് ജനങ്ങളോടു പറഞ്ഞു: ഇന്നു ഞാന്‍ നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫിർഔനായി വാങ്ങിയിരിക്കുന്നു. ഇതാ വിത്ത്, കൊണ്ടുപോയി വിതച്ചുകൊള്ളുവിന്‍. 24കൊയ്യുമ്പോള്‍ അഞ്ചിലൊന്നു ഫിർഔന് കൊടുക്കണം. അഞ്ചില്‍ നാലും നിങ്ങളുടേതായിരിക്കും. വിത്തിനായും നിങ്ങള്‍ക്കും വീട്ടുകാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള ആഹാരത്തിനായും അതെടുത്തു കൊള്ളുക. 25അവര്‍ പറഞ്ഞു: അങ്ങ് ഞങ്ങളുടെ ജീവന്‍ രക്ഷിച്ചു. യജമാനനു ഞങ്ങളില്‍ കൃപയുണ്ടാകണം. ഞങ്ങള്‍ ഫിർഔന്‍റെ അടിമകളായിരുന്നു കൊള്ളാം. 26അങ്ങനെ യൂസുഫ് ഈജിപ്തിലെ നിലത്തെ സംബന്ധിച്ച്, അഞ്ചിലൊന്നു ഫിർഔന് എന്നൊരു നിയമം ഉണ്ടാക്കി. അത് ഇന്നും നിലനില്‍ക്കുന്നു. ഇമാംമാരുടെ നിലംമാത്രം ഫിർഔന്‍റേതായില്ല.

യാഖൂബിൻറെ അന്ത്യാഭിലാഷം

27യിസ്രായിലാഹ് ഈജിപ്തിലെ ഗോഷെന്‍ ദേശത്തു പാര്‍ത്തു. അവര്‍ക്ക് അവിടെ ധാരാളം സ്വത്തുണ്ടായി. അവര്‍ സന്താന സമൃദ്ധിയുള്ളവരായി പെരുകി. 28യാഖൂബ് ഈജിപ്തില്‍ പതിനേഴുവര്‍ഷം ജീവിച്ചു. യാഖൂബിൻറെ ആയുഷ്‌കാലം നൂറ്റിനാല്‍പത്തിയേഴു വര്‍ഷമായിരുന്നു.

29മരണസമയമടുത്തപ്പോള്‍ യിസ്രായിലാഹ് യൂസുഫിനെ വിളിച്ചു പറഞ്ഞു: നിനക്ക് എന്നില്‍ പ്രീതിയുണ്ടെങ്കില്‍ എന്നോടു വിശ്വസ്തമായും സത്യസന്ധമായും പ്രവര്‍ത്തിക്കാമെന്ന്, എന്‍റെ തുടയ്ക്കുകീഴെ കൈവച്ച് സത്യംചെയ്യുക. എന്നെ ഈജിപ്തില്‍ സംസ്‌കരിക്കരുത്. 30എനിക്ക് എന്‍റെ പിതാക്കന്‍മാരോടൊപ്പം വിശ്രമിക്കുന്നതിന് എന്നെ ഈജിപ്തില്‍നിന്നു കൊണ്ടുപോയി അവരുടെ ഖബർസ്ഥാനിൽ അടക്കുക. യൂസുഫ് സമ്മതിച്ചു: അങ്ങു പറഞ്ഞതുപോലെ ഞാന്‍ ചെയ്യാം. 31എന്നോടു സത്യം ചെയ്യുക; അവന്‍ ആവശ്യപ്പെട്ടു. യൂസുഫ് സത്യം ചെയ്തു. അപ്പോള്‍ യിസ്രായിലാഹ് കട്ടില്‍ത്തലയ്ക്കല്‍ ശിരസ്‌സു നമിച്ചു.