സൂറ അൽ-വജ്ഹ 12:1-8
ഇബ്രാമിനെ വിളിക്കുന്നു
12 1അള്ളാഹു ഇബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചു തരുന്ന നാട്ടിലേക്കു പോവുക. 2ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്വരമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. 3നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും.
4അള്ളാഹുവിന്റെ കല്പന പ്രകാരം ഇബ്രാം യാത്ര ആരംഭിച്ചു. ലൂത്ത് നബി (അ) അവന്റെ കൂടെ തിരിച്ചു. ഹാരാന്‍ ദേശത്തോടു വിട പറഞ്ഞപ്പോള്‍ ഇബ്രാമിനു എഴുപത്തഞ്ചു വയസ്സു പ്രായമായിരുന്നു. 5ഇബ്രാം ബീവി സാറായിയെയും സഹോദര പുത്രന് ലൂത്ത് നബി (അ) യെയും കൂടെക്കൊണ്ടു പോയി. ഹാരാനില്‍ തങ്ങള്‍ നേടിയ സമ്പത്തും ആളുകളുമായി അവര്‍ കാനാന്‍ ദേശത്തേക്കു പുറപ്പെട്ട്, അവിടെ എത്തിച്ചേര്‍ന്നു. 6ഇബ്രാം ആ ദേശത്തിലൂടെ സഞ്ചരിച്ച് ഷെക്കെമില്‍, മോറെയുടെ ഓക്കുമരം വരെ എത്തി. അക്കാലത്തു കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്നു. 7അള്ളാഹു ഇബ്രാമിനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: ഈ നാടു നിന്റെ സന്തതികള്ക്കു ഞാന്‍ കൊടുക്കും. തനിക്കു പ്രത്യക്ഷപ്പെട്ട അള്ളാഹുവിന് ഇബ്രാം അവിടെ ഒരു ഖുർബാനിപീഠം പണിതു. 8അവിടെ നിന്ന് അവന്‍ ബഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേക്കു കടന്ന്, അവിടെ ബഥേലിനു കിഴക്കും ആയിക്കു പടിഞ്ഞാറുമായി താവളമടിച്ചു. അവിടെ ഒരു ഖുർബാനിപീഠം പണിത്, അള്ളാഹുവിന്റെ നാമം വിളിച്ചു.
സൂറ അൽ-വജ്ഹ 15:1-6
ഇബ്രാഹിമുമായി ഉടമ്പടി
15 1ഇബ്രാമിനു ദര്ശനത്തില് അള്ളാഹുവിന്‍െറ അരുളപ്പാടുണ്ടായി: ഇബ്രാമേ, ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു പരിചയാണ്. നിന്‍െറ പ്രതിഫലം വളരെ വലുതായിരിക്കും. 2ഇബ്രാം ചോദിച്ചു: റബ്ബില്‍ ആലമീനായ തമ്പുരാനേ, സന്താനങ്ങളില്ലാത്ത എനിക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? ദമാസ്കസുകാരന്‍ ഏലിയേസറാണ് എന്‍െറ വീടിന്‍െറ അവകാശി. 3ഇബ്രാം തുടര്‍ന്നു: എനിക്കൊരു സന്താനത്തെ അവിടുന്നു തന്നിട്ടില്ല. എന്‍െറ വീട്ടില്‍പ്പിറന്ന ദാസരില്‍ ഒരുവനായിരിക്കും എന്‍െറ അവകാശി. 4വീണ്ടും അവനു അള്ളാഹുവിന്‍െറ അരുളപ്പാടുണ്ടായി: നിന്‍െറ അവകാശി അവനായിരിക്കുകയില്ല; നിന്‍െറ മകന് തന്നെയായിരിക്കും. 5അവിടുന്ന് അവനെ പുറത്തേക്കു കൊണ്ടു വന്നിട്ടു പറഞ്ഞു: ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്‍െറ സന്താന പരമ്പരയും അതു പോലെയായിരിക്കും. 6അവന്‍ അള്ളാഹുവില്‍ വിശ്വസിച്ചു. അവിടുന്ന് അത് അവനു നീതീകരണമായി കണക്കാക്കി.
സൂറ അൽ-വജ്ഹ 17:1-7
സുന്നത്ത് കഴിപ്പിക്കല്‍
17 1ഇബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ അള്ളാഹു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ അള്ളാഹുവാണ് ഞാന്‍; എന്‍െറ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക. 2നീയുമായി ഞാന്‍ എന്‍െറ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെ സന്തതികളെ നല്‍കും. 3അപ്പോള്‍ ഇബ്രാം അള്ളാഹുവിന് സുജൂദ് ചെയ്തു. അള്ളാഹു അവനോട് അരുളിച്ചെയ്തു: 4ഇതാ! നീയുമായുള്ള എന്‍െറ ഉടമ്പടി: നീ അനവധി ജനതകള്ക്കു പിതാവായിരിക്കും. 5ഇനിമേല്‍ നീ ഇബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്‍െറ പേര് ഇബ്രാഹീം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. 6നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍ നിന്നു ജനതകള് പുറപ്പെടും. 7രാജാക്കന്മാരും നിന്നില്‍ നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കു ശേഷം നിന്‍െറ സന്തതികളും തമ്മില്‍ തലമുറ തലമുറയായി എന്നേക്കും ഞാന്‍ എന്‍െറ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും നിന്‍െറ സന്തതികള്ക്കും ഇലാഹായിരിക്കും.